കുടുംബസമേതമെത്തി ‘ജയിലർ’ കണ്ട് മുഖ്യമന്ത്രി

ജയിലർ സിനിമ കുടുംബസമേതം തിയേറ്ററിലെത്തി കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാര്യ കമല, മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്, മകൾ വീണ, ചെറുമകൻ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. ശനിയാഴ്ച രാത്രി ലുലുമാളിലെ തിയേറ്ററിലെത്തി മുഖ്യമന്ത്രി കണ്ടത്.

കഴിഞ്ഞദിവസം ചിത്രത്തിലെ വില്ലൻവേഷത്തിലത്തിയ വിനായകന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് മന്ത്രി വി. ശിവൻകുട്ടി രം​ഗത്തെത്തിയിരുന്നു. കൊണ്ടാടപ്പെടേണ്ട ചിത്രമാണ് ജയിലറെന്നും വിനായകന്റെ സിനിമയാണിതെന്നും മന്ത്രി പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

രജനീകാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനംചെയ്ത ചിത്രമാണ് ജയിലർ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമിച്ചത്. ആദ്യമായി മോഹൻലാൽ രജനികാന്തിനൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രജനിയുടെ 169-ാം ചിത്രം കൂടിയാണ് ജയിലർ. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്.

വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെൽസൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലർ. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ. വിജയ് കാർത്തിക് കണ്ണനാണ് ഛായാഗ്രാഹണം. രമ്യ കൃഷ്ണൻ, വിനായകൻ, ശിവ്‌രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനിൽ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

Noora T Noora T :