മകളുടെ കരൾ മാറ്റിവയ്ക്കാനായിരുന്നു ആലോചന, ഇതിനിടയിൽ അപ്രതീക്ഷിതമായി ഹൃദയാഘാതം; 4 ആഴ്ചയോളം ജീവിതത്തിനും മരണത്തിനുമിടയിൽ; സിദ്ദിഖിന് സംഭവിച്ചത് ഇതാണ്

ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് സംവിധായകന്‍ സിദ്ദിഖ് കൊച്ചി അമൃത ആശുപത്രിയില്‍ അന്തരിച്ചത്. ന്യൂമോണിയയും കരൾ രോഗബാധയും മൂലം സിദ്ദിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെ തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. എക്മോ സപ്പോർട്ടിലായിരുന്നു അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയത്

4 ആഴ്ചയോളമായി ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപാലത്തിലൂടെ യാത്രയിലായിരുന്നു അദ്ദേഹം. നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് ആയിരുന്നു രോഗം.

കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണു ഡോക്ടർമാർ നിർദേശിച്ചത്. ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെ ന്യുമോണിയ പിടികൂടി. ന്യൂമോണിയ വന്നതോടെ ശ്വാസകോശത്തിന്റെയും കരളിന്റെയും പ്രവർത്തനം താളംതെറ്റി. തുടർന്ന് ഐസിയുവിൽ വെന്റിലേറ്റർ പിന്തുണയിൽ ചികിത്സ തുടർന്നു. വിദഗ്ധ ചികിത്സയെ തുടർന്ന് ആരോഗ്യനില മെച്ചപ്പെടുകയും വെന്റിലേറ്റർ നീക്കി റിക്കവറി ഐസിയുവിലേക്കു മാറ്റുകയും ചെയ്തു. ഒരാഴ്ച മുൻപു കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള നടപടികൾ വീണ്ടും തുടങ്ങി. മകളുടെ കരൾ മാറ്റിവയ്ക്കാനായിരുന്നു ആലോചന.

ഇതിനിടയിൽ അപ്രതീക്ഷിതമായി ഹൃദയാഘാതമുണ്ടായി. തുടർന്ന് ഞായറാഴ്ച രാത്രി മുതൽ കാർഡിയോളജി ഐസിയുവിൽ വെന്റിലേറ്റർ പിന്തുണയോടെ ചികിത്സ നൽകി. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം പൂർണമായി താളംതെറ്റിയതോടെ ജീവൻരക്ഷാ ഉപകരണമായ എക്മോ ഘടിപ്പിച്ചു. ഡയാലിസിസും തുടർന്നിരുന്നു.

ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം താൽക്കാലികമായി നിർവഹിക്കുകയും രക്തത്തിലെ ഓക്സിജന്റെ നില ക്രമീകരിക്കുകയും ചെയ്യുന്ന യന്ത്രമാണിത്. എന്നാൽ എക്മോയുടെ പ്രവർത്തനം കൊണ്ടും സിദ്ദിഖിനെ ജീവിതത്തിലേക്കു മടക്കിയെത്തിക്കാനായില്ല. തുടർന്നു ബന്ധുക്കളുടെ അനുവാദത്തോടെ എക്മോ നീക്കി. ഇന്നലെ രാത്രി 9.10നു മരണം സ്ഥിരീകരിച്ചു. സിദ്ദിഖ് ആരോഗ്യം വീണ്ടെടുത്ത്, മുഖം നിറഞ്ഞ പതിവു ചിരിയോടെ, പതിഞ്ഞ താളത്തിൽ സംസാരിച്ച് തിരികെ വരുമെന്നു കുടുംബാംഗങ്ങളെയും മലയാള സിനിമാ ലോകത്തെയും പോലെ ആരാധകരും കാത്തിരുന്നു, പ്രാർഥിച്ചു. എല്ലാം വെറുതെയായി.

ഗുരുതരാവസ്ഥയിലെന്ന് അറിഞ്ഞതോടെ സുഹൃത്തുക്കളും മലയാള സിനിമാ മേഖലയിലുള്ളവരും ആശുപത്രിയിലേക്കെത്തി. ഉറ്റ സുഹൃത്ത് ലാൽ, ദിലീപ്, കലാഭവൻ അൻസാർ, കെ.എസ്.പ്രസാദ്, സംവിധായകരും സിദ്ദിഖിന്റെ ബന്ധുക്കളുമായ റാഫി, സഹോദരൻ ഷാഫി, സംവിധായകരായ ലാൽ ജോസ്, ബി. ഉണ്ണിക്കൃഷ്ണൻ, മേജർ രവി, അഭിനേതാക്കളായ സിദ്ദിഖ്, റഹ്മാൻ, ഗായകൻ എം.ജി. ശ്രീകുമാർ, സംഗീത സംവിധായകൻ ദീപക് ദേവ്, നിർമാതാക്കളായ ഔസേപ്പച്ചൻ വാളക്കുഴി, സിയാദ് കോക്കർ, സുരേഷ് കുമാർ, ആന്റോ ജോസഫ് ഉൾപ്പെടെയുള്ളവർ ഇന്നലെ ആശുപത്രിയിലെത്തി.

Noora T Noora T :