ടിവി വാര്‍ത്ത ഞാന്‍ കണ്ടില്ല, ഓണ്‍ലൈന്‍ പേജുകള്‍ സെര്‍ച്ച് ചെയ്യുന്നില്ല…. ഇതൊക്കെ കണ്ടാല്‍ ഇന്ന് എനിക്ക് അനങ്ങാന്‍ ആകില്ല. അമ്മമാരുടെ വയറ്റില്‍ മാത്രമാണോ പെണ്‍കുഞ്ഞുങ്ങള്‍ സുരക്ഷിതര്‍; ടിനി ടോം

ആലുവയില്‍ അഞ്ച് വയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് ടിനി ടോം. അമ്മമാരുടെ വയറ്റില്‍ മാത്രമാണോ പെണ്‍കുഞ്ഞുങ്ങള്‍ സുരക്ഷിതര്‍ എന്നും ടിനി ടോം ചോദിക്കുന്നത്. ഒരു ടെലിവിഷന്‍ ഷോയില്‍ പാടിയ ഗാനത്തിന്റെ വീഡിയോ പങ്കുവച്ചു കൊണ്ടാണ് ടിനിയുടെ പോസ്റ്റ്.

വീണ്ടും ഒരു ദുഃഖ വെള്ളി , കുഞ്ഞേ മാപ്പ് (കുഞ്ഞിന്റെ ചിത്രം പോസ്റ്റ് ചെയ്യുന്നില്ല). കാരണം ഒരു അച്ഛന്‍ എന്ന നിലയിലും മനുഷ്യത്വം ഉള്ളവന്‍ എന്ന നിലയിലും (ആലുവക്കാരന്‍ എന്ന നിലയിലും ) എനിക്കോ നിങ്ങള്‍ക്കോ ആ കുഞ്ഞിന്റെ കണ്ണിലേക്കു നോക്കാന്‍ ആകില്ല. ഇന്നലെ ടിവി വാര്‍ത്ത ഞാന്‍ കണ്ടില്ല, ഇന്നത്തെ മുഖപത്രം ഞാന്‍ വായിച്ചില്ല, ഓണ്‍ലൈന്‍ പേജുകള്‍ സെര്‍ച്ച് ചെയ്യുന്നില്ല. ഇതൊക്കെ കണ്ടാല്‍ ഇന്ന് എനിക്ക് അനങ്ങാന്‍ ആകില്ല. അമ്മമാരുടെ വയറ്റില്‍ മാത്രമാണോ പെണ്‍കുഞ്ഞുങ്ങള്‍ സുരക്ഷിതര്‍. ഡോ.വന്ദന ദാസ്, നിമിഷ, ചാന്ദ്‌നി.. ഇനി ഇത് പോലേ ഒരു പോസ്റ്റ് എനിക്ക് ഇടാതിരിക്കാന്‍ കഴിയട്ടേ” എന്നാണ് ഫെയ്‌സ്ബുക്കില്‍ ടിനി ടോം കുറിച്ചിരിക്കുന്നത്.

അതേസമയം അഞ്ചു വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. 5 ദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകാൻ എറണാകുളം ജില്ലാ പൊലീസ് മേധാവിക്കു കമ്മിഷൻ നിർദേശം നൽകി.

കേസിലെ പ്രതി ബിഹാർ സ്വദേശി അസഫാക് ആലമിനെ (28) കസ്റ്റഡിയിൽ വാങ്ങാനായി പൊലീസ് നൽകിയ അപേക്ഷ എറണാകുളം പോക്സോ കോടതി ഇന്നു പരിഗണിക്കും. മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിൽ തിരിച്ചറിയൽ പരേഡ് നടത്താൻ കോടതി അനുവാദം നൽകിയിട്ടുണ്ട്. വിവിധയിടങ്ങളിൽ കുട്ടിയെയും പ്രതിയെയും ഒരുമിച്ചു കണ്ടവരോടു തിരിച്ചറിയൽ പരേഡിനു ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

പോക്സോ നിയമത്തിലെ 4 വകുപ്പുകൾക്കു പുറമേ ഉപദ്രവിക്കണമെന്നും കൊലപ്പെടുത്തണമെന്നുമുള്ള ഉദ്ദേശ്യത്തോടെ തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, ലൈംഗികമായി ഉപദ്രവിക്കൽ, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

Noora T Noora T :