‘‘പൊന്നുമോളെ, മാപ്പ്’’; സുരാജ് വെഞ്ഞാറമ്മൂട്

ആലുവയില്‍ അഞ്ച് വയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ സിനിമ മേഖലയിൽ നിന്നും പലരും പ്രതികരിച്ച് യിരുന്നു. ഇപ്പോഴിതാ നടൻ സുരാജ് വെഞ്ഞാറമ്മൂട് പ്രതികരിച്ചിരിക്കുകയാണ്. ‘‘പൊന്നുമോളെ, മാപ്പ്’’ എന്നായിരുന്നു സുരാജ് സമൂഹമാധ്യമത്തിൽ കുറിച്ചത്. ചെറിയ ശവപ്പെട്ടികൾക്കാണ് ഭാരം കൂടുതലെന്ന, ഹൃദയം നുറുങ്ങുന്നൊരു വാക്കും സുരാജ് ഇതിനൊപ്പം ചേർക്കുന്നുണ്ട്.

അതേസമയം പോക്സോ നിയമത്തിലേതടക്കം ഒന്‍പത് കുറ്റങ്ങളാണ് പ്രതി ബിഹാറുകാരന്‍ അസഫാക് ആലത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകം, ബാലപീഡനം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ പ്രതിക്കെതിരെ പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം.

മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് സംശയമുണ്ടെന്ന് കുട്ടിയുടെ അച്ഛൻ. പ്രതിക്ക് മരണ ശിക്ഷ കിട്ടണം എന്നാണ് ആഗ്രഹം. തനിക്കും കുടുംബത്തിനും അത് കാണണം. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെങ്കിൽ അവരെ ഉടൻ പുറത്തു കൊണ്ടുവരണം. പ്രതിക്ക് മരണശിക്ഷ കിട്ടിയാലേ കേരളത്തിനും സന്തോഷമുണ്ടാകൂ. തന്റെ മകൾ ഇപ്പോൾ കേരളത്തിന്റെ മകൾ കൂടിയാണ്.

സംസ്ഥാന സർക്കാരിനെതിരെയോ പൊലീസിനെതിരെയോ പരാതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിലും പൊലീസിലും പൂർണ വിശ്വാസമുണ്ട്. തനിക്ക് ആരോടും പരാതിയില്ല. ഈ പ്രതിക്ക് ശിക്ഷ അടക്കം ഉറപ്പാക്കിയ ശേഷമേ നാട്ടിലേക്ക് തിരികെ പോകൂവെന്നും അച്ഛൻ പറഞ്ഞു.

Noora T Noora T :