അറസ്റ്റിലായ മൈക്കിനെ ജാമ്യത്തിലെടുക്കാൻ സ്‌പീക്കറിന് മാത്രേ കഴിയു; പരിഹാസവുമായി നിർമാതാവ്

ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് കേടായതിന് പിന്നാലെ പൊലീസ് കേസെടുത്ത സംഭവത്തില്‍ പരിഹാസവുമായി നിർമാതാവ് സന്ദീപ് സേനൻ. അറസ്റ്റിലായ മൈക്കിനെ ജാമ്യത്തിലെടുക്കാൻ സ്‌പീക്കറിന് (തെറ്റിദ്ധരിക്കേണ്ട കോളാമ്പി , കോളാമ്പി ) മാത്രേ കഴിയൂ എന്ന് സന്ദീപ് സമൂഹമാധ്യമത്തിൽ കുറിച്ചു.

സന്ദീപ് സേനന്റെ വാക്കുകൾ ഇങ്ങനെ

അറസ്റ്റിലായ മൈക്കിനെ ജാമ്യത്തിലെടുക്കാൻ സ്‌പീക്കറിന് (തെറ്റിദ്ധരിക്കേണ്ട കോളാമ്പി , കോളാമ്പി ) മാത്രേ കഴിയു… മൂകരായിരിക്കുന്ന ന്യായികരണ തൊഴിലാളികളുടെ കോളാമ്പി ഫ്രീയാണ് ആർക്കുമെടുത്തുപെരുമാറാം , ഉണരൂ ഉപഭോക്താവെ ഉണരൂ..

തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുവോ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാാണ് സന്ദീപ് സേനൻ.

പൃഥ്വിരാജ് നായകനാകുന്ന ‘വിലായത്ത് ബുദ്ധ’യാണ് സന്ദീപ് നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രം.

അതേസമയം കേസെടുത്തതിൽ വിശദീകരണവുമായി പൊലീസ്. സംഭവത്തിൽ ഒരു പരിശോധന മാത്രമാണ് നടക്കുന്നതെന്ന് പൊലിസ് പറയുന്നു. ഇലക്ട്രിക്കൽ ഇൻസ്പെക്റേറ്റിൽ പരിശോധനക്കയക്കാൻ കേസെടുക്കണം. അത് കൊണ്ടാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പലതരത്തിലുളള അഭ്യൂഹങ്ങൾ വന്നപ്പോൾ പരിശോധിക്കാൻ പൊലിസ് തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് വിശദീകരിക്കുന്നു

മൈക്ക് തകരാറായ സംഭവത്തിൽ കേസെടുത്ത് എഫ്ഐആറിട്ടിരിക്കുകയാണ് പൊലീസ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രതി പ്രവർത്തിച്ചുവെന്നാണ് എഫ്ഐആറിലുള്ളത്. എന്നാൽ എഫ്ഐആറിൽ ആരെയും പ്രതിയാക്കിയിട്ടില്ല. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിൽ ഹൗളിംഗ് വരുത്തി സുരക്ഷാ പ്രശ്നമുണ്ടാക്കിയെന്നും എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് ഇലട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധന നടത്തും. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടത് മനപ്പൂര്‍വമാണോ അതോ സാങ്കേതിക പ്രശ്നമാണോ എന്നാണ് പരിശോധിക്കുക. പരിശോധനയ്ക്ക് ശേഷം മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ വിട്ട് കൊടുക്കുമെന്നും പൊലീസ് വിശദീകരിച്ചു. മൈക്ക് കേടായതിന് കേസെടുത്ത നടപടിയില്‍ പരിഹാസവും പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സാങ്കേതിക പ്രശ്നത്തിന് പൊലീസ് സ്വമേധയാ കേസെടുത്തത് ശരിയായില്ലെന്നാണ് കോണ്‍ഗ്രസ് പക്ഷം. മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് മുദ്രാവാക്യം വിളിച്ചത് അനാദരവായി കാണേണ്ടതില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിരുന്നു. മൈക്കിനെ അറസ്റ്റ് ചെയ്യണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം മുദ്രാവാക്യം വിളിയും മൈക്ക് കേടായതും ആസൂത്രിതമായുള്ള നീക്കത്തിന്‍റെ ഭാഗമാണെന്ന് എതിര്‍വാദങ്ങളും ഉയരുന്നുണ്ട്.

Noora T Noora T :