അധിക്ഷേപം; വിനായകൻ ചോദ്യം ചെയ്യലിന് ഹാജരായില്ല

ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചു ഫെയ്സ്ബുക് ലൈവിട്ട നടൻ വിനായകനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഉമ്മൻചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചുവെന്ന കേസിൽ നടൻ വിനായകൻ ചോദ്യം ചെയ്യലിന് ഹാജരായില്ല. വിനായകനെതിരെ നിരവധി പരാതികൾ എത്തിയതോടെയാണ് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്. പ്രകോപനപരമായി സംസാരിക്കൽ, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. വിനായകന്‍റെ വീടിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം ഉണ്ടായിരുന്നു. ഇതിനെതിരെ വിനായകനും പരാതി നൽകിയിട്ടുണ്ട്.

അതേസമയം, വിനായകന്റെ പേരിൽ കേസെടുക്കേണ്ട കാര്യമില്ലെന്ന് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടി ഉണ്ടായിരുന്നെങ്കിൽ ഇതേ അഭിപ്രായമാവും പറയുകയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. എന്നാൽ, പരാതി പിൻവലിക്കില്ലെന്നാണു കോൺഗ്രസ് പ്രവർത്തകരുടെ നിലപാട്. പരാതിക്കാരിലൊരാളായ കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റ് സനൽ നെടിയതറ ഇന്നലെ നോർത്ത് പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു. വിനായകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

യൂത്ത് കോൺഗ്രസുകാർ തന്റെ വീട് ആക്രമിച്ചു എന്നാരോപിച്ചു വിനായകൻ നോർത്ത് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്ലാറ്റിലെത്തിയ സംഘം ആക്രമണം നടത്തിയെന്നും ജനൽച്ചില്ലുകൾ അടിച്ചു തകർക്കുകയും വാതിൽ തകർക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണു പരാതി. ഈ പരാതിയിൽ ഇനിയും കേസ് റജിസ്റ്റർ ചെയ്തിട്ടില്ലെന്നു നോർത്ത് പൊലീസ് പറഞ്ഞു. വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ വിനായകനെ സിനിമകളിൽ നിന്ന് മാറ്റി നിർത്താൻ ചില സിനിമ സംഘടനകൾ ആലോചിക്കുന്നുണ്ട്.

Noora T Noora T :