കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്! വീണ്ടും ട്വിസ്റ്റിലേക്ക്

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണയ്ക്ക് സുപ്രീംകോടതി അനുവദിച്ച സമയപരിധി ജൂലൈ 31 വരെയാണ്. വിചാരണ നടപടികള്‍ അന്തിമ ഘട്ടത്തിലാണെങ്കിലും നിശ്ചിത സമയപരിധിക്കകം തീരുമോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. കേസിന്റെ വിചാരണയ്ക്ക് കോടതി കൂടുതല്‍ സമയം ചോദിക്കാനാണ് സാധ്യത. രണ്ടാഴ്ച്ചയ്ക്കകം വിചാരണ പൂര്‍ത്തിയാകാന്‍ സാധ്യതയില്ല എന്നാണ് സൂചനകള്‍. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ച് വിചാരണയ്ക്ക് കൂടുതല്‍ സമയം തേടുക. ആറ് മാസം കൂടി അനുവദിച്ചാല്‍ വിചാരണയ്ക്ക് ഗുണകരമാകും. ആഗസ്റ്റ് നാലിന് സുപ്രീംകോടതി കേസിന്റെ പുരോഗതി പരിശോധിക്കും.

2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ കാറില്‍ വച്ച് നടി ആക്രമിക്കപ്പെട്ടത്. ആറ് വര്‍ഷം കഴിഞ്ഞിട്ടും വിചാരണ പൂര്‍ത്തിയായിട്ടില്ല. ഇടക്കാലത്ത് ചില വെളിപ്പെടുത്തലുകളുണ്ടായതും പുതിയ കേസ് രജിസ്റ്റര്‍ ചെയ്തതുമെല്ലാം വിചാരണ വൈകാന്‍ കാരണമായിട്ടുണ്ട്. നേരത്തെ സമാനമായ സാഹചര്യമുണ്ടായപ്പോള്‍ വിചാരണ കോടതി സുപ്രീംകോടതിയെ സമീപിച്ച് കൂടുതല്‍ സമയം തേടുകയായിരുന്നു.

അതേസമയംകേസില്‍ പുതിയ ആവശ്യവുമായി അതിജീവിതയായ നടി രംഗത്ത് എത്തിയിരുന്നു. ആക്രമണത്തിന്റെ ചിത്രങ്ങള്‍ അടങ്ങിയ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിച്ചതില്‍ ശാസ്ത്രീയ അന്വേഷണം വേണമെന്നാണ് അതിജീവിത ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസ് വിചാരണയുടെ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് നടി ഇത്തരമൊരു ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

മെമ്മറി കാർഡ് വിവോ മൊബൈൽ ഫോണിലിട്ട് പരിശോധിച്ചതടക്കമുള്ളതിൽ ശാസ്ത്രീയ അന്വേഷണം വേണമെന്നാണ് നടിയുടെ ആവശ്യം. വിവിധ സാമൂഹിക മാധ്യമങ്ങളുടെ അക്കൗണ്ടുകളുള്ള ഫോണിലാണ് മെമ്മറി കാർഡ് ഉപയോഗിച്ചത്. ഈ സമയത്ത് ദൃശ്യങ്ങള്‍ കൈമാറ്റം ചെയ്യാനുള്ള സാധ്യതയുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലടക്കം വന്നാലുള്ള പ്രത്യാഘാതം വലുതായിരിക്കുമെന്നും അതിജീവിതയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.

സുപ്രീംകോടതി അഭിഭാഷകനായ ഗൗരവ് അഗർവാളാണ് നടിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. കാർഡ് അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണമാവശ്യപ്പെട്ട് അതിജീവിത നേരത്തേ നൽകിയ ഹർജിയാണ് കഴിഞ്ഞ ദിവസം ജസ്റ്റിസ് കെ. ബാബുവിന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്. വിഷയത്തില്‍ തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ ദിലീപിന്റെ അഭിഭാഷകൻ സമയം തേടി. ഇതോടെ അടുത്തമാസം ഏഴിന് പരിഗണിക്കാനായി ഹർജി മാറ്റി.

Noora T Noora T :