വ്യാഴാഴ്ച്ച കണ്ടകശനി, ജീവിതം മാറ്റിമറിച്ചു; റെയ്ഡിന് പിന്നാലെ ആ പ്രതികരണം

വ്യാഴാഴ്ച്ച ദിവസം യൂട്യൂബേഴ്സിനെ സംബന്ധിച്ച് അത്ര നല്ലതായിരുന്നില്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. കേരളത്തിലെ പ്രമുഖ യൂട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും വ്യാഴാഴ്ച്ച ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. വരുമാനത്തിനനുസരിച്ച് കൃത്യമായി നികുതി അടയ്ക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് റെയ്ഡ്. പേളി മാണി, ഷസാം, എം ഫോർ ടെക്ക്, അൺബോക്സിങ്ങ് ഡ്യീട്ട്, തുടങ്ങിയ പത്തോളം യൂട്യൂബർമാർക്കെതിരെ ആയിരുന്നു നടപടി.

ഇപ്പോഴിതാ യൂട്യൂബേഴ്സ് തന്നെ സംഭവം വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ എത്തുകയാണ്.

യൂട്യൂബർമാരായ അർജുൻ, ഷസാം എന്നിവർ പ്രതികരണം അറിയിച്ചിട്ടുണ്ട്. ‘നല്ല റെയ്ഡായിരുന്നു, നല്ലൊരു അനുഭവം’ എന്ന് പറഞ്ഞാണ് ഷസാം വീഡിയോ പങ്കുവച്ചത്. ഷസാമിന്റെ പതിവ് രീതിയിൽ തന്നെ വളരെ ലളിതമായാണ് പ്രശ്നത്തെ കുറിച്ച് ഷസാം വിശദീകരിക്കുന്നത്. ടെക്ക്, സിനിമ റിവ്യൂ എന്നീ കണ്ടന്റുകളാണ് ഷസാം അധികമായും ചെയ്യുന്നത്.

എല്ലാ യൂട്യൂബർമാർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു എന്നാണ് അർജുൻ കുറിച്ചത്. ഒരൊറ്റ വീഡിയോ കൊണ്ട് മില്ല്യൺ ഫോളോവേഴ്സിലേക്ക് എത്തിയ യൂട്യൂബറാണ് അർജ്യൂ. റിയാക്ഷൻ വീഡിയോസാണ് അർജുന്റെ പ്രധാന മേഖല.

ലൈഫ്സ്റ്റൈൽ, ഫാഷൻ, ട്രാവൽ തുടങ്ങി വളരെ രസകരമായ വ്ളോഗുകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് നടിയും അവതാരകയുമായ പേളി മാണി. മകൾ നിലയ്‌ക്കൊപ്പമുള്ള വീഡിയോകളും പേളി ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. 20 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സാണ് പേളിയ്ക്കുള്ളത്. കുറച്ച് നാളുകൾക്ക് മുൻപാണ് പേളി യൂട്യൂബ് കണ്ടന്റുകൾ ചെയ്യുന്നതിനായി സ്വന്തമായൊരു സ്റ്റുഡിയോ ആരംഭിച്ചത്.

‘എല്ലാം നല്ലതു പോലെ പോകുന്നു’ എന്ന കുറിച്ചാണ് പേളി ആരാധകർക്കായി ഇപ്പോൾ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ‘എനിക്ക് തരുന്ന സ്നേഹത്തിനും എന്നിൽ അർപ്പിച്ച വിശ്വാസത്തിനും നന്ദി’യെന്നും പേളി കുറിച്ചിട്ടുണ്ട്. അനവധി പേർ പേളിയ്ക്ക് പിന്തുണ അറിയിച്ച് കൊണ്ട് കമന്റ് ബോക്സിലെത്തി.

അതേസമയം പൊതുയിടത്തിൽ അശ്ലീല ഭാഷ ഉപയോഗിച്ചു, ഗതാഗതം തടസ്സപ്പെടുത്തി എന്ന പേരിൽ ഇന്നലെ അർധരാത്രിയാണ് യൂട്യൂബർ തൊപ്പിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളത്തെ ഫ്ലാറ്റിലെ വാതിൽ തല്ലിപൊളിച്ചാണ് പൊലീസ് അകത്തു കടന്നത്. കസ്റ്റഡിയിലെടുത്ത നിഹാദിനെ പൊലീസ് വളാഞ്ചേരി സ്റ്റേഷനിൽ എത്തിച്ചു. ഇയാളുടെ ലാപ്ടോപ്പ് ഉൾപ്പെടെയുള്ളവ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Noora T Noora T :