നമുക്ക് ഇല്ലായ്മ ഉണ്ടെങ്കില്‍ പോലും മറ്റൊരാള്‍ക്ക് വീതിച്ച് കൊടുക്കുന്ന മനസ്ഥിതിയാണ് നമ്പൂതിരിമാര്‍ക്കുള്ളത്… വിവാദ പ്രസ്താവനയില്‍ കുടുങ്ങി നടന്‍ ബാബു നമ്പൂതിരി

നമ്പൂതിരിമാര്‍ക്കും ബ്രാഹ്‌മിണ്‍സിനും മാത്രമേ അതിഥികളെ ആദരിക്കാനുള്ള കഴിവുള്ളുവെന്ന് നടന്‍ ബാബു നമ്പൂതിരി. ‘നാം 2023 നമ്പൂതിരി മഹാസംഗമം’ എന്ന പരിപാടിയിലാണ് ബാബു നമ്പൂതിരി സംസാരിച്ചത്. നടന്റെ പ്രസംഗത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ബാബു നമ്പൂതിരിയുടെ വാക്കുകള്‍:

നാരായണന്‍ നമ്പൂതിരി അദ്ദേഹത്തിന്റെ അടുത്താണ് ഞാന്‍ ഇരുന്നത്. നാരായണന്‍ അപ്പന്‍ എന്ന് ഞാന്‍ വിളിക്കട്ടെ. എന്നോട് അദ്ദേഹം കണ്ടപ്പോഴേ ചോദിച്ചത്, ‘കാപ്പി കുടിച്ചോ?’ എന്നാണ്. ഞാന്‍ പറഞ്ഞു കുടിച്ചു. ‘ഇവിടുന്ന് കുടിച്ചോ?’ എന്ന് ചോദിച്ചു. ഇവിടുന്ന് കുടിച്ചില്ല, ഞാന്‍ മൂന്ന് ദോശയും നേന്ത്രപ്പഴവും കഴിച്ചിട്ടാണ് വന്നത്. ഇനി കഴിക്കണോ? വേണ്ട എന്ന് പറഞ്ഞ് അദ്ദേഹം ചിരിച്ചു.

നമ്മുടെ ഒരു ഉപചാരം. നമ്മുടെ കുടുംബത്തിലേക്ക് ഒരാള്‍ വന്നാല്‍ ചെയ്യുന്ന ഒരു രീതിയുണ്ട്, ഇത് എല്ലാവര്‍ക്കുമില്ല. നമ്പൂതിരിമാര്‍ക്കേ ഉള്ളൂ, ബ്രാഹ്‌മിണ്‍സിനെ ഉള്ളൂ, ബ്രാഹ്‌മിണ്‍സിനെന്നല്ല, നമ്മുടെ കേരളത്തിലെ നമ്പൂതിരിമാര്‍ക്കേ ഉള്ളൂ. ഒരാളെ ആദരിക്കുക, ശത്രുവാകട്ടെ മിത്രമാകട്ടെ, വന്നു കേറിയാലുടനെ എന്താ കഴിക്കാന്‍ വേണ്ടത്..

കാപ്പിയുടെ സമയമാണെങ്കില്‍ കാപ്പി, ഊണിന്റെ സമയമാണെങ്കില്‍ ഊണ്, ഊണെന്ന് പറഞ്ഞാല്‍ വിഭവസമൃദ്ധമായ ഊണ് ആയിരിക്കില്ല, നമുക്ക് അറിയാമല്ലോ, ഒരു ഉപ്പിലിട്ടതും സംഭാരവും, ധാരാളം മതി. അപ്പോള്‍ ഞാന്‍ പറഞ്ഞത്, ആദരിക്കാനായി, നമ്മള്‍ ഒരു പടി പോലും പിറകിലല്ല. നമുക്ക് ഇല്ലായ്മ ഉണ്ടെങ്കില്‍ പോലും മറ്റൊരാള്‍ക്ക് വീതിച്ച് കൊടുക്കുന്ന മനസ്ഥിതിയാണ് നമ്പൂതിരിമാര്‍ക്കുള്ളത്.

Noora T Noora T :