എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തക അഖില നന്ദകുമാറിനെതിരെ കേസ് എടുത്ത പൊലീസ് നടപടിയെ വിമര്‍ശിച്ച് ഹരീഷ് പേരടി.
ഹരീഷ് പേരടിയുടെ കുറിപ്പ്:
ഫാസിസം.. മനുഷ്യനില്‍ അര്‍ഹിക്കാത്ത അധികാരം തുടര്‍ച്ചയാവുമ്പോള്‍ ഉണ്ടാകുന്ന മാനസിക വിഭ്രാന്തിയാണ്… ഈ മാനസിക രോഗത്തിന് പ്രത്യേകിച്ച് നിറവും മണവും ഒന്നുമില്ല… അടിച്ചൊതുക്കല്‍, വിലക്കല്‍, കള്ള കേസെടുക്കല്‍, അടിമകളെ നിലനിര്‍ത്തല്‍ ഇതെല്ലാം ഇതിന്റെ പ്രാഥമിക ലക്ഷണങ്ങളാണ്…
അധികാരം സ്വജനപക്ഷപാതമാക്കി മാറ്റുന്ന ആര്‍ക്കും വരാവുന്ന ഗുരതരമായ ക്യാന്‍സര്‍.. ഇന്‍ഡ്യയില്‍ ഇതിന് ആകെ ഒരു മരുന്നേയുള്ളു.. ഭരണഘടന ദിവസം മൂന്ന് നേരം വായിക്കുക… അസുഖം ഭേദമാവുകയും ജനങ്ങള്‍ സന്തോഷവാന്‍മാരാവുകയും ചെയ്യും.. എല്ലാ ഫാസിസ്റ്റുകള്‍ക്കും.. ഭരണഘടനാ സലാം..
അതേസമയം, അഖില നന്ദകുമാറിനെ പ്രതിയാക്കി കേസെടുത്ത പൊലീസ് നടപടിയില്‍ പ്രതിഷേധം ശക്തമാവുകയാണ്. കെയുഡബ്ല്യൂജെ കൊച്ചിയിലും ആര്‍വൈഎഫ് തിരുവനന്തപുരത്തും തെരുവിലിറങ്ങി പ്രതിഷേധിച്ചു. കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് കെയുഡബ്ല്യൂജെ സംസ്ഥാന പ്രസിഡന്റ് വിനീത ആരോപിച്ചു.