വിജയവാഡയിലെ ഒരു തിയേറ്ററിന് തീവെച്ച് ആരാധകര്‍. ജൂനിയര്‍ എന്‍ടിആറിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഹിറ്റ് തെലുങ്ക് ചിത്രം സിംഹാദ്രി വീണ്ടും പ്രദര്ശിപ്പിച്ചതിനിടെയാണ് സംഭവം.
വിജയവാഡയിലെ അപ്സര തിയേറ്ററിലായിരുന്നു ഷോ. ഷോ ആരംഭിച്ചതിന് പിന്നാലെ ആവേശഭരിതരായ ആരാധകര്‍ തീയറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ചതോടെ തീ പടര്‍ന്നു ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
കാണികളെ തിയേറ്ററില്‍ നിന്ന് ഒഴിപ്പിക്കുന്നതും തീ അണയ്ക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. തീപിടിത്തമുണ്ടാകുന്നതിന് മുന്‍പ് ആരാധകര്‍ അകത്ത് പടക്കം പൊട്ടിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ആരാധകര്‍ക്ക് നേരെ രൂക്ഷ പ്രതികരണവുമായി നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്.

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ‘സിംഹാദ്രി’. എന്‍ ടി ആറിന്റെ 40ാം ജന്മദിനത്തോടനുബന്ധിച്ച് തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ചിത്രം റീ റിലീസ് ചെയ്തിരുന്നു.
അതേസമയം ജൂനിയര്‍ എന്‍ ടി ആര് തന്റെ പുതിയ ചിത്രമായ ‘ദേവര’യുടെ ഷൂട്ടിന്റെ തിരക്കിലാണ്. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാന്‍വി കാപൂറാണ് നായിക. സെയ്ഫ് അലിഖാന്, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.