ഫോണ്‍ എറിഞ്ഞുപൊട്ടിച്ചു, ശാരീരികമായി ആക്രമിച്ചു…. ജനങ്ങള്‍ കൂടിയപ്പോള്‍ ലഹരി ഉപയോഗിച്ചതായി പറഞ്ഞു; പോലീസിനെതിരെ നടന്‍ സനൂപ്

കഴിഞ്ഞ ദിവസമായിരുന്നു പൊലീസിനെ അക്രമിച്ച കേസില്‍ നടന്‍ സനൂപും എഡിറ്റര്‍ രാഹുല്‍ രാജും അറസ്റ്റിലായത്

എന്നാല്‍ തങ്ങള്‍ പൊലീസിനെ ആക്രമിച്ചിട്ടില്ല എന്നാണ് സനൂപും രാഹുല്‍ രാജു പറയുന്നത്. പൊലീസ് തങ്ങളെ ഭീഷണിപ്പെടുത്തി എന്നാണ് സനൂപ് പറയുന്നത്.

കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് എറണാകുളം നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത് കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷമായിരുന്നു നടന്റെ പ്രതികരണം. ലഹരി ഉപയോഗിച്ചെന്ന് കുറ്റപ്പെടുത്തിയതിനൊപ്പം സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ഇല്ലാതാക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് സനൂപ് ആരോപിച്ചു.

എറണാകുളത്ത് സിനിമയുടെ ഷൂട്ടിംഗിന് വേണ്ടി വന്നതാണ്. ചിത്രീകരണത്തിന് ശേഷം രാത്രി ഒരു മണിക്ക് കലൂര്‍ ദേശാഭിമാനി ജങ്ക്ക്ഷനില്‍ ചായ കുടിക്കാന്‍ പോയതാണ്. അവിടെ വച്ച് പൊലീസ് വണ്ടിയുടെ രേഖകള്‍ ചോദിച്ചു. എല്ലാം കൃത്യമാണെന്ന് പറഞ്ഞപ്പോള്‍ അടുത്ത ദിവസം സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. അടുത്ത ദിവസം ചിത്രീകരണത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ഇപ്പോള്‍ തന്നെ രേഖകള്‍ കാണിക്കാമെന്ന് പറഞ്ഞപ്പോള്‍ വാഹനം മോഷ്ടിച്ചതാണെന്ന രീതിയില്‍ പൊലീസ് സംസാരിച്ചു. മോഷ്ടിച്ചതാണെന്ന് ആരോപിച്ചപ്പോള്‍ പേടിയായി. ഉടനെ വീഡിയോ ചിത്രീകരിച്ചു.

അത് ഇഷ്ടപ്പെടാതിരുന്ന പൊലീസ് ഫോണ്‍ എറിഞ്ഞുപൊട്ടിച്ച് ശാരീരികമായി ആക്രമിച്ചു. ജനങ്ങള്‍ കൂടിയപ്പോള്‍ ലഹരി ഉപയോഗിച്ചതായി പറഞ്ഞു. സ്റ്റേഷനില്‍ എത്തിയതിന് ശേഷം പൊലീസിനെ തല്ലിയെന്ന ആരോപണം ഉന്നയിച്ചു. എല്ലാം വ്യാജമാണ് എന്നാണ് സനൂപ് പറയുന്നത്. റാസ്പുടിന്‍ ഡാന്‍സിലൂടെ ശ്രദ്ധ നേടിയ താരമാണ് സനൂപ്

Noora T Noora T :