ഡോ.വന്ദനാ ദാസിന്‍റെ വീട്ടിലെത്തി നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപി. ഉച്ചയ്ക്ക് 1.20 ഓടെ കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തിയ അദ്ദേഹം വന്ദനയുടെ അച്ഛന്‍ കെ.കെ മോഹന്‍ദാസിനെയും അമ്മ വസന്തകുമാരിയെയും സന്ദര്‍ശിച്ചു. മകളുടെ വിയോഗത്തിലുണ്ടായ ദുഖത്തില്‍ പങ്കുചേരാന്‍ പ്രമുഖരടക്കം വീട്ടിലെത്തിയിരുന്നെങ്കിലും ആരെയും കാണാൻ വസന്തകുമാരി തയ്യാറായിരുന്നില്ല. എന്നാല്‍ സുരേഷ് ഗോപിയോട് സംസാരിക്കണമെന്ന് വസന്തകുമാരി ആവശ്യപ്പെടുകയായിരുന്നു.
സന്ദർശനത്തിന് ശേഷം മാധ്യമങ്ങളെ അഭിമുഖീകരിച്ച സുരേഷ് ഗോപി വിഷയവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയെ കാണുമെന്ന് വ്യക്തമാക്കി. മുഖ്യമന്ത്രിയോട് ചില കാര്യങ്ങൾ പറയാൻ കുടുംബം തന്നെ ചുമതലപ്പെടുത്തിയെന്നും അവ മുഖ്യമന്ത്രി സന്ദർശിച്ച് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
ആ കുടുംബത്തിന്റെ ജീവിതത്തിൽ അവശേഷിക്കുന്ന സ്വപ്‌നങ്ങൾ പൊലിഞ്ഞു പോയെന്ന് അദ്ദേഹം പറഞ്ഞു. കുഞ്ഞു നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാൻ സാധിക്കില്ല. ദുരന്തത്തെക്കാൾ വലിയ ആഘാതമുണ്ടാകുന്നത് കുടുംബം അവരുടെ വേദന പങ്കുവെക്കുമ്പോഴാണ് എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. സാമൂഹിക ശുദ്ധീകരണം അനിവാര്യമാണ്. സമൂഹം സ്വയം ചില തിരുത്തലുകൾ വരുത്തേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം വന്ദനാ ദാസിനെ പൊലീസ് അറിഞ്ഞുകൊണ്ട് മരണത്തിനു വിട്ടുകൊടുത്തുവെന്ന ആരോപണം സുരേഷ് ഗോപി ഉന്നയിച്ചിരുന്നു. സംഭവത്തിൽ പൊലീസിന് ദീർഘവീക്ഷണം ഇല്ലാതെ പോയെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തുകയായിരുന്നു. സന്ദീപിനെ ഡോക്ടറുടെ അടുത്ത് എന്തുകൊണ്ട് ഒറ്റയ്‌ക്കാക്കിയെന്നു ചോദിച്ച സുരേഷ് ഗോപി, രക്തബന്ധമുള്ള കുട്ടിയായിരുന്നെങ്കിൽ പൊലീസ് അങ്ങനെ ചെയ്യുമായിരുന്നോ എന്നും ചോദിച്ചു.
‘ആ വന്ന പൊലീസുകാരിൽ ഒരാളുടെ, അല്ലെങ്കിൽ എല്ലാവരുടെയും ഒരു അടുത്ത ബന്ധുവും രക്തബന്ധമുള്ള കുട്ടിയുമായിരുന്നു ആ ഡോക്ടറെങ്കിൽ അവർ ഈ പറയുന്ന 50 മീറ്റർ അല്ലെങ്കിൽ 100 മീറ്റർ വിട്ടു നിൽക്കുമായിരുന്നോ? എന്റെ പെങ്ങളുടെ മോളാണ് എന്നൊരു ബോധ്യം അവർക്ക് സത്യത്തിൽ ഉണ്ടായിരുന്നെങ്കിൽ, അവർ അവളെ ഒറ്റയ്ക്കു വിട്ടിട്ട് പോകുമായിരുന്നോ? അവിടെ നിയമം പറയുമായിരുന്നോ? ഇത്രയും മാത്രമേ എനിക്ക് ആ ഉദ്യോഗസ്ഥരോടു ചോദിക്കാനുള്ളൂ.’ – സുരേഷ് ഗോപി പറഞ്ഞിരുന്നു
നടന്‍ മമ്മൂട്ടി, മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ അടക്കമുള്ളവര്‍ വന്ദനാദാസിന്‍റെ വീട്ടിലെത്തിയിരുന്നു.