ഡോക്ടർ വന്ദനക്ക് സംഭവിച്ചത് ഏറെ നിർഭാഗ്യകരവും വേദനാജനകവുമാണ്. കുടുംബത്തിന്‍റെ വേദനയിൽ ഞാനും എന്‍റെ കുടുംബവും പങ്ക് ചേരുന്നു; പ്രതികരിച്ച് ഷെയിൻ നിഗം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദനയെ ഡ്യൂട്ടിക്കിടെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടൻ ഷെയിൻ നിഗം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്‌റെ പ്രതികരണം.

‘നമ്മുടെ ജീവൻ രക്ഷിക്കുന്ന ദൈവത്തിന്‍റെ കൈകളാണ് ഡോക്ടർമാർ, നഴ്സുമാർ അടങ്ങുന്ന ആരോഗ്യപ്രവർത്തകർ എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ഡോക്ടർ വന്ദനക്ക് സംഭവിച്ചത് ഏറെ നിർഭാഗ്യകരവും വേദനാജനകവുമാണ്. കുടുംബത്തിന്‍റെ വേദനയിൽ ഞാനും എന്‍റെ കുടുംബവും പങ്ക് ചേരുന്നു. കൊലപാതകിക്ക് എറ്റവും വലിയ ശിക്ഷ ഉറപ്പാക്കാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ്’.- ഷെയ്ൻ ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്നലെ പുലർച്ചെ നാലരയോടെ വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച സ്കൂൾ അധ്യാപകന്റെ കുത്തേറ്റാണ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടത്. മറ്റ് 2 പേർക്കു കുത്തേറ്റു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ, മുട്ടുചിറ സ്വദേശിനി ഡോ. വന്ദനദാസ് (23) ആണ് മരിച്ചത്. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ പുലർച്ചെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Noora T Noora T :