സിനിമയിലെ ബ്ലാക്ക് ആന്റ് വൈറ്റ് കാലം മുതല്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ഒരുപാട് പേരുടെ കഥകളറിയാം, അവരെല്ലാം ലഹരി ഉപയോഗിച്ചിട്ടാണോ? പ്രതികരിച്ച് എസ്.എന്‍ സ്വാമി

യുവ നടന്‍മാര്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് നടന്‍ ടിനി ടോം പരസ്യമായി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം തടയാനായി ഷാഡോ പൊലീസിനെ വിന്യസിക്കാൻ കേരള പോലീസ് തീരുമാനിച്ചത്. ഇപ്പോഴിതാ ഷാഡോ പൊലീസിനെ വിന്യസിക്കാനുള്ള നടപടിക്കെതിരെ എസ്.എന്‍ സ്വാമി.

സിനിമാ സെറ്റില്‍ സ്വകാര്യതയുണ്ട്. പൊലീസ് ഇടപെടല്‍ സംവിധായാകന് ബുദ്ധിമുട്ടുണ്ടാക്കും. വ്യക്തികളുണ്ടാക്കുന്ന പ്രശ്ങ്ങളെ, മൊത്തം സിനിമയുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത വിധം പരിഹരിക്കണം എന്നാണ് എസ്.എന്‍ സ്വാമി പറയുന്നത്.യുവ നടന്‍മാരെല്ലാം ലഹരിക്ക് അടിമകളാണെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും സംവിധായകന്‍ ചോദിക്കുന്നുണ്ട്. സിനിമയിലെ ബ്ലാക്ക് ആന്റ് വൈറ്റ് കാലം മുതല്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ഒരുപാട് പേരുടെ കഥകളറിയാം. അവരെല്ലാം ലഹരി ഉപയോഗിച്ചിട്ടാണോ?

ലഹരിയാണ് നടന്മാരുടെ ചില പെരുമാറ്റങ്ങള്‍ക്ക് കാരണമെന്ന് എങ്ങനെ ഉറപ്പിക്കാന്‍ പറ്റും? ലഹരിയാണെന്ന് പറയാന്‍ എളുപ്പമാണ്. ഓരോ കേസുകളും അതിന്റെ മെറിറ്റില്‍ വേണം പരിശോധിക്കാന്‍. നിര്‍മ്മാതാവിന്റെ അനുഭവം പറയാന്‍ അയാള്‍ക്ക് അവകാശമുണ്ട്.

തിരിച്ച് ആരോപണവിധേയന് അയാളുടെ ഭാഗം പറയാനും അവകാശമുണ്ട്. ഇത് കേട്ടതിന് ശേഷമല്ലേ തീരുമാനം പറയാന്‍ പറ്റൂ? ഓരോ കേസും പരിഹരിച്ച് പോവുക എന്നതാണ് ശരിയായ രീതി. യുവനടന്മാരെ മൊത്തം അടച്ചാക്ഷേപിക്കുന്നതിനോട് യോജിപ്പില്ല എന്നാണ് എസ്.എന്‍ സ്വാമി ഒരു മാധ്യമത്തിന്
നൽകിയ അഭിമുഖത്തില്‍ പറയുന്നത്.

Noora T Noora T :