വിവാദം ആളിക്കത്തവെ ‘ദ കേരള സ്റ്റോറിക്ക്’ സെന്‍സര്‍ ബോര്‍ഡിന്‍റെ പ്രദര്‍ശാനുമതി

ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ‘ദ കേരള സ്റ്റോറിക്ക്’ സെന്‍സര്‍ ബോര്‍ഡിന്‍റെ പ്രദര്‍ശാനുമതി. എ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്. ചിത്രത്തിന്റെ നിര്‍മാതാവ് വിപുല്‍ അമൃതലാല്‍ ഷായാണ് ഇക്കാര്യം പുറത്ത വിട്ടത്.

ഒപ്പം ചിത്രത്തിന്‍റെ വിവിധ ഇടങ്ങളിലായി സംഭാഷണങ്ങള്‍ അടക്കം പത്ത് മാറ്റങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡ് മാറ്റം നിര്‍ദേശിച്ച ഭാഗങ്ങള്‍ ഇങ്ങനെയാണ്. തീവ്രവാദികള്‍ക്കുള്ള ധനസഹായം പാകിസ്താന്‍ വഴി അമേരിക്കയും നല്‍കുന്നു എന്ന സംഭാഷണം. ഹിന്ദുക്കളെ അവരുടെ ആചാരങ്ങള്‍ ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല എന്ന സംഭാഷണ ഭാഗം. ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ അവസരവാദിയാണ് എന്ന പറയുന്നിടത്ത് നിന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് എന്നതില്‍ ഇന്ത്യന്‍ എന്ന് നീക്കം ചെയ്യണം. അവസാനം കാണിക്കുന്ന തീവ്രവാദത്തെ പരാമര്‍ശിക്കുന്ന മുന്‍മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് പറയുന്നു.

കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സംവിധായകൻ സുദീപ്തോ സെൻ രം​ഗത്തെത്തി. 32000 അല്ല അതിലധികം ഉണ്ടാകും മതം മാറി കേരളത്തിൽ നിന്നും ഐഎസിൽ പോയവരുടെ എണ്ണമെന്ന് സുദീപ്തോ സെൻ പറഞ്ഞു. ഇങ്ങനെ ഉള്ള ആറായിരത്തോളം കേസുകൾ പഠിച്ചാണ് സിനിമ ഉണ്ടാക്കിയതെന്നും സംവിധായകൻ പറഞ്ഞു. സിനിമ കണ്ട ശേഷം വേണം രാഷ്ട്രിയക്കാർ വിമർശിക്കാനെന്നും സംവിധായകൻ കൂട്ടിച്ചേർത്തിരുന്നു.

കേരളത്തില്‍ നിന്നും കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി ഇന്ത്യക്കകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്നാണ് ചിത്രം പറയുന്നത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ ഈ സിനിമ സംഘപരിവാറിന്റെ ഗൂഡാലോചനയാണെന്നാരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുളള നേതാക്കള്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Noora T Noora T :