ഇടവേള ബാബു ‘അമ്മ’ യുടെ ജനറല്‍ സെക്രട്ടറി ആണ്… അദ്ദേഹം ചെല്ലുന്നതു തന്നെ സംഘടനയുടെ എല്ലാവരും പോയതു പോലെയാണ്, പിന്നെ സൂപ്പര്‍ സ്റ്റാറുകള്‍ എത്തിയില്ല എന്ന് പറയുന്നതില്‍ എന്ത് അര്‍ഥം ആണ് ഉള്ളത്; ലളിതശ്രീ

മാമുക്കോയയ്‌ക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്ന് സംവിധായകൻ വി.എം. വിനു പറഞ്ഞത് വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. പലരും വരുമെന്ന് കരുതിയെന്നും പക്ഷേ വന്നില്ല, എറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നുവെന്ന് അനുസ്മരണ സമ്മേളനത്തിൽ സംവിധായകൻ പറഞ്ഞിരുന്നു

അദ്ദേഹത്തിന് അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ പ്രതികരിച്ച് നടി ലളിതശ്രീ. നാളെ താന്‍ ചെന്നൈയില്‍ മരിച്ചാല്‍ സൗകര്യപ്പെടുന്നവരെ വരുകയുള്ളു എന്നും അതു കൊണ്ടു മാത്രം ലളിതശ്രീയെ അവഗണിച്ചു എന്ന് പറയാമോ എന്നാണ് നടി ചോദിക്കുന്നത്.

ലളിതശ്രീയുടെ വാക്കുകള്‍:

വളരെ ഖേദഃപൂര്‍വമാണ് ഞാന്‍ ഇക്കാര്യം അറിയിക്കുന്നത്. ഓണ്‍ലൈന്‍ മീഡിയയില്‍ മാമുക്കോയ മരിച്ചിട്ട് ആരും പോയില്ല, നടി-നടന്മാര്‍ വന്നില്ല, അദ്ദേഹത്തിന്റെ വിയോഗത്തില്‍ ആരും എത്തിയില്ല, മരിക്കുന്നതു കൊച്ചിയില്‍ ആയിരുന്നെങ്കില്‍ എന്നൊക്കെ വായില്‍ തോന്നിയത് പറഞ്ഞു പരത്തിയതും പരത്തുന്നതും കണ്ടു. മലയാള സിനിമയില്‍ നടീനടന്മാരുടെ സംഘടന അങ്ങനെ ആരെയും തരംതിരിച്ചു കാണാറില്ല എന്ന് ശക്തമായ ഭാഷയില്‍ പറയുന്നു.

ഞാന്‍ ആ സംഘടനയില്‍പ്പെട്ട ആളാണ്. ഇടവേള ബാബു പോയിരുന്നു. ഇടവേള ബാബു ‘അമ്മ’ എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി ആണ്. അദ്ദേഹം ചെല്ലുന്നതു തന്നെ ‘അമ്മ’ സംഘടനയുടെ എല്ലാവരും പോയതു പോലെയാണ്. പിന്നെ സൂപ്പര്‍ സ്റ്റാറുകള്‍ എത്തിയില്ല എന്ന് പറയുന്നതില്‍ എന്ത് അര്‍ഥം ആണ് ഉള്ളത്. വെറുതെ ഒരു ക്യാമറ കിട്ടിയാല്‍ വല്ലതും വിളിച്ചു പറഞ്ഞാല്‍ ഓണ്‍ലൈനില്‍ വൈറല്‍ ആവാം എന്ന വ്യാമോഹമാണ് ഇതുപോലുള്ള പ്രചരണങ്ങള്‍ക്കു പിന്നില്‍.

പിന്നെ ഒരു കാര്യം ശക്തമായി പറയുന്നു. സൂപ്പര്‍ സ്റ്റാര്‍സിനുള്ള ആരാധകര്‍ ഇതു കണ്ടു അവരെ തെറ്റിദ്ധരിക്കില്ലെന്നു തീര്‍ച്ച. എന്തിനും ഏതിനും ‘അമ്മ’ എന്ന സംഘടനയുടെ മെക്കിട്ടു കേറല്‍ അവസാനിപ്പിക്കുക. നാളെ ഞാന്‍ ചെന്നൈയില്‍ മരിച്ചാല്‍ സൗകര്യപ്പെടുന്നവരെ വരുകയുള്ളു. അതു കൊണ്ടു ലളിതശ്രീയെ അവഗണിച്ചു എന്ന് പറയാമോ? കുറച്ചു പേരെങ്കിലും ഈ കുറിപ്പ് വായിച്ച് മനസ്സിലാക്കുക.

Noora T Noora T :