ജനങ്ങളുടെ നെഞ്ചത്തടിച്ച് കയറ്റിയ കുറേ മഞ്ഞക്കല്ലുകള്‍ അങ്ങ് തൊലഞ്ഞു; അതുതന്നെയാണ് ഏറ്റവും വലിയ ഐശ്വര്യം; സുരേഷ് ഗോപി

കഴിഞ്ഞ ദിവസമായിരുന്നു കേരളത്തെ അതിശയിപ്പിച്ച് വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ വന്നത്. ട്രെയിനിന് തിരുവനന്തപുരത്ത് വന്‍ സ്വീകരണമാണ് ഒരുക്കിയത്. ബിജെപി പ്രവര്‍ത്തകര്‍ പുഷ്പവൃഷ്ടി നടത്തിയാണ് സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരനും പങ്കെടുത്തു. നിരവധി പേര്‍ ട്രെയിന്‍ കാണാനും ഫോട്ടോ എടുക്കാനും തിക്കിത്തിരക്കി.

ഇപ്പോഴിതാ വന്ദേഭാരതിന്റെ വരവില്‍ പ്രതികരിച്ച് നടന്‍ സുരേഷ് ഗോപി. ജനങ്ങളുടെ നെഞ്ചത്തടിച്ച് കയറ്റിയ കുറേ മഞ്ഞക്കല്ലുകള്‍ അങ്ങ് തൊലഞ്ഞുവെന്നും അതുതന്നെയാണ് ഏറ്റവും വലിയ ഐശ്വര്യമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

ആധുനിക സൗകര്യങ്ങളുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ കേരളത്തിന് അനുവദിച്ചെങ്കിലും വളരെ കുറഞ്ഞ വേഗതയിലാകും ഇത് സഞ്ചരിക്കുകയെന്നാണ് റെയിൽവെ അധികൃതർ നൽകുന്ന വിവരം. നിലവിൽ ഈ റൂട്ടിലുള്ള മറ്റു ട്രെയിനുകളുമായി താരതമ്യം ചെയ്യു​മ്പോൾ 25 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ മാത്രമാണ് ലാഭിക്കാൻ കഴിയുക. ടിക്കറ്റ് നിരക്കാകട്ടെ നിലവിലുള്ള എ.സി ട്രെയിനുക​ളേക്കാൾ ഇരട്ടി​യിലേറെ നൽകുകയും വേണം.

മണിക്കൂറില്‍ 160 കിലോമീറ്ററാണ് രാജ്യത്തെ വന്ദേ ഭാരതിന്റെ പ്രഖ്യാപിത വേഗത. എന്നാൽ 500 കി.മീ ​ദൈർഘ്യമുള്ള കണ്ണൂർ -തിരുവനന്തപുരം റൂട്ട് പിന്നിടാൻ വന്ദേ ഭാരതിന് 7.30 മണിക്കൂർ എടുക്കുമെന്നാണ് ഇപ്പോൾ ലഭ്യമായ വിവരം. യാത്രാ ഷെഡ്യൂൾ റെയിൽവെ പുറത്തുവിട്ടാൽ മാത്രമേ ഇക്കാര്യം അന്തിമമായി പറയാൻ കഴിയൂ.

അതേസമയം, കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിന്‍ കൊച്ചുവേളി യാര്‍ഡിലേക്കു മാറ്റി.
ട്രെയിന്‍ ഓടിത്തുടങ്ങുന്നതുവരെ കൊച്ചുവേളി യാര്‍ഡിലായിരിക്കും നിര്‍ത്തിയിടുക. ഫ്‌ളാഗ്ഓഫിന് മുമ്പ് ആവശ്യമെങ്കില്‍ ട്രെയല്‍ റണ്‍ നടത്തുമെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു. തിരുവനന്തപുരത്തുനിന്നു കണ്ണൂരിലേക്കുള്ള സര്‍വീസ് 25ന് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും. സര്‍വീസ് മംഗലാപുരത്തേക്ക് നീട്ടുന്നത് പരിഗണനയിലുണ്ട്.

Noora T Noora T :