ഭൂമിയില്‍ എല്ലാവരും ഒരുമിച്ച്, ഒരുപോലെ ജീവിക്കാന്‍ വേണ്ടിയാണ് ദൈവം നമ്മെ ഇവിടേയ്ക്ക് വിട്ടത്; ജാതി അധിക്ഷേപത്തിനെതിരെ പൊട്ടിത്തെറിച്ച് വിജയ് സേതുപതി

ആദിവാസി കുടുംബത്തിന് തിയേറ്ററില്‍ പ്രവേശനം നിഷേധിച്ചവര്‍ക്കെതിരെ പൊട്ടിത്തെറിച്ച് വിജയ് സേതുപതി. വിവേചനം അംഗീകരിക്കാനാകില്ല എന്നും ജാതിയുടെ പേരിൽ ആരേയും അടിച്ചമർത്തുന്നത് ശരിയായ പ്രവർത്തിയല്ല എന്നും വിജയ് സേതുപതി പറഞ്ഞു. ഒരു ചാനലിനോടായിരുന്നു നടന്റെ പ്രതികരണം.

‘മനുഷ്യനെ വേര്‍തിരിച്ചുകാണുന്നതും അവരെ അടിച്ചമര്‍ത്തുന്നതും അംഗീകരിക്കാന്‍ കഴിയില്ല. താഴ്ന്ന ജാതിയാണ് എന്ന് പറഞ്ഞ് മാറ്റി നിര്‍ത്താനും കഴിയില്ല. ഭൂമിയില്‍ എല്ലാവരും ഒരുമിച്ച്, ഒരുപോലെ ജീവിക്കാന്‍ വേണ്ടിയാണ് ദൈവം നമ്മെ ഇവിടേയ്ക്ക് വിട്ടത്, വിജയ് സേതുപതി പറഞ്ഞു.

ചിമ്പു നായകനായ ‘പത്തു തല’ കാണാന്‍ എത്തിയ കുടുംബത്തെയാണ് തിയേറ്ററിനുള്ളില്‍ പ്രവേശിപ്പിക്കാതിരുന്നുത്. ‘നരികുറവ’ എന്ന വിഭാഗക്കാരായ കുടുംബമാണ് ചെന്നൈയിലെ രോഹിണി സിനിമാസില്‍ എത്തിയത്. ഇവരെ നിര്‍ബന്ധപൂര്‍വം തിയേറ്ററിന്റെ മുന്നില്‍ നിന്ന് പിടിച്ചുമാറ്റുന്ന വീഡിയോ വൈറലായിരുന്നു.

ഇത് ആരാധകര്‍ അറിഞ്ഞതോടെ തീയേറ്ററിന് മുമ്പില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. നിമിഷ നേരം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയിലും ഈ സംഭവം വൈറലായി മാറി. ആരാധകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഒടുവില്‍ ഈ കുടുംബത്തെ അധികൃതര്‍ ഹാളിനുള്ളില്‍ പ്രവേശിപ്പിച്ചു.

സിനിമയ്ക്ക് യു/എ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റാണുള്ളത് . 12 വയസ്സിന് താഴെയുള്ള കുട്ടികളെ നിയമപ്രകാരം യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഒരു സിനിമ കാണാന്‍ അനുവദിക്കില്ല. അതുകൊണ്ടാണ് ടിക്കറ്റ് ചെക്കിംഗ് ജീവനക്കാര്‍ പ്രവേശനം നിഷേധിച്ചതെന്നായിരുന്നു ഇവരുടെ വിശദീകരണം.

എന്നാല്‍ തങ്ങള്‍ക്ക് ഇത്തരം അനുഭവം പുതിയതല്ല എന്നും മുന്‍പ് അജിത്ത്-വിജയ് ചിത്രങ്ങള്‍ കാണാന്‍ എത്തിയപ്പോള്‍ ടിക്കറ്റ് വങ്ങി കീറി കളയുന്ന അവസ്ഥ വരെയുണ്ടായിട്ടുണ്ട് എന്ന് സിനിമ കാണാനെത്തിയെ കുടുംബത്തിലെ ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

Noora T Noora T :