ഇന്നസെന്‍റിന്‍റെ സംസ്കാരം ഇന്ന്, രാവിലെ 10 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്കാരം

ഇന്നസെന്‍റിന്‍റെ സംസ്കാരം ഇന്ന്. രാവിലെ 10 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്കാരം. ഇന്നലെ കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും പിന്നീട് ജന്മനാടായ ഇരിങ്ങാലക്കുടയിലെ ടൗൺ ഹാളിലും പൊതുദർശനത്തിന് എത്തിച്ച മൃതദേഹത്തിൽ ആയിരക്കണക്കിനാളുകൾ ആദരാഞ്ജലി അർപ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഇരിങ്ങാലക്കുടയിലെത്തി അന്തിമോപചാരം അർപ്പിച്ചു. പ്രിയ സുഹൃത്തിനെ അവസാനമായി ഒരുനോക്ക് കാണാൻ ചലച്ചിത്രലോകം ഒന്നടങ്കം എത്തി. പ്രിയപ്പെട്ട സഹപ്രവർത്തകന്റെ വിയോഗ വേദനയിൽ പലർക്കും വാക്കുകൾ മുറിഞ്ഞു. രാഷ്ട്രീയ മേഖലയിലെ ഒട്ടേറെ പ്രമുഖരാണ് മുൻ എംപി കൂടിയായിരുന്ന ഇന്നസെന്റിന് അന്തിമാഞ്ജലി നേരാൻ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിയത്.മന്ത്രിമാരായ ആര്‍.ബിന്ദു, കെ രാധാകൃഷ്ണന്‍, എംബി രാജേഷ് തുടങ്ങിയവര്‍ എല്ലാം ഇരിങ്ങാലക്കുട ടൌണ്‍ ഹാളില്‍ എത്തി അന്തിമോപചാരമ‍പ്പിച്ചു.

ഇന്നസെന്‍റിന്‍റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. കാഴ്ചക്കാരുടെ ജീവിതത്തെ നര്‍മം കൊണ്ട് നിറച്ച ഇന്നസെന്റ് എക്കാലവും ഓര്‍മിപ്പിക്കപ്പെടുമെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന ഇന്നസെന്റിന്റെ വിയോഗം പ്രിയപ്പെട്ടവ‍ര്‍ക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല.

Noora T Noora T :