അപകടം നടക്കാൻ പോകുമ്പോൾ അവസാനത്തെ കച്ചി തുമ്പും പിടിച്ച് കേറും എന്നൊരു ചൊല്ലുണ്ട്… എന്തോ അപടകം വരാനിരിക്കുന്നുണ്ടെന്ന തോന്നലിൽ ദിലീപ് നടത്തുന്ന പ്രയോഗമാണ് ഇത്; ബാലചന്ദ്രകുമാർ

നടിയെ ആക്രമിച്ച കേസിൽ കഴിഞ്ഞ ദിവസം വന്ന സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് വീണ്ടും
ബാലചന്ദ്രകുമാർ. ബാലചന്ദ്രകുമാറിനെതിരേയും ദിലീപ് കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ബാലചന്ദ്രകുമാർ‍ രോഗം അഭിനയിക്കുകയാണെന്നായിരുന്നു ദിലീപ് പറഞ്ഞത്. ഇതിനും സംവിധായകൻ മറുപടി നൽകി.

ദിലീപിന്റെ ആരാധകർ എഴുതി ബാലചന്ദ്രകുമാറിന്റെ ശബ്ദമൊക്കെ നഷ്ടപ്പെട്ട് പോയി ഇനി വിചാരണയ്ക്ക് ഹാജരാവില്ലെന്നൊക്കെ പ്രചരിപ്പിച്ചത് കൊണ്ടാണ് മാധ്യമങ്ങളോട് ഞാൻ പ്രതികരിക്കുന്നത്. ദിലീപ് സുപ്രീം കോടതിയിൽ പോയി പറഞ്ഞത് ബാലചന്ദ്രകുമാറിന് ഒരു രോഗവുമില്ല, പുള്ളി ചാനലിന് അഭിമുഖമൊക്കെ കൊടുക്കുന്നുണ്ട് എന്നൊക്കെയാണ്.മൂന്ന് പേജ് വരുന്ന വിശദാംശങ്ങൾ ആണ് ഉള്ളത്.

ദിലീപ് മനസിലാക്കേണ്ടത് എനിക്ക് സംസാരിക്കാൻ ആകില്ലെന്ന് ഏത് കോടതിയേയും ഞാൻ അറിയിച്ചിട്ടില്ല. സംസാരിക്കാൻ കുഴപ്പമില്ല, യാത്ര ചെയ്യാൻ പാടില്ലെന്നാണ് കോടതിയുടെ നിർദ്ദേശം. അതായത് ഇൻഫെക്ഷൻ ഉണ്ടാകാൻ പാടില്ലെന്ന്. ഡയാലിസ് എന്ന വാക്ക് മാത്രം വെച്ചാണ് ദിലീപ് കോടതിയെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചത്.

എന്റെ കഴുത്തിൽ കത്തീഡ്രൽ എന്നൊരു സാധനം ഘടുപ്പിച്ചിട്ടുണ്ട്. ഇത് വെച്ച് യാത്ര ചെയ്യാനാകില്ല. ഇത് സംബന്ധിച്ച ഡോക്ടറുടെ സർട്ടിഫിക്കറ്റ് അടക്കമുള്ള കോടതിയിൽ വിശദമായി തന്നെ ഹാജരാക്കിയിട്ടുണ്ട്. വിചാരണ നീട്ട്ക്കൊണ്ടുപോകാനാണ് പുള്ളി രോഗം അഭിനയിക്കുന്നതെന്നാണ് ആരോപണം. എനിക്ക് അതിന്റെ ആവശ്യം ഇല്ല. വിചാരണ നീണ്ടുപോയാലും ഇല്ലേലും അത് എന്നെ ബാധിക്കില്ല.

സാക്ഷി വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റുമോയെന്ന കാര്യത്തിൽ വിചാരണ കോടതിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. തിരുവനന്തപുരത്തേക്ക് വിസ്താരം മാറ്റുമോ അതോ വീഡിയോ കോൺഫറൻസ് വഴിയാണോ എന്ന കാര്യം കോടതി തീരുമാനിക്കട്ടെ. ആ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.

നടി കേസിൽ ദിലീപിന് ശിക്ഷ ലഭിക്കുമോയെന്നത് എന്റെ വിഷയമല്ല. മഞ്ജു വാര്യരെ വിസ്തരിക്കുമോ ഇല്ലയോ എന്നുള്ളതും എന്റെ വിഷയമല്ല. എന്നിരുന്നാലും പൗരനെന്ന നിലയിൽ നോക്കി കാണുമ്പോൾ മഞ്ജുവിനെ വിസ്തരിച്ചാൽ ദിലീപിന് എന്താണ് പ്രശ്നം? ആരെ വിസ്തരിച്ചാലും ദിലീപിന് എന്താണ് പ്രശ്നം. മഞ്ജു വാര്യർക്ക് തന്നോട് വിരോധം ഉണ്ടെന്നാണ് ദിലീപ് കോടതിയെ അറിയിച്ചത്. അദ്ദേഹത്തിന് എതിരായി എന്തെങ്കിലും പറഞ്ഞേക്കും എന്നതാണ് ദിലീപ് കോടതിയിൽ പറഞ്ഞത്.

മഞ്ജുവിന് ദിലീപിനോട് എന്തെങ്കിലും വൈരാഗ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെയുണ്ടെങ്കിൽ മകളെ ദിലീപിന് വളർത്താൻ കൊടുത്തിട്ട് പോകുമോ? വൈരാഗ്യമുണ്ടെങ്കിൽ മഞ്ജുവിന് എന്തൊക്കെ ചെയ്യാമായിരുന്നു. പക്ഷേ അവർ ഇത്രയും നാൾ മൗനം പാലിച്ചില്ലേ. ദിലീപിന്റേ വാദങ്ങളെല്ലാം വെറും ബാലിശമാണ്. ഇത്തരത്തിൽ കോടതിയെ തെറ്റിധരിപ്പിക്കാനുള്ള ദിലീപിന്റെ ശ്രമം നടക്കാതെ പോയതാണ്.

അപകടം നടക്കാൻ പോകുമ്പോൾ അവസാനത്തെ കച്ചി തുമ്പും പിടിച്ച് കേറും എന്നൊരു ചൊല്ലുണ്ട്. എന്തോ അപടകം വരാനിരിക്കുന്നുണ്ടെന്ന തോന്നലിൽ നടത്തുന്ന പ്രയോഗമാണ്. അല്ലെങ്കിൽ പിന്നെ രോഗം അഭിനയിക്കുകയാണെന്നൊക്കെ കോടതിയിൽ പറയുമോ? നടിക്ക് നീതി കിട്ടുമോയെന്നത് എന്റെ വിഷയമല്ല. നടിക്കാണോ അതോ പ്രതിക്കാണോ എന്ന കാര്യമൊക്കെ കോടതിയാണ് തീരുമാനിക്കേണ്ടത്. കേസിൽ എനിക്ക് എന്തെങ്കിലും പ്രത്യേക താത്പര്യം ഇല്ല, എന്റെ വിഷയം വേറെയാണ്.

Noora T Noora T :