സുപ്രീം കോടതിയിൽ പോകുന്നത് പുനർവിസ്താരത്തിൽ ഡിസ്കൗണ്ട് കിട്ടുമോയെന്ന് നോക്കാനാണ്, ഈ നീക്കങ്ങൾക്ക് പിന്നിൽ എന്തെങ്കിലും ലക്ഷ്യമുണ്ടാകും; പ്രകാശ് ബാരെ

നടിയെ ആക്രമിച്ച കേസിൽ വിചാരണ എന്തുകൊണ്ടാണു നീണ്ടുപോകുന്നതെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു. വിചാരണ ഉടൻ പൂർത്തിയാക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം. സാക്ഷികളുടെ എണ്ണം കൂട്ടിക്കൊണ്ടേയിരിക്കാൻ കഴിയില്ല. ഒരു തവണ വിചാരണ ചെയ്തവരെ പുനർവിചാരണ ചെയ്യുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചു.

അതേസമയം സുപ്രീം കോടതിയുടെ നിരീക്ഷണത്തിൽ ദിലീപിനെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് സംവിധായകൻ പ്രകാശ് ബാരെ. വിചാരണ കോടതിയിൽ കേസ് വൈകിപ്പിക്കുകയും അതേ സമയം സുപ്രീം കോടതിയിൽ പോയി പരാതി പറയുകയും ചെയ്യുകയാണ് ദിലീപ് എന്ന് പ്രകാശ് ബാരെ കുറ്റപ്പെടുത്തി. ഒഎസ് ചാനൽ ചർച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

‘ചെരുപ്പിന്റെ അളവിന് അനുസരിച്ച് കാല് മുറിക്കാൻ പറ്റുമോ? നീതി നടപ്പാക്കുകയെന്നതാണ് ഏറ്റവും പ്രധാനം. നേരത്തേ കേസ് നീട്ടിക്കൊണ്ടുപോകരുതെന്ന ആവശ്യമായിരുന്നു പ്രതിഭാഗത്തിന് ഉണ്ടായിരുന്നത്. കേസിൽ തുടരന്വേഷണം നടക്കാതിരിക്കാനും തെളിവുകൾ ലഭിക്കാതിരിക്കാനുമായിരുന്നു അത്. സാക്ഷികളെ എതിർ വിസ്താരം ചെയ്ത് പരമാവധി തെളിവുകൾ ദുർബലപ്പെടുത്തുകയെന്നത് അവരുടെ ആവശ്യമാണ്’

‘പക്ഷേ അവരാണല്ലോ ഇപ്പോൾ കേസ് നീട്ടിക്കൊണ്ടുപോകുന്നത്. ഒരു സ്ഥലത്ത് കേസ് നീട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും മറുവശത്ത് കുറെ സാക്ഷികളെ ഒഴിവാക്കാനുള്ള ശ്രമം ബോധപൂർവ്വം നടക്കുന്നുണ്ട്. പിന്നെ ഇതൊന്നും ഒരു മത്സരമല്ല. ഹീനമായ കുറ്റകൃത്യമാണ് നടന്നത്. ആരേയും അപരാധി എന്ന് പറയുന്നില്ല. അതേ പോലെ തന്നെ നിങ്ങളും ദിലീപിനെ നിരപരാധി എന്ന് വിളിക്കരുത്’.

‘ദിലീപ് അപരാധിയോ നിരപരാധിയോ എന്ന് തെളിയിക്കപ്പെടാൻ പോകുകയാണ്.ഞാനറിയുന്ന ദിലീപ് ഇങ്ങനെ ചെയ്യില്ലെന്ന് ചിലർ വന്ന് പറയുന്നതും മാധ്യമങ്ങൾ ദിലീപിന് അനുകൂലമായി വാർത്ത നൽകുകയുമൊക്കെ ചെയ്യുന്നത് അയാൾക്ക് വേണ്ടി സ്റ്റേജ് സെറ്റ് ചെയ്യുകയാണ്. നടിയോട് ചെയ്യുന്ന ദ്രോഹമാണത്. കേസിൽ ഒരു അട്ടിമറിയും നടക്കാതെ മുന്നോട്ട് പോകാൻ വേണ്ടി അതിന് കൂടെ നിൽക്കുകയാണ് വേണ്ടത്’.

‘ഏതെങ്കിലും തരത്തിൽ ഈ കേസിൽ ഒരു ഡിസ്കൗണ്ട് കിട്ടുവോ എന്ന് അറിയാനുള്ള ശ്രമങ്ങളാണ് പ്രതിഭാഗത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. കേസ് നീണ്ടു പോകുകയാണെന്ന് പ്രതിഭാഗം വിചാരണ കോടതിയിൽ പരാതി പറയുന്നുണ്ടോ? അവിടെ ഒന്നും നടക്കുന്നില്ലെന്ന് മാത്രമല്ല എതിർ വിസ്താരം ഏറ്റവും നന്നായി നടത്താൻ നോക്കുകയാണ്’

‘അതേസമയം തന്നെ സുപ്രീം കോടതിയിൽ പോകുന്നത് പുനർവിസ്താരത്തിലൊക്കെ എന്തെങ്കിലും ഡിസ്കൗണ്ട് കിട്ടുമോയെന്ന് നോക്കാനാണ്. എന്നാൽ ബാലചന്ദ്രകുമാറിനെ വിസ്തരിക്കേണ്ടെന്ന് കോടതിക്ക് പറയാൻ പറ്റുമോ? എന്നാലും എന്തെങ്കിലും ഒരു ഡിസ്കൗണ്ട് കിട്ടിയാൽ കിട്ടട്ടേയെന്ന് വെച്ചിട്ടുള്ള നീക്കമാണ്’, പ്രകാശ് ബാരെ പറഞ്ഞു.

ദിലീപിന്റെ ഇപ്പോഴത്തെ നീക്കങ്ങൾക്ക് പിന്നിൽ എന്തെങ്കിലും ലക്ഷ്യമുണ്ടാകുമെന്നും അല്ലെങ്കിൽ ഇത്രയേറെ പൈസ മുടക്കി ദിലീപ് സുപ്രീം കോടതിയിലേക്ക് പോകില്ലെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത അഡ്വ പ്രിയദർശൻ തമ്പിയും പ്രതികരിച്ചത്. കാരണം ഇതൊരു റിസ്കി അഫെയറാണ്. കേസിൽ വിചാരണ നടക്കുമ്പോൾ ഹൈക്കോടതിയിലേക്ക് തന്നെ പോകാൻ ഭയക്കും. കാരണം എന്തെങ്കിലും പ്രതികണം നടത്തിയാൽ അത് വിചാരണ കൂടി ബാധിച്ചേക്കും. സുപ്രീം കോടതിയിൽ നിന്നും അനുകൂലമായ ഒരു ഉത്തരവ് ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് ഈ പേകുന്നതെന്നും പ്രിയദർശൻ തമ്പി പറഞ്ഞു.

Noora T Noora T :