ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാർ അപകടത്തിൽപ്പെട്ടു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഉത്തരാഖണ്ഡില്‍ നിന്ന് ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. താരത്തിന് ഗുരുതര പരുക്കേറ്റുവെന്നാണ് പുറത്ത് വരുന്ന വിവരം.
ഇന്ന് രാവിലെയാണ് ഹമ്മദപുർ ഝലിന് സമീപം റൂർകിയിലെ നാർസൻ അതിർത്തിയിൽ വച്ചാണ് കാർ അപകടം ഉണ്ടായത്. കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് തീ പിടിക്കുകയായിരുന്നു. . ഗ്ലാസ് പൊട്ടിച്ചാണ് താരം പുറത്തുകടന്നതെന്ന് പുറത്തുവരുന്ന വിവരം. പന്തിനെ ദില്ലിയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ പ്ലാസ്റ്റിക് സര്‍ജറി നടത്തുമെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യം റൂർകിയിലെ സക്ഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്തിനെ നിലവിൽ ഡെഹ്രാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റാനുള്ള തയാറെടുപ്പിലാണ് ആശുപത്രി അധികൃതർ.
അപകടസമയത്ത് കാറിൽ ക്രിക്കറ്റ് താരം തനിച്ചായിരുന്നെന്നും കാറിന് തീപിടിച്ചതിനെ തുടർന്ന് വാഹനത്തിന്റെ ചില്ലുകൾ തകർത്താണ് രക്ഷപ്പെട്ടതെന്നും ഉത്തരാഖണ്ഡ് പൊലീസ് ഡയറക്ടർ ജനറൽ അശോക് കുമാർ പറഞ്ഞു. അപകടത്തിൽ തലയ്ക്കും കാൽമുട്ടിനും പരിക്കേറ്റു. താരത്തെ ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച പുലർച്ചെ 5:30 ഓടെയാണ് അപകടത്തിൽപ്പെട്ടത്. ഋഷഭ് പന്തിന്റെ ചികിത്സയുടെ മുഴുവൻ ചെലവും സംസ്ഥാനം വഹിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു.