അവതാറിന് വിലക്കില്ല, സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന ഫിയോക്കിന്റെ പ്രസ്താവന വന്നതിന് പിന്നാലെ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് ലിബര്‍ട്ടി ബഷീര്‍

ജയിംസ് കാമറൂണ്‍ ചിത്രം അവതാര്‍; ദ വേ ഓഫ് വാട്ടറിന് കേരളത്തില്‍ വിലക്കെന്നുള്ള വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഫിയോക്കാണ് സിനിമ കേരളത്തിലെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് അറിയിച്ചത്. വിതരണക്കാര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടതാണ് വിലക്കിന് കാരണം.

സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന ഫിയോക്കിന്റെ പ്രസ്താവന വന്നതിന് തൊട്ടു പിന്നാലെ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് പറഞ്ഞ് ലിബര്‍ട്ടി ബഷീര്‍ രംഗത്ത്. അവതാര്‍’ സിനിമയ്ക്ക് വിലക്കില്ല. ഫെഡറേഷന് കീഴിലുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. അവതാറിന്റെ അണിയറപ്രവര്‍ത്തകര്‍ തിയേറ്റര്‍ കളക്ഷന്റെ 60 ശതമാനം ചോദിച്ചു എന്ന കാരണത്താലാണ് ചിത്രത്തിനെതിരെ ഫിയോക്ക് അധികൃതര്‍ രംഗത്തെത്തിയത്.

റിലീസുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി അറിയിക്കാതെ തിയേറ്ററുകള്‍ക്ക് നേരിട്ട് എഗ്രിമെന്റ് അയക്കുകയായിരുന്നുവെന്നും ഫിയോക്കിന് കീഴിലുള്ള തിയേറ്ററുടമകള്‍ അറിയിച്ചിരുന്നു. ഡിസംബര്‍ 16ന് ആണ് സിനിമ റിലീസ് ചെയ്യാനിരിക്കുന്നത്. ‘അവതാര്‍: ദ വേ ഓഫ് വാട്ടര്‍’ ഇന്ത്യയില്‍ ആറ് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ഇംഗ്ലീഷിന് പുറമേ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം മൊഴിമാറ്റി എത്തുന്നത്. 2009-ലായിരുന്നു ആദ്യ ഭാഗം പുറത്തിറങ്ങിയത്.

2000 കോടി മുതല്‍മുടക്കിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. അവതാര്‍ 2ന്റെ കഥ പൂര്‍ണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂണ്‍ പറയുന്നത്. കാമറൂണിനൊപ്പം റിക്ക് ജാഫയും അമാന്‍ഡ സില്‍വറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അവതാറിന്റെ മൂന്നാംഭാഗം 2024 ഡിസംബര്‍ 20 ന് റിലീസ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷ. നാലം ഭാഗം 2026 ഡിസംബര്‍ 18 നും. മൂന്നിനും നാലിനും ശേഷം ശേഷമുള്ള ഭാഗങ്ങള്‍ താന്‍ സംവിധാനം ചെയ്യാന്‍ സാധ്യതയില്ലെന്ന് കാമറൂണ്‍ ഈയിടെ പറഞ്ഞിരുന്നു.

Noora T Noora T :