നിർണ്ണായക ദിനം, നടിയെ കേസ് ഇന്ന് ക്ലൈമാക്സിലേക്ക്? അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതിയില്‍ എല്ലാ കോലാഹലങ്ങൾക്കും പര്യവസാനം

ഇന്ന് നിർണ്ണായക ദിനം. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം രാഷ്ട്രീയ ഉന്നതര്‍ അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റീസ് സിയാദ് റഹ്മാന്‍റെ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. സർക്കാരിനെതിരെ അടക്കം ഗുരുതര ആരോപണം ഉന്നയിച്ചായിരുന്നു അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.

കേസിന്റെ അന്വേഷണം കൃത്യമായി മുന്നോട്ട് പോകുന്നില്ലെന്നും ഭരണമുന്നണിയിൽ നിന്നും ഇടപെടൽ ഉണ്ടാകുന്നുണ്ടെന്നും ആരോപിച്ചായിരുന്നു അതിജീവിതയുടെ ഹർജി. കേസിലെ എട്ടാം പ്രതിയായ ദിലീപിന് രാഷ്ട്രീയ ഉന്നതരുമായി ബന്ധമുണ്ടെന്നും ഇതിലൂടെ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ഹർജിയിൽ അതിജീവിത ആരോപിച്ചിരുന്നു. കേസിൽ തുടരന്വേഷണ കുറ്റപത്രം സമർപ്പിച്ചപ്പോൾ ദിലീപിന്റെ അഭിഭാഷകർക്കെതിരെ അന്വേഷണം ഉണ്ടായിരുന്നില്ല. ഇതിനേയും നടി ഹർജിയിൽ ചോദ്യം ചെയ്തിരുന്നു.

കേസിൽ സാക്ഷികളെ സ്വാധീനിക്കാനായി ദിലീപിന്റെ അഭിഭാഷകർ ഇടപെടൽ നടത്തിയതായുള്ള ആക്ഷേപങ്ങളും ചില ശബ്ദരേഖകളും നേരത്തേ പുറത്തുവന്നിരുന്നു. മാത്രമല്ല ദിലീപിന്റെ മൊബാൽ ഫോൺ മുംബൈയിലെ സ്വകാര്യ ലാബിൽ നിന്നും ശേഖരിക്കാൻ പോയത് അഭിഭാഷകർ ആണെന്നും കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ അഭിഭാഷകർ തന്നോട് ആവശ്യപ്പെട്ടിരുന്നതായി കേസിലെ മാപ്പ് സാക്ഷിയും സൈബർ വിദഗ്ദനുമായ സായ് ശങ്കറും അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.കൊച്ചിയിലെ ആഡംബര ഹോട്ടലിൽ വെച്ചും രാമൻപിള്ളയുടെ ഓഫീസിൽ വെച്ചുമാണ് വിവരങ്ങൾ നീക്കം ചെയ്തത് എന്നായിരുന്നു സായ് ശങ്കറിന്റെ മൊഴി.

കടുത്ത ആരോപണങ്ങൾ അഭിഭാഷകർക്കെതിരെ ഉയർന്നതോടെ നടി തന്നെ നേരിട്ട് ബാർ കൗൺസിലിന് പ്രതിഭാഗം അഭിഭാഷകർക്കെതിരെ പരാതി നൽകിയ സാഹചര്യവും ഉണ്ടായിരുന്നു. എന്നാൽ കേസിന്റെ ഒരു ഘട്ടത്തിൽ പോലും അഭിഭാഷകരെ ചോദ്യം ചെയ്തിരുന്നില്ല. അഭിഭാഷകർക്കെതിരെ അന്വേഷണം വരില്ലെന്ന് ചില രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും പ്രതിക്ക് വിവരം ലഭിച്ചിരുന്നുവെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും അതിജീവിത ഹർജിയിൽ പറയുന്നുണ്ട്.

അതേസമയം അതിജീവിതയുടെ ഹർജിയിൽ ദിലീപും കക്ഷി ചേർന്നിട്ടുണ്ട്. ആരോപണങ്ങളിൽ ദിലീപും മറുപടി സത്യവാങ്മൂലം സമർപ്പിച്ചേക്കും. ഹർജിയിലെ ആക്ഷേപങ്ങൾ തെറ്റാണെന്നാണ് നേരത്തേ സർക്കാർ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം സംബന്ധിച്ചുള്ള നടിയുടെ ഭീതി അനാവശ്യമാണെന്നായിരുന്നു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയത്.

വിചാരണ കോടതിയിൽ തനിക്ക് വിശ്വാസമില്ലെന്നും കോടതി മാറ്റം വേണമെന്നും ഉൾപ്പെടെയുള്ള നടിയുടെ ആവശ്യങ്ങൾ കേസിൽ മേൽക്കോടതി അടക്കം തള്ളി സാഹചര്യത്തിലാണ് ഹർജി ഹൈക്കോടതി പരിഗണികുന്നത്. അതുകൊണ്ട് തന്നെ ഹർജി ഇന്ന് തീർപ്പാക്കിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Noora T Noora T :