നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടിക്കൊണ്ടുപോകരുത് എന്ന ആവശ്യമാണ് ദിലീപിനുള്ളത്. എന്നാൽ വിചാരണ കോടതി ജഡ്ജിയില്‍ നിന്ന് സത്യസന്ധമായ വിചാരണയും വിധിയും നടിയും പ്രതീക്ഷിക്കുന്നില്ല. കേസില്‍ വിചാരണ കോടതി മാറണമന്ന ആവശ്യം നേരത്തെ സുപ്രീംകോടതി തള്ളിയതാണെങ്കിലും പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ ഈ ആവശ്യം വീണ്ടും ഉയർത്താന്‍ സാധിക്കുന്നതാണെന്ന് അഡ്വ. പ്രിയദർശന്‍ തമ്പി . ഒരു ക്രിമിനല്‍ കേസില്‍ നീതി ലഭിക്കുക എന്നുള്ളത് ഇരുപക്ഷത്തിന്റേയും അവകാശമാണ്. മാത്രമല്ല, നീതി നടപ്പാക്കിയാല്‍ പോര അത് നടപ്പിലാക്കപ്പെടുന്നുവെന്ന് മറ്റുള്ളവർക്ക് തോന്നുകയും വേണം.
അതുകൊണ്ടാണ് ഏതെങ്കിലും ജഡ്ജിയുടെ ഭാഗത്ത് നിന്നും പക്ഷപാതപരമായ പ്രവർത്തനങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ആ ജഡ്ജിയുടെ കോടതിയില്‍ നിന്നും മറ്റൊരു കോടതിയിലേക്ക് മാറ്റാനുള്ള നിയമം ക്രിമിനല്‍ പ്രൊസീജ്യർ കോഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അത് ആവശ്യപ്പെടാനുള്ള അവകാശം പ്രതിക്കും ഇരക്കുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്തുകാണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടി ആക്രമിക്കപ്പെട്ട കേസിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ തുടക്കം മുതല്‍ വിചാരണ കോടതിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ട്. ആദ്യ പബ്ലിക്ക് പ്രോസിക്യൂട്ടർ ഉള്ളപ്പോള്‍ തന്നെ കോടതി മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാല്‍ സുപ്രീംകോടതി വരെ പോയിട്ടും അത് സാധ്യമായില്ലെന്ന കാര്യം നമുക്ക് എല്ലാവർക്കും അറിയാമെന്നും പ്രിയദർശന്‍ തമ്പി ചൂണ്ടിക്കാട്ടുന്നു.
അതിന്റെ എല്ലാം അടിസ്ഥാനത്തിലാണ് ഒരു സമയപരിധി വെച്ച് കേസിന്റെ വിചാരണ മുന്നോട്ട് പോയത്. ആ സാഹചര്യത്തില്‍ ഏട്ടാം പ്രതി ഇതാ രക്ഷപ്പെടാന്‍ പോവുന്നുവെന്ന ഘട്ടം എത്തിയപ്പോഴാണ് ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായി ബാലചന്ദ്രകുമാർ രംഗത്തേക്ക് വരുന്നത്. അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ ഈ കേസിന് പുതിയ മാനം നല്‍കി.
ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഈ കേസിന് ഒരുപാട് മുന്നോട്ട് പോവാന്‍ സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലും പ്രോസിക്യൂഷന്‍ മാത്രമല്ല, അതിജീവിത തന്നെ നേരിട്ട് വന്ന് ഈ ജഡ്ജിയില്‍ തനിക്ക് വിശ്വാസമല്ല അവിശ്വാസമാണ് ഉള്ളതെന്ന് അഭിപ്രായപ്പെട്ടു. നേരത്തെ കോടതി മാറ്റം എന്നുള്ളത് തള്ളിയതാണെങ്കിലും പുതിയ സാഹചര്യത്തില്‍ വീണ്ടും കോടതിയെ സമീപിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു
കൂടുതല്‍ ആഴത്തിലുള്ള തെളിവുകള്‍ സമർപ്പിക്കാന്‍ പ്രോസിക്യൂഷനോ, അതിജീവിതയ്ക്കോ സാധിച്ചാല്‍ അത് സംബന്ധിച്ച് അനുകൂലമായ നിലപാട് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വിഷയം വീണ്ടും സുപ്രീംകോടതിയിലേക്ക് തന്നെയാവും പോവുക. അതിനുള്ള അഭിഭാഷകരെ കണ്ടുവെച്ചിട്ടുണ്ടെന്ന് അതിജീവിതയുടെ അഭിഭാഷക തന്നെ വ്യക്തമാക്കുന്നു. തീർച്ചയായും വലിയ നിയമ പോരാട്ടത്തിനാവും നാം സാക്ഷ്യം വഹിക്കുക.
ഹൈക്കൊടതിയില്‍ ഈ കേസുമായി ബന്ധപ്പെട്ട ഒരു ഹർജിയുണ്ട്. രഹസ്യമായി വിചാരണ അവിടെ നടക്കുകയാണ്. അതേ കുറിച്ച് നമുക്ക് കൂടുതല്‍ അറിയാന്‍ സാധിക്കില്ലെങ്കിലും കോടതി മാറ്റം എന്ന ആവശ്യം സുപ്രീംകോടതി തന്നെ നേരത്തെ തള്ളിയതാണെന്ന ആവശ്യം പ്രതിഭാഗം വീണ്ടും ഉന്നയിച്ചേക്കാം. അതുകൊണ്ട് തന്നെ തീർച്ചയായും ഈ ആവശ്യം വീണ്ടും സുപ്രീംകോടതിയിലേക്ക് എത്തിയേക്കുമെന്നും പ്രിയദർശന്‍ തമ്പി വ്യക്തമാക്കുന്നു.
നമ്മള്‍ അങ്ങനെയങ്ങ് നിരാശപ്പെടേണ്ട ആവശ്യമൊന്നും ഇല്ല. നേരത്തേയുള്ള പല കേസുകളും നമുക്ക് ഉദാഹരണങ്ങളായി മുന്നിലുണ്ട്. അവസാന നിമിഷം സത്യം കൂടേയുള്ള വ്യക്തിക്ക് നീതി ലഭിക്കുമെന്ന് തീർച്ചയായും വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. അവർക്ക് നീതി ലഭിക്കും അത്, ഏത് കോടതിയില്‍ വരെ എത്തപ്പെടും എന്നതില്‍ മാത്രമേ സംശയമുള്ളു. എന്നാല്‍ അവസാനം ഇരക്ക് നീതി ലഭിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും പ്രിയദർശന്‍ തമ്പി കൂട്ടിച്ചേർക്കുന്നു