എന്തൊക്കെ കുരുട്ട് ബുദ്ധി ഉപയോഗിച്ച് ഈ കേസിനെ തകർക്കാൻ ശ്രമിച്ചു എന്നതിനുള്ള വ്യക്തമായ തെളിവാണ് ഈ ഗ്രൂപ്പ്… വിചാരണ കോടതി ഇടപെട്ടത് കൊണ്ടാണ് ആരാണ് മെമ്മറി കാർ‍ഡ് ആക്സസ് ചെയ്തത് എന്ന് കണ്ടെത്താത്തത്… ഒരു വിഐപി റാങ്കിലുള്ള ആളാണ് അത് ചെയ്തത് എന്നാണ് തനിക്ക് അറിയാൻ കഴിഞ്ഞത്; ബൈജു കൊട്ടാരക്കര

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വ്യാജ വാട്സ്ആപ്പ് സ്ക്രീൻഷോട്ട് പിസി ജോർജിന്റെ മകൻ ഷോൺ ജോർജിന് കുരുക്കാവുകയാണ്. വധഗൂഢാലോചന കേസിലെ രണ്ടാം പ്രതിയായ ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിലേക്ക് സ്ക്രീൻഷോട്ട് എത്തിയത് ഷോണിൽ നിന്നാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഇതിന് പിന്നാലെ ഇന്ന് ഷോണിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തുകയും ചെയ്തു.

നടി ആക്രമിക്കപ്പെട്ട കേസിനെ തകർക്കാൻ ശ്രമിച്ചു എന്നതിനുള്ള വ്യക്തമായ തെളിവാണ് ‘ദിലീപിനെ പൂട്ടണം’ എന്ന പേരിൽ ആരംഭിച്ച വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര പറയുകയാണ്. ഡിജിപി റാങ്കിലിരിക്കുന്ന ഉദ്യോഗസ്ഥയെ വരെ വെച്ച് എന്തിന് വേണ്ടിയാണ് ഇവർ ഇങ്ങനെയൊരു ചാറ്റ് ഉണ്ടാക്കിയതെന്ന് കണ്ടെത്തിയേ മതിയാകൂ. ഫാൻസുകാരെ തൃപ്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നെങ്കിൽ ചാറ്റുകൾ അവർ പൊതുമധ്യത്തിൽ വിടുമായിരുന്നുവെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

ബൈജു കൊട്ടാരക്കര പറഞ്ഞത്

കേസിൽ മൊഴിയെടുക്കാൻ വിളിപ്പിച്ചപ്പോൾ ഷോൺ ജോർജിന്റെ ഫോണിൽ നിന്നാണ് ചാറ്റ് വന്നതെന്ന് ഫോൺ നമ്പർ ഉൾപ്പെടെ അന്വേഷണ സംഘം കാണിച്ച് തന്നിരുന്നു. വ്യാജ ഗ്രൂപ്പിൽ പറയുന്നത് പോലെ ഡിജിപി സന്ധ്യയും താനുമൊന്നും യാതൊരു ബന്ധവുമില്ലെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ആകെ ഒന്നോ രണ്ടോ തവണ മാത്രമേ അവരെ താൻ കണ്ടിട്ട് പോലും ഉള്ളൂ. അല്ലാതെ അവരുമായി ഇതുവരെ ചാറ്റ് ചെയ്തിട്ട് പോലുമില്ല’.

‘മഞ്ജു വാര്യരുമായും താൻ ചാറ്റ് ചെയ്തിട്ടില്ല. ചിലപ്പോഴൊക്കെ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുക മാത്രമാണ് ചെയ്തത്.അഡ്വ ടിബി മിനി, ലിബർട്ടി ബഷീർ, മാതൃഭൂമിയിലെ വേണു, സ്മൃതി പരുത്തിക്കാട്, നികേഷ് കുമാർ, പ്രമോദ് രാമൻ, ടിബി മിനി എന്നിങ്ങനെ ദിലീപിനെതിരെ ആരൊക്കെ സംസാരിച്ചോ അവർ എല്ലാവരുടേയും പേരിലാണ് ‘ദിലീപിനെ പൂട്ടണം’ എന്ന പേരിൽ വ്യാജ ഗ്രൂപ്പുണ്ടാക്കിയത്’.

‘എന്തൊക്കെ കുരുട്ട് ബുദ്ധി ഉപയോഗിച്ച് ഈ കേസിനെ തകർക്കാൻ ശ്രമിച്ചു എന്നതിനുള്ള വ്യക്തമായ തെളിവാണ് ഈ ഗ്രൂപ്പ്. മാത്രമല്ല സംവിധായകൻ ബാലചന്ദ്രകുമാറിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചു. അത് പൊളിഞ്ഞില്ലേ? 58 വയസുള്ള സ്ത്രീയെ കൊണ്ട് വന്നു, അവർ മൂന്ന് തവണ പോലീസിന് കൊടുത്ത മൊഴി മാറ്റിയെന്നാണ് അറിയാൻ സാധിച്ചത്. ബാലചന്ദ്രകുമാറിനെ ആദ്യം സാമ്പത്തിക ആരോപണത്തിലായിരുന്നു കുടുക്കാൻ ശ്രമിച്ചത്’.

‘ഈ കേസ് നടക്കുന്ന സമയത്ത് എന്നെ അന്വേഷിച്ച് ചിലർ വന്നിരുന്നു. അത് സംബന്ധിച്ച് ഇപ്പോൾ അന്വേഷണം നടക്കുന്നുണ്ട്. എനിക്ക് ഇതിലൊന്നും പേടിയില്ല. വ്യാജ ചാറ്റ് ഉണ്ടാക്കിയവർ ആരാണെന്ന് കണ്ടുപിടിച്ചേ മതിയാകു. കോടതിയിൽ കാണിച്ച് ആരെയെങ്കിലും കണ്‍വിൻസ് ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരിക്കും ഇത് ചെയ്തിട്ടുണ്ടാകുകയെന്നതാണ് എന്റെ ബലമായ സംശയം’.

‘പിസി ജോർജ് ജോർജ് പറഞ്ഞ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ഷോൺ ജോർജിന്റെ ഫോൺ 2019 ൽ കളഞ്ഞ് പോയതാണെന്ന്. നേരത്തേ ദിലീപിന്റെ ഫോൺ അന്വേഷിച്ചപ്പോൾ ആ ഫോൺ കളഞ്ഞ് പോയെന്നായിരുന്നു ദിലീപ് പറഞ്ഞത്. ഷോണിന്റെ ഫോണും ഇപ്പോൾ കളഞ്ഞ് പോയത്രേ. ഇവരൊക്കെ കളയാൻ വേണ്ടിയാണോ ഫോൺ വാങ്ങുന്നത്? പോലീസിന് ഫോണുകൾ കൊടുക്കാതിരിക്കാനുള്ള തന്ത്രം മാത്രമാണിത്’.

‘ ഡിജിപി റാങ്കിലിരിക്കുന്ന ഉദ്യോഗസ്ഥയെ വരെ വെച്ച് എന്തിന് വേണ്ടിയാണ് ഇവർ ഇങ്ങനെയൊരു ചാറ്റ് ഉണ്ടാക്കിയത്? ഏതെങ്കിലും ജുഡീഷ്യൽ ഓഫീസറെ കാണിക്കാനാണോ അതോ ഫാൻസുകാരെ തൃപ്തിപ്പെടുത്താനാണോയെന്ന് അറിയേണ്ടതുണ്ട്. ഫാൻസുകാരെ തൃപ്തിപ്പെടുത്താനാണെങ്കിൽ പൊതുമധ്യത്തിൽ ഇവർ ഇത് വിട്ടേനെ, എന്നാൽ അതുണ്ടായിട്ടില്ല’.

‘ജുഡീഷ്യൽ സംവിധാനത്തിൽ കാണിച്ച് ഇവരെല്ലാം ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് കാണിക്കാൻ വേണ്ടി തന്നെയാണ് ഇതുണ്ടാക്കിയതെന്നാണ് തന്റെ വിശ്വാസം.ഇക്കാര്യം തന്നെയാണ് താൻ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ പറഞ്ഞിരിക്കുന്നതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

‘വിചാരണ കോടതിയിൽ നിന്നും മെമ്മറി കാർഡ് ആക്സസ് ചെയ്യപ്പെട്ടുവെന്ന് കണ്ടെത്തിയിട്ടും വിചാരണ കോടതി നടപടിയെടുക്കാൻ തയ്യാറായോയെന്നും ബൈജു കൊട്ടാരക്കര ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ കോടതി ജീവനക്കാരെ വിരട്ടുന്നുവെന്നാണ് ജഡ്ജ് പറഞ്ഞത്. വിചാരണ കോടതി ഇടപെട്ടത് കൊണ്ടാണ് ആരാണ് മെമ്മറി കാർ‍ഡ് ആക്സസ് ചെയ്തത് എന്ന് കണ്ടെത്താത്തത്. എന്നാൽ പോലീസിന് അതാരണെന്ന് അറിയാം. ഒരു വിഐപി റാങ്കിലുള്ള ആളാണ് അത് ചെയ്തത് എന്നാണ് തനിക്ക് അറിയാൻ കഴിഞ്ഞത്’, ബൈജു കൊട്ടാരക്കര പറഞ്ഞു.

Noora T Noora T :