സിനിമയിൽ കേന്ദ്ര സെൻസർ ബോർഡ് ചില വെട്ടിനിരത്തലുകൾ നിർദ്ദേശിച്ചു… രാമസിംഹൻ വേദനയോടെ അത് അംഗീകരിച്ചു, നാളെ മുംബൈയിൽ വീണ്ടും ഒരു കമ്മിറ്റി ചിത്രം കാണും, വീണ്ടും ചെലവ് ഒരു ലക്ഷം രൂപ; ടി ജി മോഹന്‍ദാസ്

മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്രീകരിച്ചുകൊണ്ടാണ് രാമസിംഹൻ പുഴ മുതൽ പുഴ വരെ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. മമധര്‍മ്മ എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ പൊതു ജനങ്ങളില്‍ നിന്നും പണം സ്വീകരിച്ചായിരുന്നു ചിത്രം ഒരുക്കിയത്.

സിനിമയിലെ നിര്‍ണായക സീനുകള്‍ കട്ട് ചെയ്യേണ്ടി വന്നേക്കുമെന്ന് ആർഎസ്എസ് സെെദ്ധാന്തികൻ ടി ജി മോഹന്‍ദാസ് പറയുകയാണ്. സെൻസർ ബോർഡ് ചില വെട്ടിനിരത്തലുകൾ നിർദ്ദേശിച്ചപ്പോൾ രാമസിംഹൻ വേദനയോടെ അത് അംഗീകരിച്ചു എന്നും ടി ജി മോഹന്‍ദാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ടി ജി മോഹന്‍ദാസിന്റെ കുറിപ്പ്

പുഴ മുതൽ പുഴ വരെ എന്ന സിനിമയിൽ കേന്ദ്ര സെൻസർ ബോർഡ് ചില വെട്ടിനിരത്തലുകൾ നിർദ്ദേശിച്ചു. രാമസിംഹൻ വേദനയോടെ അത് അംഗീകരിച്ചു. ചിത്രം റീജിയണൽ സെൻസർ ബോർഡ് കണ്ടു. വീണ്ടും മാറ്റങ്ങൾ വേണമത്രേ. നാളെ മുംബൈയിൽ വീണ്ടും ഒരു കമ്മിറ്റി ചിത്രം കാണും. രാമസിംഹന് വീണ്ടും ഒരു ലക്ഷം രൂപ ചെലവ്! ഒടുവിൽ സിനിമയിൽ മാപ്പിള ലഹള മാത്രം ഉണ്ടാവില്ല. പുഴയുണ്ടാവും വറ്റിയ പുഴ ഒഎൻവി എഴുതിയത് പോലെ, വറ്റിയ പുഴ, ചുറ്റും വരണ്ട കേദാരങ്ങൾ തപ്തമാം മോഹങ്ങളെ ചൂഴുന്ന നിശ്വാസങ്ങൾ..

ഓർമ്മയുണ്ടോ കശ്മീർ ഫയൽസിലെ കുപ്രസിദ്ധ വാക്കുകൾ? ഗവൺമെന്റ് ഉൻകീ ഹോഗീ ലേകിൻ സിസ്റ്റം ഹമാരാ ഹൈനാ? പൊതുജനങ്ങളുടെ പണം പിരിച്ചാണ് രാമസിംഹൻ സിനിമ നിർമ്മിച്ചത്. അവർ സിനിമ മോശമായതിന് രാമസിംഹനെ പഴിക്കും! കാര്യമറിയാതെ ശകാരിക്കും. ചിലർ പണം തിരിച്ചു വേണം എന്ന് ആവശ്യപ്പെടും. നിർണായക സീനുകൾ കട്ട് ചെയ്തു മാറ്റിയാൽ സിനിമയ്ക്ക് ജീവനുണ്ടാവില്ല. സെൻസർ ബോർഡിനെ അനുസരിക്കാതെ സിനിമ ഇറക്കാനുമാവില്ല. നിസ്സഹായനായി രാമസിംഹൻ നിൽക്കുന്നു. മുംബൈയിലെ തെരുവിൽ, കത്തുന്ന വെയിലിൽ. കുറ്റിത്താടി വളർന്നുള്ളോൻ, കാറ്റത്ത് മുടി, പാറുവോൻ മെയ്യിൽ പൊടിയണിഞ്ഞുള്ളോൻ, കണ്ണിൽ വെട്ടം ചുരത്തുവോൻ.

Noora T Noora T :