സന്തോഷത്തിന് അല്പായുസ്സ്, ഹൈക്കോടതിയിലേക്ക് ചീറിപാഞ്ഞ് പ്രോസിക്യൂഷൻ! അണിയറയിൽ ആ നീക്കം, രാമൻപിള്ളയുടെ തന്ത്രങ്ങൾ പൊളിയുന്നു

തുടർവിചാരണയ്ക്ക് ഹൈക്കോടതിയിൽ നിന്നും ഉത്തരവിറങ്ങിയതോടെ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്ന് മുതൽ ആരംഭിക്കുകയാണ്. എറണാകുളം ജില്ലാ കോടതി സമുച്ചയത്തിലെ ഒന്നാം കോടതിയിലായിരിക്കും കേസ് പരിഗണിക്കുന്നത്. എട്ട് മാസത്തിന് ശേഷമാണ് കേസിൽ വിചാരണ നടക്കുന്നത്

ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ജഡ്ജി ഹണി എം വര്‍ഗീസിനെ വിചാരണ ചുമതലയില്‍ നിന്ന് മാറ്റണമെന്നായിരുന്നു അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞത്.

ജഡ്ജ് ഹണി എം വർഗീസിന്റെ കോടതിയിൽ നിന്നും തനിക്ക് നീതി ലഭിക്കില്ലെന്നും കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്നും ആവശ്യപ്പെട്ടായിരുന്നു അതിജീവിതയുടെ അപേക്ഷ. എന്നാൽ ഇത് തള്ളിയ ഹൈക്കോടതി രജിസ്ട്രാൻ കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതായി ഉത്തരവിറക്കുകയായിരുന്നു. ഇപ്പോഴിതാ രജിസ്ട്രാറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപ്പിക്കാൻ ഒരുങ്ങുകയാണ് പ്രോസിക്യൂഷൻ.

നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്ന സിബിഐ മൂന്നാം കോടതിയിലേക്ക് പുതിയ ജഡ്ജി നിയമിതനായതിന് പിന്നാലെയായിരുന്നു കേസ് സിബിഐ കോടതി തന്നെ പരിഗണിച്ചാൽ മതിയെന്നും വനിതാ ജഡ്ജി ആവശ്യമില്ലെന്നും കാണിച്ച് അതിജീവിത ഹൈക്കോടതിയിൽ അപേക്ഷ നൽകിയത്. നേരത്തേ കേസ് വനിതാ ജഡ്ജി തന്നെ കേൾക്കണമെന്ന അതിജീവിതയുടെ കൂടി ആവശ്യം പരിഗണിച്ചായിരുന്നു അന്ന് സിബിഐ കോടതി ജഡ്ജ് ആയിരുന്ന ഹണി എം വർഗീസ് കേസ് കേട്ടത്. പിന്നീട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ആയി ഹണി എം വർഗീസ് നിയമിക്കപ്പെട്ടപ്പോഴും സിബിഐ കോടതിയുടെ അധിക ചുമതല അവർക്കായിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം സിബിഐ കോടതിയിലേക്ക് പുതിയ ജഡ്ജിയെ നിയമിച്ചു. ഇതോടെ നടി ആക്രമിക്കപ്പെട്ട കേസ് സിബിഐ കോടതി മൂന്നില്‍ നിന്നും മാറ്റിക്കൊണ്ട് ഹൈക്കോടതി ശരിസ്തദാർ ഉത്തരവിടുകയായിരുന്നു. ഈ മാസം രണ്ടിനായിരുന്നു കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. വിചാരണ കോടതി ജഡ്ജിക്കെതിരെ അതിജീവിത തുടക്കം മുതൽ അതീവ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഹണി എം വർഗീസിനെ കേസ് പരിഗണിക്കുന്നതിൽ നിന്നും മാറ്റണമെന്ന ആവശ്യവുമായി അവർ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഹർജിയും നൽകിയിരുന്നു. എന്നാൽ ഇരു കോടതികളും ആവശ്യം തള്ളുകയായിരുന്നു. ഹണി എം വർഗീസിന്റെ കോടതിയിൽ നിന്നും തനിക്ക് നീതി ലഭിക്കില്ലെന്നാണ് അതിജീവിത ഉയർത്തുന്ന പരാതി.

വിചാരണ കോടതി ജഡ്ജിയുടെ കസ്റ്റഡിയിൽ ഇരിക്കുന്ന നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ മെമ്മറി കർഡ് ആക്സസ് ചെയ്യപ്പെട്ടുവെന്ന ഫോറൻസിക് റിപ്പോർട്ട് കൂടി ചൂണ്ടിക്കാട്ടിയാണ് കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ അപേക്ഷ നൽകിയത്. ഹൈക്കോടതി രജിസ്ട്രാർ ഉത്തരവ് പ്രകാരം നിലവിൽ സി ബി ഐ പ്രത്യേക കോടതിയിൽ നിന്ന് കേസ് രേഖകളെല്ലാം സെഷൻസ് കോടതിയിലേക്ക് മാറ്റിയതായി രേഖാമൂലം അറിയിച്ചിട്ടുണ്ട്. സുപ്രധാനമായ ഈ കേസ് ഒരു കോടതിയില്‍ നിന്നും മറ്റൊരു കോടതിയിലേക്ക് മാറ്റാന്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് അധികാരമുണ്ടോയെന്നാണ് ഉയരുന്ന ചോദ്യം. ആരുടെ നിർദ്ദേശപ്രകാരമാണ് കേസ് മാറ്റിയതെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നില്ല. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ നിയമപോരാട്ടത്തിന് പ്രോസിക്യൂഷൻ ഒരുങ്ങുന്നത്

Noora T Noora T :