2017 ഫെബ്രുവരി 17 നാണ് കേരളചരിത്രത്തിൽ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു ക്വട്ടേഷൻ ആക്രമണം യുവനടിയ്ക്ക് എതിരെ ഉണ്ടായത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കുറെ ചോദ്യങ്ങളും ദുരൂഹതയും ഇപ്പോഴും ബാക്കി നിൽക്കുകയാണ്.കേസിന്‍റെ തുടക്കം മുതൽ സിനിമയെ വെല്ലുന്ന വഴിത്തിരിവകളും സിനിമയിലെന്നപ്പോലെയുളള നീക്കങ്ങളുമാണ് സംഭവിച്ചത്. കേസിന്റെ തുടര്‍ വിചാരണ ഇന്ന് മുതല്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടക്കുകയാണ്
ലൈംഗിക പീഡന കേസിൽ രണ്ട് വർഷം കൊണ്ട് വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന സുപ്രീം കോടതി നിർദ്ദേശം നിലനിൽക്കെയാണ് നടി ആക്രമിക്കപ്പെട്ട കേസ് ഇത്തരത്തിൽ വിചാരണ അനന്തമായി നീണ്ട് പോകുന്നതെന്ന് സംവിധായകൻ ശാന്തിവിള ദിനേശ് ഇപ്പോൾ പറയുകയാണ്. എല്ലാ തെളിവുകളും തങ്ങളുടെ കൈയ്യിൽ ഉണ്ടെന്ന് പറഞ്ഞായിരുന്നു ദിലീപിനെ അറസ്റ്റ് ചെയ്തത്. എന്നാൽ ആറ് വർഷം കഴിഞ്ഞു. ഇപ്പോഴും ദിലീപിനെതിരെയുള്ള തെളിവുകൾ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ് പോലീസ്. കേസ് അന്വേഷണം നീളുന്നതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങൾ ഉണ്ടെന്നും സംവിധായകൻ ആരോപിച്ചു.
സംവിധായകന്റെ വാക്കുകളിലേക്ക്
‘അളമുട്ടയാൽ ചേര കടിക്കുമെന്നൊരു ചൊല്ലുണ്ട്. കഴിഞ്ഞ ആറ് വർഷക്കാലമായി നടി ആക്രമിക്കപ്പെട്ട കേസിൽ പല പ്രകോപനങ്ങളും ഉണ്ടായിട്ടും ദിലീപ് പ്രതികരിച്ചിട്ടില്ല.കേസ് കഴിയട്ടെ എന്ന് കരുതി അയാൾ മൗനം പാലിച്ചു. എന്നാൽ കേസ് അനന്തമായി നീണ്ട് പോയതോടെ അയാൾ ഇപ്പോൾ സുപ്രീം കോടതിയിൽ ഒരു ഹർജി നൽകി.രണ്ട് വർഷം കൊണ്ട് ലൈംഗിക പീഡന കേസ് അന്വേഷണം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ച നാട്ടിലാണ് നടി ആക്രമിക്കപ്പെട്ട കേസ് ആറ് വർഷമായി ഇഴയുന്നത്’.
‘ദിലീപിനെ വെറുതെ വിട്ടാലും ഒരു വിഭാഗം പറയും അത് പണം കൊടുത്ത് നേടിയെടുത്ത വിധിയാണെന്ന്. ദിലീപ് തന്നെയാണ് ഇത് ചെയ്തതെന്നാണ് ചാനലുകൾ മലയാളികളുടെ മനസിൽ അടിച്ചുറപ്പിച്ചിരിക്കുകയാണ്.അവൻ പെണ്ണ് പിടിയനാണ്, കള്ളനാണ്, വളഞ്ഞ വഴിയിൽ പൈസ സമ്പാദിക്കുന്നവനാണെന്നൊക്കെ ചർച്ച ചെയ്ത് അയാളെ പൊതുസമൂഹത്തിന് മുന്നിൽ ഇനി ഇതിൽ കൂടുതൽ ആക്ഷേപിക്കാനില്ല’.
‘29.11.2019 ൽ ആറ് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ അതും കഴിഞ്ഞ് ഇപ്പോൾ രണ്ട് വർഷവും എട്ട് മാസവും കഴിഞ്ഞു. ഈ കേസ് ഇനി നീട്ടാൻ പറ്റില്ലെന്ന് ഹൈക്കോടതി ശക്തമായ നിർദ്ദേശം നൽകിയിരിക്കുകയാണ്’. എല്ലാ തെളിവുകളും തങ്ങളുടെ കൈയ്യിൽ ഉണ്ടെന്ന് പറഞ്ഞായിരുന്നു ദിലീപിനെ അറസ്റ്റ് ചെയ്തത്. എന്നാൽ ആറ് വർഷം കഴിഞ്ഞു. ഇപ്പോഴും ദിലീപിനെതിരെയുള്ള തെളിവുകൾ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ് പോലീസ്’.
‘നാല് തവണയാണ് അന്വേഷണം പൂർത്തിയാക്കാനുള്ള സമയപരിധി ഹൈക്കോടതി നീട്ടി നൽകിയത്. കേസിൽ ഇതുവരെ 200 ഓളം സാക്ഷികളെയാണ് വിസ്തിരിച്ചത്. ഇപ്പോൾ പറയുന്നു ഇനിയും 101 പേരെ വിസ്തരിക്കാൻ ഉണ്ടെന്ന്. കാവ്യ മാധവൻ അടക്കമുള്ളവരാണ് സാക്ഷികളെന്നതാണ് വലിയ തമാശ. ദിലീപിനെതിരെ മൊഴി നൽകാൻ അദ്ദേഹത്തിന്റെ ഭാര്യ കാവ്യയെ സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തി ഇനി കോടതിയിൽ ഇവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കാവ്യ എതിർപ്പ് അറിയിക്കുമ്പോൾ പ്രോസിക്യൂഷൻ അടിച്ചിറക്കും കാവ്യ കൂറുമാറിയെന്ന്’.
‘ഈ കേസ് വിധി പറയാതെ നീട്ടി കൊണ്ട് പോയി ദിലീപിനെ അത്തരത്തിൽ ശിക്ഷിക്കണം എന്നതാണ് ഉദ്ദേശം എന്നാണ് ഇപ്പോഴത്തെ പ്രോസിക്യൂഷൻ നീക്കങ്ങളിൽ നിന്ന് മനസിലാക്കുന്നത്. അല്ലേങ്കിൽ വിധി വന്നാൽ 1000 കോടിക്ക് വരെ ദിലീപിന്റെ മാനനഷ്ടക്കേസ് വരും എന്ന് പേടിക്കുന്ന ആരോ ഇതിനകത്ത് ഉണ്ട്’.
‘തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് കഴിഞ്ഞിട്ടും ക്രൈംബ്രാഞ്ച് പറയുന്നത് കേസന്വേഷണം തുടരുന്നുവെന്നാണ്.ദിലീപിനെ അറസ്റ്റ് ചെയ്തപ്പോൾ അന്നത്തെ ഡിജിപിയായിരുന്ന സെൻകുമാർ പറഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥ സത്യസന്ധമായല്ല പ്രവർത്തിച്ചത് എന്നാണ്. ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള യാതൊരു തെളിവും തന്റെ മുന്നിൽ സമർപ്പിച്ച ഫയലിൽ ഇല്ലെന്നും സെൻകുമാർ പറഞ്ഞിരുന്നു. സെൻകുമാർ ദിലീപിന്റെ ആരാധകനായത് കൊണ്ടാണ് അത് പറഞ്ഞതെന്നായിരുന്നു ആക്ഷേപം. ലോക്നാഥ് ബെഹ്റയ്ക്കെതിരെയും അത്തരമൊരു ആക്ഷേപം ഉണ്ടായിരുന്നു’.
വളഞ്ഞ വഴിയിൽ വാർത്താ പ്രാധാന്യം നേടിയെടുക്കാൻ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥ നടത്തിയ നീക്കമാണ് ദിലീപിനെ എട്ട് മണിക്കൂറോളം ചോദ്യം ചെയ്തത് എന്ന് അന്ന് സംസ്ഥാനം ഭരിച്ച ഡിജിപി തന്നെയാണ് പറഞ്ഞത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് ഇതൊന്നും പരിശോധിച്ചില്ല? ‘ചാനലിൽ നിരന്തരം കോടതയലക്ഷ്യം പ്രതികരണങ്ങൾ നടത്തിയ ആളെയാണ് നടിയുടെ വാക്ക് കേട്ട് സർക്കാർ പബ്ലിക് പ്രോസിക്യൂട്ടർ ആയി നിയോഗിച്ചത്.ഒരു പക്ഷത്തിന്റെ വക്താവായി ചാനലിൽ വന്നിരുന്ന് ജഡ്ജിയെ അടക്കം അനാവകശ്യം പറയുന്ന ആളെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുമ്പോൾ സർക്കാർ ആലോചിക്കണമായിരുന്നു’, ശാന്തിവിള ദിനേശ് പറഞ്ഞു.