അതിജീവിത എന്നെങ്കിലും കേസിൽ ദിലീപ് ആണ് കുറ്റക്കാരൻ എന്ന് പറഞ്ഞിട്ടുണ്ടോ? താനല്ല കള്ളൻ എന്ന് വിളിച്ച് പറഞ്ഞത് ദിലീപ്, സുനിയെ ഇറക്കാൻ നിർണ്ണായക നീക്കം അവസാന അടവ് പുറത്തെടുത്തെന്ന് ബൈജു കൊട്ടാരക്കര

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്കും മുന്‍ ഭാര്യയായ മഞ്ജു വാര്യര്‍ക്കും അടക്കം എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് ദിലീപ് പുതിയ ഹര്‍ജി സുപ്രീം കോടതിയില്‍ നൽകിയത്. വിചാരണ കോടതി ജഡ്ജിക്ക് മേല്‍ക്കോടതിയിലേക്ക് സ്ഥാനക്കയറ്റം കിട്ടുന്നത് വരെ വിചാരണ വൈകിക്കാനാണ് ശ്രമം എന്ന് ദിലീപ് ആരോപിക്കുന്നത്. മാത്രമല്ല മുന്‍ ഭാര്യയുടേയും അതിജീവിതയുടേയും സുഹൃത്തായ ഉന്നത പോലീസ് ഉദ്യോഗസ്ഥയും കൂടി ചേര്‍ന്നാണ് തന്നെ കേസില്‍പ്പെടുത്തിയത് എന്നും ദിലീപ് ആരോപിക്കുന്നു.

കേസിൽ സുപ്രീം കോടതിയിൽ ദിലീപ് നൽകിയ ഹർജി ദിലീപിന് തന്നെ കുരുക്കാകുമെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര പറയുകയാണ്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി ഇതുവരെ 75 ഓളം ഹർജികളാണ് ദിലീപ് സമർപ്പിച്ചിരിക്കുന്നത്. തെറ്റ് ചെയ്യാത്ത ഒരാൾ ആയിരുന്നുവെങ്കിൽ എന്തിനാണ് ഇത്രയും ഹർജിയുമായി കോടതിയെ സമീപിച്ചത്. കേസിൽ പൾസർ സുനിയേയും രക്ഷപ്പെടുത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് അവസാനത്തെ ഹർജിയെന്നും സംവിധായകൻ ആരോപിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

സംവിധായകന്റെ വാക്കുകളിലേക്ക്

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ഇപ്പോൾ സുപ്രീം കോടതിയിൽ നൽകിയ ഹർജി നടന് തന്നെ പാരയാകുമെന്നാണ് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. വിചാരണ കോടതി ജഡ്ജി സ്ഥലംമാറ്റം കിട്ടി പോകുന്നതിന് മുൻപ് ഈ കേസിന്റെ വിചാരണ തീർക്കണമെന്നതാണ് ദിലീപ് ഉന്നയിക്കുന്ന പ്രധാന ആവശ്യം. ജഡ്ജി മാറുന്നതിൽ ഒരു പ്രതിക്ക് എന്തിനാണ് ഇത്ര താത്പര്യം? നിക്ഷിപ്ത താത്പര്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ പ്രതി അത്തരമൊരു ആവശ്യം ഉന്നയിക്കൂ. ഇതൊന്നും പുറത്ത് പോലും പറയാൻ പറ്റാത്ത കാര്യങ്ങളാണ്. അതാണ് സുപ്രീം കോടതിയിൽ എഴുതികൊടുത്തിരിക്കുന്നത്’.

‘ഹർജി പരിഗണിക്കുമ്പോൾ എഫ് എസ് എൽ ലാബിൽ നിന്നും റിപ്പോർട്ട് ലഭിച്ചതും വിചാരണ കോടതി അത് പൂഴ്ത്തി വെച്ചതും ഹർജി തള്ളിയത് രണ്ടാഴ്ച കഴിഞ്ഞ് പ്രോസിക്യൂഷനോട് പറഞ്ഞതും വിചാരണ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത സംബന്ധിച്ചുമെല്ലാമുള്ള പ്രോസിക്യൂഷൻറെ ചോദ്യത്തിന് സുപ്രീം കോടതിയിൽ കൃത്യമായ പറയേണ്ടി വരും’.

‘അതിജീവിത മാധ്യമ പ്രവർത്തക ബർഗ ദത്തുമായി നടത്തിയ അഭിമുഖത്തെ കുറിച്ചും ഹർജിയിൽ ആരോപണം ഉണ്ട്. തന്റെ കാര്യങ്ങൾ സധൈര്യം വളരെ ശക്തമായി തുറന്ന് പറഞ്ഞയാളാണ് അതിജീവിത. അവരുടെ ആ തുറന്ന് പറച്ചിലിനെയാണ് ദിലീപ് ചോദ്യം ചെയ്തത്. അതിനർത്ഥം എന്താണ്? ഇവരൊന്നും മിണ്ടാൻ പാടില്ലെന്നാണോ’. ‘മറ്റൊരു ആരോപണം തന്റെ മുൻഭാര്യയെ കുറിച്ചാണ്. അതിജീവിതയും തന്റെ മുൻ ഭാര്യയും ഇപ്പോൾ ഡിജിപി ആയിരിക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥയുമായി നടത്തിയ ഗൂഢാലോചനയാണ് കേസ് എന്നാണ്. അതിജീവിത എന്നെങ്കിലും കേസിൽ ദിലീപ് ആണ് കുറ്റക്കാരൻ എന്ന് പറഞ്ഞിട്ടുണ്ടോ? താനല്ല കള്ളൻ എന്ന് വിളിച്ച് പറഞ്ഞത് ദിലീപ് തന്നെയാണ്. ജയിലിൽ നിന്നും കത്ത് ലഭിച്ചപ്പോൾ എനിക്കിതാ കത്ത് ലഭിച്ചിരിക്കുന്നു എന്നെ കേസിൽ ഭീഷണിപ്പെടുത്താൻ ശ്രമിക്കുവെന്ന് പറഞ്ഞ് ദിലീപ് തന്നെയാണ് വിഷ്ണു കൊണ്ടുകൊടുത്ത പൾസർ സുനിയുടെ കത്തുമായി പരാതി ഉയർത്തിയത്’.

‘ആ കത്ത് ലോക്നാഥ് ബെഹ്റയ്ക്ക് കൊടുത്ത് കേസ് വഴി തിരിച്ചുവിടാൻ ശ്രമിച്ചപ്പോൾ ബുദ്ധിയുള്ള പോലീസുകാർ ആ കത്തിന് പുറകേ പോയി. പൾസർ സുനിയും സഹതടവുകാരും തത്ത പറയുന്നത് പോലെ കാര്യങ്ങൾ പറഞ്ഞു. തെളിവുകൾ ഒന്നൊന്നായി വന്നു. അതോടെ ഇതിന്റെയെല്ലാം സൂത്രധാരൻ ദിലീപ് ആണെന്ന് ക്രൈംബ്രാഞ്ചിന് മനസിലായി.അങ്ങനെയാണ് ദിലീപ് അറസ്റ്റിലാവുന്നത്. പിന്നീട് കേസിൽ പലതും നടന്നു. 20 സാക്ഷികളെ അടക്കം കൂറുമാറ്റി’. ‘കേസ് അവസാനിക്കാറായ ഘട്ടത്തിലാണ് സംവിധായകൻ ബാലചന്ദ്രകുമാർ വരുന്നതും കേസിൽ തുടരന്വേഷണം നടക്കുന്നതും. അതും തന്റെ പുതിയ ഹർജിയിൽ ദിലീപ് ചോദ്യം ചെയ്യുന്നുണ്ട്. തുടരന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ അന്വേഷണത്തിൽ പരിഗണിക്കരുതെന്നാണ് പറയുന്നത്.

പുഴുങ്ങി തിന്നാനാണോ പിന്നെ തുടരന്വേഷണം നടത്തിയത്? പ്രോസിക്യൂഷൻ തെളിവ് നിരത്തുമ്പോൾ താൻ അല്ല അത് ചെയ്തതെങ്കിൽ വാദിച്ച് ജയിക്കാൻ ശ്രമിക്കുകയാണ് ദിലീപ് ചെയ്യേണ്ടത്. താൻ അല്ല അത് ചെയ്തത് എങ്കിൽ ചെയ്തിട്ടില്ല എന്ന് പറയണം. അങ്ങനെയാണല്ലോ കേസിന്റെ തുടക്കം മുതൽ പറഞ്ഞ് കൊണ്ടിരിക്കുന്നത്’. ‘ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി ഇതുവരെ 75 ഓളം ഹർജികളാണ് ദിലീപ് സമർപ്പിച്ചിരിക്കുന്നത്. തെറ്റ് ചെയ്യാത്ത ഒരാൾ ആയിരുന്നുവെങ്കിൽ എന്തിനാണ് ഇത്രയും ഹർജിയുമായി കോടതിയെ സമീപിച്ചത്. 75 ലക്ഷത്തോളം പണം നൽകി സുപ്രീം കോടതിയിൽ അഭിഭാഷകനെ വെയ്ക്കുന്നത്’. ‘പൾസർ സുനിയെ കൂടി ശിക്ഷയില്ലാതെ ജയിലിൽ നിന്നും പുറത്തുകൊണ്ടുവരാനുള്ള അജണ്ട ഉണ്ടെന്ന വ്യക്തമായ സൂചനയാണ് പുതിയ ഹർ‍ജിയിൽ നിന്നും വ്യക്തമാകുന്നത്.ഇങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എല്ലാം കെട്ടിച്ചമച്ചതാണെന്ന ആരോപണമാണ് ഉയർത്തുന്നത്. അതുകൊണ്ട് തന്നെയാണ് ഈ ഹർജി ദിലീപിന്റെ അവസാനത്തെ അടവാണെന്ന് പറയുന്നത്. ഉത്സവത്തിന്റെ അവസാനം മാലപടക്കത്തിന് തിരികൊളുത്തും പോലെ തിരികൊളുത്തിയതാണ്. എന്നാൽ പടക്കങ്ങളിൽ എല്ലാം ചീറ്റിപ്പോയതും പൊട്ടാൻ സാധ്യത ഇല്ലാതത്തുമായ പടക്കങ്ങളാണ് എന്നതാണ് നഗ്നമായ സത്യം’.

Noora T Noora T :