സമൂഹമാധ്യമങ്ങളില്‍ നിന്ന് ഇടവേള; വീണ്ടും കാണാം; ആ പ്രഖ്യാപനവുമായി ഉടന്‍ തിരിച്ചെത്തുമെന്ന് ലോകേഷ് കനകരാജ്; ആവേശത്തോടെ ആരാധകർ

2017ല്‍ മാനഗരം എന്ന ചിത്രവുമായി തമിഴ് സിനിമയില്‍ അരങ്ങേറിയ ലോകേഷ് കനകരാജ്. കൈതിയിലൂടെയാണ് ആദ്യ കരിയര്‍ ബ്രേക്ക് നേടിയത്. മൂന്നാം ചിത്രം മാസ്റ്ററും വന്‍ ഹിറ്റ് ആക്കിയ ലോകേഷിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് പക്ഷേ ഏറ്റവും ഒടുവിലെത്തിയ ചിത്രം വിക്രം ആയിരുന്നു. ഇപ്പോഴിതാ തന്‍റെ ഒരു തീരുമാനം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു ഇടവേള എടുക്കുകയാണ് സംവിധായകൻ.

സുഹൃത്തുക്കളെ, എല്ലാ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ നിന്നുമായി ഒരു ചെറിയ ഇടവേള എടുക്കുകയാണ് ഞാന്‍. എന്‍റെ അടുത്ത ചിത്രത്തിന്‍റെ പ്രഖ്യാപനവുമായി ഞാന്‍ ഉടന്‍ തിരിച്ചെത്തും. വീണ്ടും കാണാം, സ്നേഹത്തോടെ ലോകേഷ് കനകരാജ്, ലോകേഷ് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ കുറിച്ചു.

കൊവിഡിനു ശേഷം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു വിക്രം. കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ് ജോസ്, കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സാങ്കേതിക മികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു.

വിക്രത്തിനു ശേഷം രണ്ട് ചിത്രങ്ങളാണ് ലോകേഷിന്‍റേതായി പറഞ്ഞുകേള്‍ക്കുന്നത്. ഒന്ന് മാസ്റ്ററിനു ശേഷം വിജയ് നായകനാവുന്ന തമിഴ് ചിത്രമാണ്. വിജയ്‍യുടെ കരിയറിലെ 67-ാം ചിത്രമായിരിക്കും ഇത്. മറ്റൊന്ന് സല്‍മാന്‍ ഖാന്‍ നായകനാവുന്ന ബോളിവുഡ് ചിത്രമാണ്. തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് വിവരം.

Noora T Noora T :