ദിലീപിനെ ആ പേടി വിടാതെ പിന്തുടരുന്നു, സുപ്രീം കോടതി നീക്കത്തിൽ ചതിച്ചത് ഒരൊറ്റ വാക്ക്, മഞ്ജു വാര്യർ പറഞ്ഞത് അത് മാത്രം; സംവിധായകന്റെ തുറന്ന് പറച്ചിൽ

നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം സംബന്ധിച്ച അനുബന്ധ കുറ്റപത്രം ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണ് വിചാരണ സമയ ബന്ധിതമായി പൂർത്തിയാക്കാൻ സുപ്രീം കോടതി ഇടപെടണമെന്ന ആവശ്യവുമായി ദിലീപ് ഹർജി നൽകിയത്. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലടക്കം ചർച്ച തകൃതിയായി നടക്കുന്നുണ്ട്.

വിചാരണ കോടതി ജഡ്ജി കോടതി മാറി പോകും മുൻപ് കേസ് അവസാനിപ്പിക്കണം എന്ന് എന്തിനാണ് ദിലീപ് വാദിക്കുന്നതെന്നാണ് സംവിധായകൻ ബൈജു കൊട്ടാരക്കര ചോദിക്കുന്നത്. കേസിൽ ജഡ്ജി ആരായാൽ എന്താണ്, നിയമം എല്ലാവർക്കും ഒരുപോലെയല്ലെ.നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റം ചെയ്തിട്ടില്ലേങ്കിൽ എന്തിനാണ് കോടികൾ മുടക്കി ഹർജികളുമായി കോടതിയെ സമീപിക്കുന്നതെന്നും സംവിധായകൻ ചോദിച്ചു. തന്റെ ചാനലിലൂടെയായിരുന്നു ബൈജു കൊട്ടാരക്കരയുടെ പ്രതികരണം.

സംവിധായകന്റെ വാക്കുകളിലേക്ക്-‘ദിലീപ് സുപ്രീം കോടതിയിൽ നൽകിയ അപേക്ഷയിൽ ഏറ്റവും പ്രധാനപ്പെട്ടത് വിചാരണ കോടതി ജഡ്ജി മാറുന്നതിന് മുൻപ് തന്നെ കേസിൽ വിചാരണ തീർക്കണമെന്നാണ്. ഇത് വക്കീലിന്റെയാണോ അതോ ദിലീപിന്റെ ബുദ്ധിയാണോ അതോ സ്വയം കുഴിയിൽ ചാടാൻ ദിലീപ് തന്നെ തയ്യാറായി ഇറങ്ങിയതാണോയെന്ന് അറിയില്ല. തേടിയ വള്ളി കാലിൽ ചുറ്റിയെന്നത് അടക്കമുള്ള സംഭാഷണ ശകലങ്ങൾ എല്ലാം മലയാളി കേട്ടതാണ്.അതിനിടയിലാണ് ദിലീപിന്റെ ഇപ്പോഴത്തെ നീക്കം’.

‘സിനിമ മേഖലയിലെ ഒരു വിഭാഗം തന്നെ ഒതുക്കാൻ ശ്രമിക്കുകയാണെന്നാണ് ദിലീപ് ഉയർത്തിയ മറ്റൊരു ആരോപണം. ആരാണ് ദിലീപിനെ സിനിമയിൽ ഒതുക്കാൻ ശ്രമിച്ചത്? അതോ ദിലീപ് ആണോ സിനിമയിൽ ആളുകളെ ഒതുക്കിയത് എന്ന ചോദ്യം വേറെ. തുളസീദാസിനെതിരേയും വിനയന് എതിരേയും ചില സംഘടനകൾക്കുമൊക്കെ എതിരെ വിലക്കും ഒളിയമ്പുകളും ഒക്കെയായി നടന്നത് ആരാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്’.

‘മറ്റൊരാക്ഷേപം കേരളത്തിലെ ഡിജിപി ബി സന്ധ്യയെ കുറിച്ചാണ്. തന്നെ കുടുക്കാൻ വേണ്ടി കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു എന്നാണ് പറയുന്നത്. സന്ധ്യ മാഡത്തിന് ദിലീപിനോട് എന്ത് വൈരാഗ്യമാണ്. ഈ കേസിന്റെ അന്വേഷണത്തിന് അവരാണ് ആദ്യം മേൽനോട്ടം വഹിച്ചത്. കേസ് വളരെ വിജയകരമായി മുന്നോട്ട് കൊണ്ടുപോയപ്പോഴാണ് രാഷ്ട്രീയ മേലാളൻമാർ കേസ് അട്ടിമറിച്ചത്. എന്നാൽ നട്ടെല്ലുള്ള മാധ്യമങ്ങൾ കേരളത്തിൽ ഉണ്ടായത് കൊണ്ട് ഈ കേസ് ഈ വിധത്തിൽ എത്തി നിൽക്കുകയാണ്’.

‘മഞ്ജു വാര്യർക്കെതിരായാണ് മറ്റൊരു വിമർശനം. തന്നെ കുറ്റക്കാരനാക്കാൻ മനപ്പൂർവ്വം ശ്രമിക്കുന്നു എന്നാണ് പറയുന്നത്. മഞ്ജു വാര്യർ ഇതുവരെ പറഞ്ഞത് സത്യം വെളിച്ചത്ത് വരണമെന്ന് മാത്രമാണ്. ഈ കേസ് തെളിയണമെന്ന് പറഞ്ഞത് കൊണ്ട് ദിലീപിനെതിരായ ഗൂഢാലോചനയിൽ അവരേയും ഇപ്പോൾ പങ്കാളിയായിരിക്കുകയാണ്’.

‘വിചാരണ കോടതി ജഡ്ജി ആ കോടതി മാറി പോകും മുൻപ് കേസ് അവസാനിപ്പിക്കണം എന്ന് എന്തിനാണ് വാദിക്കുന്നത്. കേസിൽ ജഡ്ജി ആരായാൽ എന്താണ്? നിയമം എല്ലാവർക്കും ഒരുപോലെയല്ലെ? ഈ കോടതിയിൽ കേസ് വിചാരണയ്ക്ക് വെയ്ക്കരുതെന്നാണ് ഈ കേസിലെ പ്രതികൾക്ക് തക്കതായ ശിക്ഷകിട്ടണമെന്ന് കരുതുന്ന എല്ലാവരുടേയും ആഗ്രഹം’.

‘വേഗത്തിൽ വിചാരണ തീർക്കണമെന്ന് പറയുന്നതിന് മറ്റ് പല കാരണങ്ങളുമുണ്ട്. ഇനിയും അന്വേഷണം നടന്നാൽ പല കാര്യങ്ങളും പുറത്തുവരും. പ്രത്യേകിച്ച് മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ വിഷയത്തിൽ, നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ പുനരാവിഷ്കരിച്ച സംഭവത്തിൽ ഇതിലെല്ലാം അന്വേഷണം നടക്കേണ്ടതുണ്ട്. ദിലീപിന്റെ വക്കീലായ രാമൻപിള്ളയേയും ഫിലിപ് ടി വർഗീസിനേയും കേസിൽ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. അതെല്ലാം നടക്കുമ്പോൾ കേസിൽ വേറെ തെളിവുകൾ ലഭിച്ചാലോയെന്നാണ് ഭയപ്പെടുന്നത്’.

‘ദിലീപിന്റെ 78ാമത്തെ ഹർജിയോ മറ്റോ ആണിത്. തെറ്റ് ചെയതിട്ടില്ലേങ്കിൽ എന്തിനാണ് ഇത്രയും കോടികൾ ഇങ്ങനെ തുലയ്ക്കുന്നത്.താൻ നിരപരാധി ആണെങ്കിൽ അക്കാര്യം കോടതിയിൽ തെളിയില്ലേ. ഇയാളെ കുടുക്കാൻ ആർക്കാണ് ഇത്രയും താത്പര്യം? ഈ കേസിൽ ആരാണ് പല തെളിവുകളും നശിപ്പിച്ചത്? മഞ്ജു വാര്യരും ബി സന്ധ്യയുമാണെന്നൊക്കെ ഇനി പറയുമോ? അതോ ബാലചന്ദ്രകുമാറോ?’

‘മറ്റൊരു കാര്യം ആവശ്യപ്പെട്ടിരിക്കുന്നത് പുനരന്വേഷണ റിപ്പോർട്ട് വിചാരണയ്ക്കായി ഉപയോഗിക്കരുതെന്നാണ്. പുനഃരന്വേഷണത്തിലാണ് ദിലീപിന്റെ ഫോണുകളിൽ നിന്ന് ഉൾപ്പെടെ തെളിവുകൾ ലഭിച്ചിരികുന്നത്. ഞാൻ കൊടുത്ത തെളിവുകൾ , എന്റെ അഭിഭാഷകൻ പറയുന്നത് കേൾക്കണം എന്നതാണ് ദിലീപിന്ഡറെ വാദം. ഇങ്ങനെയാണേൽ സ്വന്തം കോടതി തുടങ്ങിക്കൂടായിരുന്നോ? എന്നാൽ ദിലീപ് കൊടുക്കുന്ന തെളിവുകൾ മാത്രം വെച്ച് കേസ് വാദിക്കാമല്ലോ’.

Noora T Noora T :