നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അനധികൃതമായി കണ്ടതാര്? ഈ ചോദ്യമാണ് ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട് പ്രധാനമായും ഉയരുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ നിർണ്ണായക തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മൂന്ന് തവണ മാറിയെന്ന് തിരുവനന്തപുരം സൈബർ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വിവിധ കോടതികളുടെ കസ്റ്റഡിയിലിരിക്കെയായിരുന്നു മൂന്ന് തവണയും അനധികൃതമായി മെമ്മറി കാർഡ് കൈകാര്യം ചെയ്തത്. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ വിവോ കമ്പനിയുടെ മൊബൈല്‍ ഫോണിലാണ് മെമ്മറി കാർഡ് ഇട്ടതെന്നും പരിശോധനയില്‍ വ്യക്തമായിരുന്നു.
റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണമുണ്ടാവില്ലെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത് സംബന്ധിച്ചുള്ള അന്വേഷണം തുടരുന്നത് കോടതിയുടെ നിലപാട് അനുസരിച്ചായിരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ വിഷയത്തില്‍ അതിജീവിതയും ക്രൈംബ്രാഞ്ചും നല്‍കിയ ഹർജികള്‍ ഈ ആഴ്ച ഹൈക്കോടതി പരിഗണിക്കുന്നുമുണ്ട്. തുടരന്വേഷണത്തിന്റെ അനുബന്ധ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തില്‍ മെമ്മറി കാർഡ് സംബന്ധിച്ച അന്വേഷണം തുടരാന്‍ ഇനി താല്‍പര്യമില്ലെന്നാണ് മംഗളം പുറത്ത് വിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നത്. കുറ്റപത്രം പ്രതിയെ ബോധിപ്പിച്ച ശേഷം അധികം വൈകാതെ തന്നെ വിചരാണ നടപടികള്‍ ആരംഭിക്കും. എത്രയും പെട്ടെന്ന് വിചാരണ പൂർത്തിയാക്കി വിധി പറയല്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോടതി നിർദേശിച്ചാല്‍ മാത്രം മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മതിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. മെമ്മറി കാർഡ് ഉപയോഗിച്ച ജിയോ സിം ഇട്ട വിവോ ഫോണ്‍ ആരുടേതാണെന്ന് കണ്ടെത്തണമെന്ന് വിചാരണക്കോടതി വാക്കാല്‍ നിർദ്ദേശിച്ചിരുന്നു. കോടതി കടുപ്പിച്ച് പറഞ്ഞിട്ടില്ലെന്നും ക്രൈംബ്രാഞ്ചിന് ആവശ്യമുണ്ടെങ്കില്‍ അന്വേഷിക്കാമെന്ന ധ്വനിയാണ് കോടതിയുടെ വാക്കുകളിലെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
മെമ്മറി കാർഡ് പരിശോധിക്കേണ്ടതില്ലെന്നായിരുന്നു വിചാരണക്കോടതി നേരത്തെ എടുത്ത നിലപാട്. എന്നാല്‍ ഇത് തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി മെമ്മറി കാർഡ് പരിശോധനയ്ക് അയക്കാന്‍ ഉത്തരവിട്ടത്.
വിചാരണ കോടതിയിൽ വെച്ച് 2021 ജൂലൈ 19ന് പകൽ 12.19 നും 12.54 നും ഇടയിലാണ് വിവോ ഫോണിൽ മെമ്മറി കാർഡ് ഉപയോഗിച്ചത്.ഈ സമയം മെസേജിംഗ് ആപ്പുകൾ ഫോണിൽ പ്രവർത്തിച്ചിരുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ട്രൂ കോളറും ഈ സമയത്ത് പ്രവർത്തിച്ചിരുന്നുവെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. കാർഡ് തുറന്ന് കാണുന്നതിനിടയിൽ ഫോണിലേക്ക് ഒരു കോൾ വരികയായിരുന്നു. ഇതോടെയാണ് ഫോണിലെ ട്രൂ കോളർ ആപ്പ് ആക്ടീവായത്. മെമ്മറി കാർഡ് തുറന്ന് ഒരു മിനിറ്റിന് ശേഷമായിരുന്നു ഇത്. ഫോണിൽ ജിയോ സിം ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഫോൺ വന്ന സമയത്ത് വിചാരണ കോടതിയുടെ പരിധിയിലുള്ള ജിയോ ടവറിന് കീഴിൽ നടന്ന സംശയമുള്ള ഫോൺ വിളികളും ഫോൺ നമ്പറും പരിശോധിച്ചാൽ കാർഡ് തുറന്ന ആളെ കണ്ടെത്താനായേക്കും
ഫോണിലിട്ട് മെമ്മറി കാർഡ് കണ്ടത് ആരെന്നത് കേസിൽ നിർണായകമാകും.ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ഹൈക്കോടതി ഇടപടണമെന്നാണ് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.