നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ റിപ്പോര്‍ട്ടും അനുബന്ധ കുറ്റപത്രവും വിചാരണക്കോടതി ഇന്ന് ഫയലില്‍ സ്വീകരിക്കും

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടിയെ ആക്രമിച്ച കേസിന്റെ അനുബന്ധ കുറ്റപത്രം ക്രൈം ബ്രാഞ്ച് കോടതിൽ സമർപ്പിച്ചത്. കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ടും അനുബന്ധ കുറ്റപത്രവും വിചാരണക്കോടതി ഇന്ന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഫയലില്‍ സ്വീകരിക്കുകയാണ്.
കുറ്റപത്രം ഫയലില്‍ സ്വീകരിച്ചാല്‍ ഉടന്‍ വിചാരണ നടപടികള്‍ പുനരാരംഭിക്കും.

വിചാരണ ഉടന്‍ പുനരാരംഭിക്കുമെന്നും താമസിപ്പിക്കാന്‍ സാധിക്കില്ലെന്നും കോടതി അറിയിച്ചിരുന്നു. മെമ്മറി കാര്‍ഡിന്റെ ഹാഷ്വാല്യു മാറിയതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം തുടരാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്റെ മൊഴിയില്‍ കാമ്പുണ്ടെന്നും കൂടുതല്‍ തെളിവുകള്‍ ലഭിച്ചെന്നും ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആഷിക് അബു, ചെമ്പന്‍ വിനോദ്, മഞ്ജു വാര്യര്‍, രഞ്ജു രഞ്ജിമാര്‍, വീട്ടിജോലിക്കാരനായിരുന്ന ദാസന്‍ എന്നിവരെ കൂടി സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 110 സാക്ഷികളാണ് കേസിലാകെയുള്ളത്. ദൃശ്യങ്ങള്‍ പള്‍സര്‍ സുനിയില്‍ നിന്നാണോ, അതോ മറ്റേതെങ്കിലും സ്രോതസ് വഴിയാണോ ദിലീപിന് ലഭിച്ചതെന്ന് മാത്രമാണ് ഇനി അറിയേണ്ടത്. ഇതുമായി ബന്ധപ്പെട്ട് കുറ്റപത്രത്തില്‍ പരാമര്‍ശമില്ലെന്നാണ് റിപ്പോര്‍ട്ട്.

കേസിൽ തുടരന്വേഷണ റിപ്പോർട്ടിൽ ദിലീപിനെതിരെ തെളിവുനശിപ്പിയ്ക്കൽ ഉൾപ്പെടെ കൂടുതൽ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. റിപ്പോർട്ട് സമർപ്പിച്ചാലും ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചിട്ടില്ല കേസിൽ വിചാരണക്കോടതി ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് ബിജെപി നേതാവിന്റെ ശബ്ദസാംപിൾ ക്രൈംബ്രാഞ്ച് പരിശോധിച്ചിട്ടുണ്ട്. വ്യാജ വാട്സപ്പ് ഗ്രൂപ്പ് സംബന്ധിച്ചും അന്വേഷണം ആരംഭിച്ചു.

Noora T Noora T :