ഇനിയാണ് ഈ കേസിൽ ശരിയായ അങ്കം കാണാനിരിക്കുന്നത്, രാമൻപിള്ളയും അജകുമാറും തമ്മിലുള്ള പോരാട്ടം, അദ്ദേഹം പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കാൻ ഉദ്ദേശിക്കുന്നില്ല; ബൈജു കൊട്ടരക്കര

നടി ആക്രമിക്കപ്പെട്ട കേസിൽ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി അഡ്വ. വി അജകുമാറിനെ കഴിഞ്ഞ ദിവസമാണ് നിയോഗിച്ചത്. അതിജീവിതയുടെ ആവശ്യം പരിഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനം കൈക്കൊണ്ടത്. അഡ്വ അജകുമാറിനെ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ചതോടെ നടി ആക്രമിക്കപ്പെട്ട കേസിന് മറ്റൊരു മാനം കൈവന്നിരിക്കുകയാണെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. കേസിൽ ദിലീപിന്റെ അഭിഭാഷകനായ രാമൻ പിള്ളയും അജകുമാറും തമ്മിലുള്ള പോരാട്ടം തന്നെയാകും കോടതിയിൽ നടക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റുള്ള പബ്ലിക് പ്രോസിക്യൂട്ടർമാരെ പോലെ വിചാരണ കോടതിയിൽ നിന്നും അദ്ദേഹം രാജിവെച്ചേക്കില്ലെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകുമെന്നും ബൈജു കൊട്ടരക്കര പറഞ്ഞു.

സംവിധായകന്റെ വാക്കുകളിലേക്ക്

അഡ്വ അജകുമാർ പബ്ലിക്ക് പ്രോസിക്യൂട്ടറായതോട് കൂടി കേസിന് മറ്റൊരു മാനം കൈവരുമെന്നാണ് എല്ലാവരുടേയും പ്രതീക്ഷ. കേസിൽ സുകേശൻ എന്ന അഭിഭാഷകനായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ. എന്നാൽ അദ്ദേഹം പദവിയിൽ നിന്ന് രാജിവെച്ചു. വിചാരണ കോടതിയുടെ ഇടപെടൽ മൂലമാണ് അദ്ദേഹം രാജിവെച്ചത്. കേസിൽ കോടതി സഹകരിക്കുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്’. ‘രണ്ടാമതായി പബ്ലിക്ക് പ്രോസിക്യൂട്ടറായത് വിഎൻ അനിൽ കുമാറാണ്. അദ്ദേഹവും ഇതേ കാരണങ്ങൾ പറഞ്ഞാണ് രാജിവെച്ചത്. താൻ പറയുന്നത് കോടതി കേൾക്കാൻ തയ്യാറാവുന്നില്ലെന്നും അത്തരമൊരു സാഹചര്യത്തിൽ കേസുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.ഇതോടെ ഇത്രയും കാലം ഒരു പബ്ലിക് പ്രോസിക്യൂട്ടർ ഇല്ലാതെയായിരുന്നു പോയത്. ഇതിനിടയിലാണ് അതിജീവിത മുഖ്യമന്ത്രിയെ കാണുന്നതും കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് അഭ്യർത്ഥിക്കുന്നതും. ഒടുവിൽ അതിജീവിതയുടെ നിർദ്ദേശപ്രകാരമാണ് അജകുമാറിനെ കേസിൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്.

ഇനിയാണ് ഈ കേസിൽ ശരിയായ അങ്കം കാണാനിരിക്കുന്നത്’. ‘നടി ആക്രമിക്കപ്പെട്ട കേസിലെ സുപ്രധാന തെളിവായ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ ആക്സസ് ചെയ്തുവെന്ന പരിശോധന ഫലം പുറത്തുവന്നിരുന്നു.മൂന്ന് കോടതികളിൽ വെച്ച് മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്നാണ് കണ്ടെത്തൽ. ഏറ്റവും അവസാനമായി വിചാരണ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെയാണ് മെമ്മറി കാർഡ് ആക്സസ് ചെയ്തത്. കാർഡ് വിവോ ഫോണിലിട്ട് ഉപയോഗിച്ചെന്നും ആ സമയം പല ആപ്പുകളും പ്രവർത്തിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. അങ്ങനെയെങ്കിൽ ഈ തൊണ്ടിമുതലുകൾ മാറിയതിനെതിരെ പോലീസ് കേസെടുക്കേണ്ടെ’, ബൈജു കൊട്ടാരക്കര ചോദിച്ചു. ‘ഈ സംഭവത്തിൽ ക്രൈംബ്രാഞ്ച് കേസെടുക്കുകയും തുടരന്വേഷണത്തിനുള്ള കുറ്റപത്രത്തിൽ എന്തിന് മെമ്മറി കാർഡ് ആക്സസ് ചെയ്തുവെന്ന് കണ്ടെത്തി അക്കാര്യം കൂടി ഉൾപ്പെടുത്തുകയും വേണം. അല്ലാതെ വെറുതെ എഴുതികൂട്ടിയ കുറ്റപത്രമാകരുത് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിക്കേണ്ടതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. ഇനിയങ്ങോട്ടുള്ള ദിവസങ്ങൾ രാമൻപിള്ളയും അജകുമാറും തമ്മിലുള്ള പോരാട്ടം തന്നെയായിരിക്കും കോടതിയിൽ. ഇനി എന്തൊക്കെ സംഭവിച്ചാലും അഡ്വ അജകുമാർ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് തന്നെയായിരിക്കും വരും ദിവസങ്ങളിൽ വ്യക്തമാകുകയെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

അതേസമയം നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം സംബന്ധിച്ച അന്തിമ റിപ്പോർട്ട് വെള്ളിയാഴ്ചയാണ് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിക്കുക. തുടരന്വേഷണത്തിന് കൂടുതൽ സമയം ക്രൈംബ്രാഞ്ച് തേടിയിരുന്നുവെങ്കിലും ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. 22 നകം കുറ്റപത്രം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

1500 പേജുള്ള കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കിയിരിക്കുന്നത്. ദിലീപിന്‍റെ സുഹൃത്തും വ്യവസായിയുമായ ശരത്താണ് അനുബന്ധ കുറ്റപത്രത്തിലെ ഏക പ്രതി. കേസിൽ 125 ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിൽ 80 പേരെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദിലീപിനെതിരെ കൂടുതൽ കുറ്റവും ചുമത്തിയിട്ടുണ്ട്. തെളിവ് നശിപ്പിച്ചെന്നതടക്കമുള്ള വകുപ്പുകളാണ് ചേർത്തിരിക്കുന്നത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ 2017 നവംബ‍റിൽ ദിലീപിന്റെ കൈയ്യിൽ എത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

Noora T Noora T :