സംവിധായകൻ മണിരത്‍നത്തിന് കൊവിഡ് പൊസിറ്റീവ്

സംവിധായകൻ മണിരത്‍നത്തിന് കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മണിരത്‍നത്തിന് ഗുരുതര ആരോഗ്യ പ്രശ്‍നങ്ങളില്ലെന്നാണ് വിവരം.

പൊന്നിയിൻ സെല്‍വൻ എന്ന ചിത്രമാണ് മണിരത്‍നത്തിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്.

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ സെൽവൻ’. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഏതാനും ദിവസം മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു.

2022 സെപ്റ്റംബർ 30- നാണ് രണ്ട് ഘട്ടമായി എത്തുന്ന ‘പൊന്നിയിൻ സെൽവന്റെ’ ആദ്യഭാ​ഗം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശം ആമസോൺ പ്രൈം നേരത്തെ സ്വന്തമാക്കിയിരുന്നു. 125 കോടിക്കാണ് സ്ട്രീമിങ്ങ് അവകാശം വിറ്റുപോയത്. തിയറ്റർ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക.

ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. വിക്രം, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. എ.ആർ.റഹ്മാനാണ് സംഗീത സംവിധായകൻ. ഛായാഗ്രഹണം രവി വർമ്മൻ. തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് കലാ സംവിധാനം. ശ്രീകർ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു.

Noora T Noora T :