അതിജീവിതയ്ക്ക് ഒപ്പം നില്‍ക്കുന്നവരെ കുടുക്കാന്‍ ദിലീപിന്റെ പി ആര്‍ ടീം ആള്‍മാറാട്ട വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്നാണ് സംവിധായകൻ ആലപ്പി അഷ്റഫ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
ഇതിന് വേണ്ടി മാധ്യമപ്രവര്‍ത്തകരും ചലച്ചിത്ര പ്രവര്‍ത്തകരുടേതുമടക്കം പേര് ഉള്‍പ്പെടുത്തി വ്യാജ മെസേജുകള്‍ നിര്‍മ്മിച്ചുവെന്നാണ് ആലപ്പി അഷ്‌റഫ് അറിയിച്ചത്. ആഷിക് അബു, ബൈജു കൊട്ടാരക്കര, നികേഷ് കുമാര്‍, സന്ധ്യ ഐ പി എസ്, ലിബര്‍ട്ടി ബഷീര്‍, മഞ്ജു വാര്യര്‍ , പ്രമോദ് രാമന്‍, വേണു, ടി ബി മിനി, സ്മൃതി എന്നിവരുടെ പേര് ഉള്‍പ്പെടുത്തിയാണ് വാട്‌സാപ്പ് ഗ്രൂപ്പ് നിര്‍മ്മിച്ചത്.
എന്നാല്‍ ഇങ്ങനെ ഒരു ഗ്രൂപ്പില്‍ താന്‍ അംഗമല്ലെന്ന് അഡ്വ ടി ബി മിനി പറഞ്ഞു. ഈ ഗ്രൂപ്പിനെ കുറിച്ച് സംസാരിക്കാന്‍ പൊലീസ് വിളിച്ചിരുന്നു. വാട്‌സാപ്പ് ഗ്രൂപ്പി തന്റെ പേര് മാത്രമാണുള്ളതെന്നും തന്റെ നമ്പര്‍ അല്ലെന്നും ടി ബി മിനി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊലീസിന് സ്റ്റേറ്റ്‌മെന്റ് നല്‍കിയിട്ടുണ്ടെന്നും ടി ബി മിനി വ്യക്തമാക്കി.
ശരിയായ വാട്‌സാപ്പ് ഗ്രൂപ്പ് കണ്ടെടുത്ത് പൊലീസ് അന്വേഷണം നടത്തിയാല്‍ മാത്രമാണ് ഇതിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകു. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സ്റ്റേറ്റ്‌മെന്റ് എഴുതിക്കൊടുത്തിട്ടുണ്ട്. അതിനെ കുറിച്ച് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ടി ബി മിനി വ്യക്തമാക്കി.
2017 ല്‍ ആണ് ആ ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോഴാണ് ക്രൈം ബ്രാഞ്ചിന് അതിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. പ്രധാനപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍, മറ്റ് പ്രമുഖരായിട്ടുള്ള വ്യക്തികളൊക്കെ ഇത് പ്രചരിപ്പിക്കുന്നുണ്ട്. ഞാനും നികേഷും സ്മൃതിയും അതുപോലെയുള്ള ആളുകള്‍ ചേര്‍ന്ന് ദിലീപിനെ കുടുക്കാന്‍ ശ്രമിക്കുന്നു എന്ന തലത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകാനാണത്.
നികേഷുമായി ഇന്ത്യ വിഷന്‍ കാലത്തുള്ള സുഹൃത്ത് ബന്ധമല്ലാതെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാനുള്ള ബന്ധം പോലും തനിക്കില്ല. ഒരു രാഷ്ട്രീയ പ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയും ആയതുകൊണ്ടുള്ള ബന്ധം മാത്രമാണുള്ളതെന്ന് ടി ബി മിനി പറഞ്ഞു. ഇതൊരു തെറ്റായ കേസാണെന്നും നമ്മള്‍ ഗൂഡാലോചനയുടെ ഭാഗമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് അവര്‍ അങ്ങനെ ചെയ്തതെന്ന് ടി ബി മിനി പറഞ്ഞു.
ദിലീപിന് ഫാന്‍സിനെ ബോധ്യപ്പെടുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തത് എന്നൊരു സാധ്യതയുണ്ട്. ഫാന്‍സ് മാത്രമല്ല, ഈ പൊതുസമൂഹത്തിലുള്ള ആളുകളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയും ആണ് ഇങ്ങനെ ഒരു പ്രചരണം. കൂടാതെ ജുഡീഷ്യറിയെയും അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കുകയും ചെയ്യുകയെന്നാണ് ഞാന്‍ കരുതുന്നത്. കാരണം, ഈ ഗ്രൂപ്പുണ്ടാക്കിയത് 2017ല്‍ അല്ലേ, അപ്പോള്‍ ഈ ഓപ്പറേഷന്‍ ആര് നടത്തിയെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് മിനി പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ ആലപ്പി അഷ്റഫ് ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ നടത്തിയത്. അന്വേഷണത്തിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത അനുപിന്റെ ഫോണിലെ വിവരങ്ങള്‍ പുനര്‍ജീവിപ്പിച്ചെടുത്ത കൂട്ടത്തില്‍ കിട്ടിയതാണിവ. അതിന്റെ സത്യാവസ്ഥ അറിയാനാണ് എന്നെ വിളിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സന്ധ്യ ഐ പി എസിന്റെ പേരു കൂടി ഉള്‍പ്പെട്ടത് കൊണ്ട് അനേഷണ ഉദ്യോഗസ്ഥര്‍ക്ക് കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാനായെന്നും അദ്ദേഹം പറയുന്നു. പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുവാനായ് എന്തൊക്കെ കുപ്രചരണങ്ങളാണ് ഇക്കൂട്ടര്‍ കാട്ടികൂട്ടുന്നത്. ഞാന്‍ മനസാ വാചാ കര്‍മ്മണ അറിയാത്ത സംഭവമാണന്ന് മൊഴി കൊടുത്തെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കി.