എല്ലാ സജീകരണവും റെഡി, ഇനി ഒരു രാത്രി കൂടി മാത്രം… അവസാന നിമിഷം കോടതിയിൽ ചാടി വീണ് പ്രോസിക്യൂഷൻ, നിര്‍ണായക നീക്കം കേരളം കാതോർത്ത വിധി

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിനുള്ള സമയ പരിധി നാളെ അവസാനിക്കുകയാണ്. തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും മുൻ ഡിജിപി ആ‍ർ ശ്രീലേഖയുടെ പരാമർശങ്ങളിൽ പരിശോധന വേണമെന്നുമാണ് ഹർജിയിൽ ഉള്ളത്.

മെമ്മറി കാർഡിന്‍റെ ഫൊറൻസിക് പരിശോധനാ ഫലം ഇന്നലെ അന്വേഷണ സംഘത്തിന് കിട്ടിയിരുന്നു. 2021 ജൂലൈ 19 ന് ഉച്ചയ്ക്ക് 12.19 മുതൽ 12: 54 വരെയുളള സമയത്താണ് മെമ്മറി കാർഡ് അവസാനമായി പരിശോധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവോ ഫോണില്‍ കാര്‍ഡിട്ടാണ് പരിശോധിച്ചത്.

വാട്ട്സാപ്പ്, ടെലിഗ്രാം അടക്കമുളള സാമുഹ്യമാധ്യമങ്ങൾ ഉപയോഗിക്കുന്ന ഫോണിലാണ് മെമ്മറി കാർഡ് ഇട്ടതെന്നും പരിശോധനാ ഫലത്തിലുണ്ട്. എട്ട് വീഡിയോ ഫയലുകളാണ് മെമ്മറി കാർഡിലുള്ളത്. 2018 ജനുവരി 9 ന് കംപ്യൂട്ടറിലാണ് ഈ മെമ്മറി കാർഡ് ആദ്യം പരിശോധിച്ചത്. 2018 ഡിസംബർ 13നും ഹാഷ് വാല്യൂ മാറിയതായി പരിശോധനാ ഫലത്തിലുണ്ട്.

മൂന്ന് തവണ ഹാഷ് വാല്യു മാറിയതായാണ് പരിശോധനയിൽ സ്ഥിരീകരിച്ചത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വച്ചും ജില്ലാ കോടതിയുടെ കൈവശം ഇരിക്കുമ്പോഴും വിചാരണ കോടതിയുടെ കൈവശം ഉള്ളപ്പോഴുമാണ് ഹാഷ് വാല്യു മാറിയത‍െന്നാണ് കണ്ടെത്തൽ. പരിശോധനാഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഇക്കാര്യത്തിൽ വിശദ പരിശോധന വേണമെന്ന് ആവശ്യപ്പെടാനാണ് പ്രോസിക്യൂഷന്‍റെ നീക്കം. ഫോറൻസിക് റിപ്പോ‍ർട്ട് കോടതിക്ക് കൈമാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെടാനാണ് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്.

Noora T Noora T :