നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്ന ശ്രീലേഖ ഐപിഎസിന്റെ ആരോപണം അക്ഷരാർത്ഥത്തിൽ വൻ വിവാദത്തിലേയ്ക്ക് വഴിയൊരുക്കുകയാണ്. ദിലീപിനെതിരായ തെളിവുകൾ പോലീസ് കെട്ടിച്ചമച്ചതാണെന്നാണ് ശ്രീലേഖ ആരോപിച്ചത്.
ശ്രീലേഖയുടെ ആരോപണങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷക ആശ ഉണ്ണിത്താൻ. കോടതി വിധി പറയും മുൻപ് ദിലീപ് നിരപരാധിയാണെന്ന് പറയാൻ ശ്രീലേഖയെ പോലൊരു വിരമിച്ച് ഉദ്യോഗസ്ഥയ്ക്ക് യാതൊരു അവകാശവുമില്ലെന്ന് ആശ ഉണ്ണിത്താൻ പറഞ്ഞു. ഒരു ചാനലിനോടായിരുന്നു ആശ ഉണ്ണിത്താന്റെ പ്രതികരണം.
‘ഇത്രയും ഗുരുതരമായ ആരോപണങ്ങൾ ഇപ്പോൾ ഉന്നയിക്കുകയാണെങ്കിൽ അവർ ബുദ്ധിമതിയായൊരു സ്ത്രീയാണ്. ഈ പറയുന്ന കാര്യങ്ങളുടേയെല്ലാം കോപ്പികൾ അവരുടെ കൈയ്യിൽ ഉണ്ടാകും.അതുമായി അവർ മുന്നോട്ട് വരണം. വീണ്ടും ഒരു അന്വേഷണത്തിന് അവർ തയ്യാറാവുകയും വേണം. ശ്രീലേഖ മാഡം ദിലീപിന് അനുകൂലമായി പലയിടങ്ങളിലും സംസാരിച്ച് കൊണ്ടിരിക്കുകയാണ്.ദിലീപ് നിരപരാധിയാണെന്ന് പറയേണ്ടത് കോടതിയാണ്. അല്ലാതെ അവർക്ക് അത് പറയേണ്ട യാതൊരു അവകാശവും ഇല്ല’.
‘ഇപ്പോൾ ഈ ആരോപണങ്ങൾ ഉന്നയിക്കുന്നയാൾ നേരത്തേ ഡിപ്പാർട്ട്മെന്റിന്റെ ഭാഗമായിരിക്കുമ്പോൾ യാതൊന്നും പറയാൻ തയ്യാറായിട്ടില്ല.തന്നെ അടിച്ചിരുത്തി എന്നൊക്കെ പറയുന്നത് കേവലമായ വാക്കുകളായിട്ടേ കണക്കാക്കാൻ സാധിക്കുകയുള്ളൂ’, അഡ്വ ആശ ഉണ്ണിത്താൻ പറഞ്ഞു.
തെളിവുകളുടെ ഇത്രയും നീണ്ട നിര ഉണ്ടായിരുന്നുവെങ്കിൽ ശ്രീലേഖയെ പോലൊരു ഉദ്യോഗസ്ഥ ഇത്രയും കാലം അത് ഒളിച്ചുവെച്ചത് എന്തിന് വേണ്ടിയായിരുന്നു എന്ന് ചർച്ചയിൽ പങ്കെടുത്ത നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ചോദിച്ചു.