‘വന്നല്ലോ വനമാല’ പരസ്യം ഒരുക്കിയ സംവിധായകന്‍ കെ.എന്‍ ശശിധരന്‍ അന്തരിച്ചു

പരസ്യ സംവിധായകന്‍ കെ.എന്‍ ശശിധരന്‍ അന്തരിച്ചു. ഇടപ്പള്ളിയിലെ വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. പതിവുസമയം കഴിഞ്ഞിട്ടും ഉറക്കമെഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നോക്കിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.തൃശൂര്‍ ചാവക്കാട് സ്വദേശിയായ കെ എന്‍ ശശിധരന്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് ബിരുദം കരസ്ഥമാക്കിയത്.

സിദ്ദിഖും കാവ്യമാധവനുമാണ് അഭിനയിച്ച ‘വന്നല്ലോ വനമാല’ എന്ന വനമാല സോപ്പിന്റെ പരസ്യം സംവിധാനം ചെയ്യ്തത് ശശിധരനായിരുന്നു.

പി കെ നന്ദനവര്‍മ്മയുടെ ‘അക്കരെ’ എന്ന നോവലിനെ അടിസ്ഥാനമാക്കി ‘അക്കരെ’ എന്ന പേരില്‍ത്തന്നെ ആദ്യ ചിത്രം തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്തു. ചിത്രത്തിന്റെ നിര്‍മാണവും ശശിധരന്‍ ആയിരുന്നു. കാണാതായ പെണ്‍കുട്ടി, നയന തുടങ്ങിയവയാണ് ശശിധരൻ്റെ മറ്റു ചിത്രങ്ങള്‍.

ആദ്യകാലത്ത് സിനിമാ സംവിധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും പിന്നീട് പരസ്യ ചിത്രങ്ങളിലേയ്ക്കു തിരിയുകയായിരുന്നു. കെ എൻ ശശിധരൻ സംവിധാനം ചെയ്ത പരസ്യചിത്രങ്ങളിൽ ഏറ്റവും പ്രശസ്തമായത് വനമാല സോപ്പിന്റേതാണ്. പല സന്ദർഭങ്ങളിലും മലയാളിയുടെ നാവിൽ ഓടിയെത്തുന്ന ‘വന്നല്ലോ വനമാല’ പരസ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭാര്യ: വീണ ശശിധരൻ, മക്കൾ: ഋതു ശശിധരൻ, മുഖിൽ ശശിധരൻ. മരുമകൾ: ഇന്ദുലേഖ.

Noora T Noora T :