ഓരോ മൂന്ന് മാസം കൂടുമ്പോഴും ആരാണ് സമയം നീട്ടി ചോദിക്കുന്നത്… കാവ്യ മാഡമാണെന്നും കാവ്യയെ അടക്കം അപകീർത്തിപ്പെടുത്തിയത് ആരാണെന്നുമൊക്കെ എല്ലാവർക്കും അറിയാം; ജുലൈ 14 ന് പോയി വീണ്ടും തുടരന്വേഷണത്തിന് കൂടുതൽ സമയം തേടാതിരുന്നാൽ മതി; രാഹുൽ ഈശ്വർ

ദിലീപിന്റെ വാദം എല്ലാം തള്ളിക്കൊണ്ടാണ് ഹൈക്കോടതി നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കണമെന്ന ഹർജയിൽ അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്. ഇപ്പോഴിതാ ദൃശ്യങ്ങൾ പരിശോധിക്കുന്നത് വീണ്ടും കേസ് അന്വേഷണം നീളാൻ കാരണമായേക്കുമെന്ന വാദമുയർത്തുകയാണ് ദിലീപ് അനുകൂലിയായ രാഹുൽ ഈശ്വർ.

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

‘ഹൈക്കോടതിയുടെ വിധി അംഗീകരിക്കുന്നു. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചോർന്നിട്ടില്ലെന്ന് ഹൈക്കോടതി തന്നെ വാക്കാൽ പല തവണ പറഞ്ഞിട്ടുണ്ട്. അതിജീവിത ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ കൂടുതൽ വ്യക്തത ഇക്കാര്യത്തിൽ വേണമെന്ന് ഹൈക്കോടതിക്ക് തോന്നിക്കാണും’. ‘നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം പൂർത്തിയാക്കാൻ ഇനി വെറും 10 ദിവസമാണ് ശേഷിക്കുന്നത്.മെമ്മറി കാർഡിന്റെ ഫോറൻസിക് പരിശോധനയ്ക്കായി മൂന്ന് ദിവസമാണ് വേണ്ടതെന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കിയത്. ഇത് മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തിയാകുമോയെന്നാണ് അറിയേണ്ടത്. ജുലൈ 14 ന് പോയി വീണ്ടും തുടരന്വേഷണത്തിന് കൂടുതൽ സമയം തേടാതിരുന്നാൽ മതി’. ‘കേസന്വേഷണം വൈകിപ്പിക്കാനുള്ള ശ്രമം ആരുടെ ഭാഗത്ത് നിന്നാണ് ഉണ്ടായതെന്ന് എല്ലാവർക്കും അറിയാം. ഓരോ മൂന്ന് മാസം കൂടുമ്പോഴും ആരാണ് സമയം നീട്ടി ചോദിക്കുന്നത്. കാവ്യ മാഡമാണെന്നും കാവ്യയെ അടക്കം അപകീർത്തിപ്പെടുത്തിയത് ആരാണെന്നുമൊക്കെ എല്ലാവർക്കും അറിയാം’,രാഹുൽ ഈശ്വർ പറഞ്ഞു.

അതേസമയം ഉത്തരവ് കിട്ട് രണ്ട് ദിവസത്തിനകം സംസ്ഥാന ഫൊറൻസിക് ലാബിലേക്ക് മെമ്മറി കാർഡ് അയക്കണം. 7 ദിവസത്തിനുള്ള പരിശോധനാഫലം കോടതിക്ക് കൈമാറണമെന്നും നിർദേശിച്ചിട്ടുണ്ട്. സീൽ വച്ച കവറിലാണ് പരിശോധനാഫലം കോടതിക്ക് കൈമാറേണ്ടതെന്നും സിംഗിൾ ബെഞ്ചിന്റെ ഉത്തരവിലുണ്ട്. ജസ്റ്റിസ് ബച്ചു കുര്യൻ തോമസാണ് കേസിൽ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. കോടതിയുടെ കസ്റ്റഡിയിലെത്തിയ ശേഷമാണ് ഹാഷ് വാല്യുവിന് മാറ്റം വന്നതെങ്കിൽ അത് അന്വേഷിക്കാന്‍ പൊലീസിന് അധികാരമില്ല. എന്നിരുന്നാലും ഹാഷ് വാല്യു മാറിയെന്ന് പ്രോസിക്യൂഷന്‍ അവകാശപ്പെടുന്ന സാഹചര്യത്തില്‍ പരിശോധനയ്ക്ക് അയക്കുകയാണെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. അതേസമയം വിചാരണയോ തുടരന്വേഷണമോ ഇക്കാര്യത്താൽ നീട്ടിക്കൊണ്ടുപോകരുതെന്ന് കോടതി പ്രോസിക്യൂഷനോട് നിർദേശിച്ചു. ഈ മാസം 15 വരെയാണ് തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ചിട്ടുള്ള സമയം. കോടതിയുടെ പക്കലുണ്ടായിരുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതായി വിദഗ്‍ധ പരിശോധനയിൽ കണ്ടെത്തിയിരുന്നു. അന്വേഷണ സംഘത്തിന്റെയോ കോടതിയുടെയോ അനുമതിയില്ലാതെ കോടതിയിൽ നിന്ന് ദൃശ്യങ്ങൾ ആരോ പരിശോധിച്ചു എന്ന് വ്യക്തമായതോടെ അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് രംഗത്തെത്തിയിരുന്നു. ദൃശ്യങ്ങൾ ചോർന്നോ എന്ന് പരിശോധിക്കണമെന്നും ഇതിനായി ശാസ്ത്രീയ പരിശോധന വേണമെന്നും ആയിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. എന്നാൽ ഈ ആവശ്യം ഉന്നയിച്ച് സമർപ്പിച്ച ഹർജി വിചാരണ കോടതി തള്ളുകയായിരുന്നു. ഇതേതുടർന്നാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്.

Noora T Noora T :