വ്യാജരേഖ ചമച്ച് തട്ടിയെടുത്തത് 4 കോടി; സിനിമാനിര്‍മാതാവിനെ അറസ്റ്റ് ചെയ്തു

വ്യാജരേഖ ഉപയോഗിച്ച് സ്വകാര്യ ബാങ്കിൽനിന്ന് കോടികൾ വായ്പയെടുത്ത് തട്ടിപ്പ്‌ നടത്തിയ കേസിൽ സിനിമാ നിർമാതാവ് അറസ്റ്റിൽ.

തെക്കിൽ സ്വദേശിയും കരാറുകാരനുമായ മെഹഫൂസിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ്‌ ചെയ്തത്. ഇയാൾ നിർമിച്ച ചിത്രം രണ്ടുദിവസത്തിനകം പുറത്തിറങ്ങാനിരിക്കെയാണ് സാമ്പത്തികത്തട്ടിപ്പ്‌ കേസിൽ പോലീസ്‌ അറസ്റ്റ്‌ചെയ്തത്‌. ഡിവൈ.എസ്.പി. പി.എ.സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ്‌ ചെയ്തത്.

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെർക്കള ശാഖയിൽനിന്ന് 2018-ലാണ് വ്യാജരേഖകൾ ഹാജരാക്കി 4,17,44,000 രൂപ ഇയാൾ വായ്പയെടുത്തത്. വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് ബാങ്ക് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ബാങ്കിൽ സമർപ്പിച്ച രേഖകൾ ഉൾപ്പെടെ വ്യാജമായിരുന്നുവെന്ന് തെളിഞ്ഞത്. തുടർന്ന് വായ്പ അനുവദിച്ച മാനേജരെ അന്വേഷണവിധേയമായി സസ്പെൻഡ്‌ ചെയ്യുകയും ബാങ്ക് അധികൃതർ വിദ്യാനഗർ പോലീസിൽ പരാതി നൽകുകയും ചെയ്തു. പിന്നീടാണ് കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

Noora T Noora T :