നടിയെ ആക്രമിച്ച കേസ്; അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസന്വേഷണം അവസാനിപ്പിക്കാൻ ഭരണമുന്നണിയിലെ രാഷ്‌ട്രീയ ഉന്നതർ സ്വാധീനം ചെലുത്തുന്നുവെന്നതടക്കം സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു ആക്രമിക്കപ്പെട്ട നടി സമർപ്പിച്ച ഹർജി.

കേസ് അട്ടിമറിക്കുന്നുവെന്ന് കാണിച്ച് വിചാരണക്കോടതി ജഡ്ജിക്കെതിരേ നടി തന്നെ രംഗത്തുവന്നിരുന്നു. സര്‍ക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരേ ഗുരുതര ആരോപണവുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കാനും പാതിവെന്ത അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും രാഷ്ട്രീയ ഉന്നതര്‍ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നതായി ഹര്‍ജിയില്‍ ആരോപിക്കുകയായിരുന്നു

കോടതിയിലുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റംവന്നതായി ഫൊറന്‍സിക് ലാബില്‍നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചിട്ടും ഇക്കാര്യത്തില്‍ വിചാരണക്കോടതി ജഡ്ജി ഒരു അന്വേഷണവും നടത്തിയില്ല. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടമില്ലെങ്കില്‍ തുടരന്വേഷണം ശരിയായവിധം നടക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടിയുടെ ഹര്‍ജി.

അന്വേഷണം അതിവേഗം അവസാനിപ്പിച്ച് കേസില്ലാതെയാക്കാൻ ശ്രമം നടക്കുന്നുവെന്ന് നടി ആരോപിക്കുകയും തുടർന്ന് ഹർജി നൽകുകയും ചെയ്തതോടെയായിരുന്നു സർക്കാർ നിർദേശ പ്രകാരം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയം നീട്ടാനായി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്. ഇത് അംഗീകരിച്ച കോടതി ഒന്നര മാസം കൂടി അനുവദിക്കുകയും ചെയ്തിട്ടുണ്ട്

ഹർജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും ചൂണ്ടിക്കാട്ടി സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തിനും അനുകൂല നിലപാടാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. നീതിയുക്തമായ അന്വേഷണമുണ്ടാകുമെന്നും സത്യവാങ്ങ്മൂലത്തിൽ സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

Noora T Noora T :