നടിയെ ആക്രമിച്ച കേസിലെ പ്രധാനിയും എട്ടാം പ്രതിയുമായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹർജിയില്‍ ഇന്നും വിചാരണ കോടതിയിൽ വാദം തുടരും
ജാമ്യം റദ്ദാക്കാനുള്ള തെളിവുകളില്ലെന്നും പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നത് പോലെ സാക്ഷികളെ സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ ശ്രമിച്ചിട്ടില്ലെന്നുമായിരുന്നു ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ പ്രോസിക്യൂഷന്‍ ഇതിനെ ശക്തമായ രീയില്‍ എതിർക്കുകയും ചെയ്തിരുന്നു.
മാപ്പ് സാക്ഷിയായ വിപിൻ ലാലിനെ ദിലീപ് ഭീഷണിപ്പെടുത്തി എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന സമയം ദിലീപ് ജയിൽ ആയിരുന്നു. ദിലീപിന്‍റെ വീട്ടിലെ ജീവനക്കാരനായ ദാസനെ അഭിഭാഷകൻ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന വാദം തെറ്റെന്നു൦ പ്രതിഭാഗ൦ വാദിക്കുന്നു. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്ന് തെളിയിക്കാനുള്ള വാദങ്ങളും വിചാരണ കോടതിയിൽ പ്രോസിക്യൂഷൻ ഉന്നയിച്ചിരുന്നു. ഇതിനായി ഫൊറൻസിക് ലാബിലെ ദൃശ്യങ്ങളുടെ ശബ്ദരേഖ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു. ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ ഫോണിൽ നിന്ന് ലഭിച്ച തെളിവുകളുമായി ഒത്തുനോക്കിയാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് പ്രോസിക്യൂഷൻ നിലപാട്. എന്നാല്‍, നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കൈയിലുണ്ടെന്ന ക്രൈംബ്രാഞ്ച് ആരോപണം ദിലീപ് കോടതിയിൽ തള്ളിയിരുന്നു.
നേരത്തെ പലവട്ടം ഹർജി പരിഗണിച്ചപ്പോഴും പ്രോസിക്യൂഷനെതിരെ രൂക്ഷ വിമർശനമായിരുന്നു വിചാരണക്കോടതി നടത്തിയത്. ദിലീപിൻറെ ജാമ്യം റദ്ദാക്കാനാവാശ്യമായെ തെളിവെന്താണെന്നായിരുന്നു കോടതിയുടെ ചോദ്യം. നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ ആരോപിക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു. കോടതികള്‍ പ്രവർത്തിക്കുന്നത് പൊതുജനാഭിപ്രായം നോക്കിയല്ല. ചോദ്യങ്ങളോടും സംശയങ്ങളോടും പ്രോസിക്യൂഷൻ എന്തിനാണ് അസ്വസ്ഥ പ്രകടിപ്പിക്കുന്നത്. തെളിവുകളുണ്ടെങ്കില്‍ എന്തുകൊണ്ട് ദിലീപിന്റെ അഭിഭാഷകർക്കെതിരെ പൊലീസ് നടപടി എടുത്തില്ലെന്നും കോടതി ചോദിച്ചപ്പോള്‍ അതില്‍ വ്യക്തമായ മറുപടി പ്രോസിക്യൂഷന്‍ ഉണ്ടായിരുന്നില്ല.
സാക്ഷികളെ സ്വാധീനിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. എന്നാല്‍ ഇതിന് തെളിവുണ്ടോ? പ്രോസികൂഷൻ ആരോപണം ഉന്നയിക്കുക മാത്രമാണ് ചെയ്‌തത്. എംഎല്‍എ ഗണേഷ് കുമാറിന്റെ സെക്രട്ടറിയായ പ്രദീപ് സാക്ഷിയായ വിപിൻ ലാലിനെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചുവെന്ന് എങ്ങനെയാണ് സ്ഥാപിക്കാന്‍ കഴിയകുയെന്നും കോടതി ചോദിച്ചിരുന്നു. തുടർന്ന് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയവും കോടതി അനുവദിക്കുകയായിരുന്നു.
ഇതേ തുടർന്ന് കൂടുതല്‍ തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടുണ്ട്. ഈ തെളിവുകളിലടക്കം ഇന്ന് വാദം നടക്കും. ഇതിന് ശേഷമായിരിക്കും ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തില്‍ കോടതി വിധി പറയുക. ഇതിനോടൊപ്പം തന്നെ ചില ഉപഹർജികളും പ്രോസിക്യൂഷന്‍ നല്‍കിയിട്ടുണ്ട്. ദൃശ്യങ്ങള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ച് പരിശോധിക്കണം എന്ന് തുടങ്ങിയതടക്കമുള്ള ആവശ്യങ്ങളാണ് ഉപഹർജിയിലൂടെ പ്രോസിക്യൂഷന്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.