ഗായകൻ കെ കെയുടെ മരണം; അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു

പ്രശസ്ത ഗായകനും മലയാളിയുമായ കെ കെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിൻ്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകർ. ഇന്നലെ കൊൽക്കത്തയിലെ ഒരു കോളേജിൽ പരിപാടി അവതരിപ്പിച്ച ശേഷം മണിക്കൂറുകൾക്കുള്ളിലാണ് കെ കെയുടെ മരണം. അപ്രതീക്ഷിത വിയോഗത്തിൽ പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. കാൽ നൂറ്റാണ്ടിലധികം ഇന്ത്യൻ സിനിമാ സംഗീത രംഗത്ത് തിളങ്ങി നിന്ന ഗായകന് രാജ്യത്തെമ്പാടു നിന്നും അനുശോചന പ്രവാഹമാണ്.

അദ്ദേഹത്തിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൊൽക്കത്ത ന്യൂമാർക്കറ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

കൊൽക്കത്ത നസറുൾ മഞ്ചിലെ വിവേകാനന്ദ കോളേജിൽ ആയിരങ്ങളെ കോരിത്തരിപ്പിച്ച ലൈവ് ഷോയ്ക്ക് ശേഷം ഹോട്ടലിലേക്ക് മടങ്ങിയ 53 കാരനായ കെ കെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ആശുപത്രിയിലെത്തുമ്പോഴേക്കും അന്ത്യം സംഭവിച്ചിരുന്നെന്നും ഹൃദയാഘാതമാണ് മരണ കാരണമെന്നും കൊൽക്കത്ത സിഎംആർഐ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. കെകെ മലയാളത്തില്‍ പാടിയത് ഒരേ ഒരു ഗാനമാണ്. 2009ല്‍ ദീപന്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തിയ പുതിയ മുഖം എന്ന ചിത്രത്തില്‍. രഹസ്യമായി എന്ന ഗാനം. ദീപക്ക് ദേവായിരുന്നു ഈ ഗാനത്തിന്‍റെ സംഗീത സംവിധാനം

2017 ല്‍ ഒരു അഭിമുഖത്തില്‍ മലയാളത്തില്‍ കൂടുതല്‍ ഗാനങ്ങള്‍ പാടാത്തത് എന്ത് എന്ന ചോദ്യത്തിന് കെ.കെ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു – മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിൽ ഞാൻ പലപ്പോഴും പാടാറുണ്ട്, മലയാളത്തിൽ പാടുന്നത് എനിക്ക് കഠിനമാണ്. ഞാൻ സംസാരിക്കുന്ന മലയാളം മാന്യമാണെന്ന് ആളുകൾ പറയുന്നു, പക്ഷേ സാഹിത്യത്തിലോ വരികളിലോ കൂടുതലായി ഉപയോഗിക്കുന്ന വാക്കുകൾ പറയുമ്പോൾ എനിക്ക് അത് ബുദ്ധിമുട്ടാണെന്ന് തോന്നുന്നു.മറ്റു ഭാഷകളില്‍ കേള്‍ക്കുന്ന രീതിയില്‍ തന്നെയുള്ള പാട്ടുകളും വരികളും എനിക്ക് ലഭിക്കുന്നു – അന്ന് കെ.കെ അഭിമുഖത്തില്‍ പറഞ്ഞത്

Noora T Noora T :