ദിലീപിനെ പ്രതിയാക്കി അയാളുടെ ജീവിതം നശിപ്പിക്കാൻ വേണ്ടിയുള്ള അതിഭീകരമായ ഗൂഢാലോചന പൾസർ രക്ഷപെട്ടാലും എട്ടാം പ്രതിയെ തൂക്കികൊല്ലണം എന്ന മുൻവിധിയാണ് ഹർജ്ജി നൽകിയ ഇരയ്ക്കുള്ളത്; തുറന്നടിച്ച് ശ്രീജിത്ത് പെരുമന

നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിനും അതീജിവിതയ്ക്കും എതിരെ അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന. ദിലീപിനെ വേട്ടയാടുന്നതിനെ വെള്ളപൂശാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം ഇറങ്ങിയിരിക്കുകയാണെന്നും ദിലീപിനെ ശിക്ഷിക്കുമെന്ന് പറഞ്ഞാലേ തൃക്കാക്കര തിരഞ്ഞെടുപ്പ് ജയിക്കൂ എന്ന അവസ്ഥയിലാണ് സർക്കാർ എന്നും ശ്രീജിത്ത് പെരുമന പറയുന്നു.

ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

‘ ഒടുവിൽ കെ റെയിൽ വിട്ട് “ദിലീപ് വേട്ടയെ” വെള്ളപൂശാൻ മുഖ്യന് പോലും ഇറങ്ങേണ്ടി വന്നോ❓️. ഉത്രക്കും, വിസ്മയക്കും, ജിഷക്കും കിട്ടിയ നീതി നടിക്കും കിട്ടും എന്ന് ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് പറയേണ്ടി വന്ന സാഹചര്യം ഇവിടെ പരിശോധിക്കപ്പെടേണ്ടതുണ്ട്.. ജിഷ വധക്കേസിൽ യഥാർത്ഥ പ്രതിയാണോ ശിക്ഷിക്കപ്പെട്ടത് എന്ന സംശയം ഇപ്പോഴും സാമൂഹിക അന്തരീക്ഷത്തിൽ നിലനിൽക്കുകയാണ്.. വിസ്മയയുടെയും, ഉത്രയുടെയും കേസുകൾ അപ്പീൽ സാഹചര്യത്തിലുമാണ്. എന്നാൽ ഒരു നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ സാക്ഷാൽ മുഖ്യമന്ത്രിക്കും, ഭരണകക്ഷി പാർട്ടി സെക്രട്ടറിക്കും കോടതിയുടെ പരിഗണനയിൽ വിചാരണ നടന്നുകൊണ്ടിരിക്കുന്ന ഒരു ക്രിമിനൽ കേസിന്റെ അന്തിമ വിധിയെക്കുറിച്ച് മുൻവിധിയോടെ നിലപാടെടുക്കേണ്ടി വന്നിരിക്കുകയാണ്.

അതായത് ബലാത്സംഗം ചെയ്ത ഒന്നാം പ്രതി ഉൾപ്പെടെ സർവ്വമാന പ്രതികളും അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കപ്പെട്ട കേസിൽ, പോലീസ് വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി തന്നെ ഗൂഡാലോചന ഇല്ല എന്ന് പറഞ്ഞ കേസിൽ ഇപ്പോൾ എല്ലാം വിഴുങ്ങി എട്ടാം പ്രതിയായ ദിലീപിനെ ശിക്ഷിക്കുമെന്ന് പറഞ്ഞാലേ തിരഞ്ഞെടുപ്പ് ജയിക്കൂ എന്ന പ്രതിസന്ധിയിൽ പെട്ടിരിക്കുകയാണ് കേരള സർക്കാർ എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി ആകില്ല.. ഈ കേസിലെ എല്ലാ പ്രതികളെയും പിടികൂടി എന്നും, ഗൂഡാലോചന ഇല്ല എന്നും പോലീസ് മന്ത്രി കൂടിയായ മുഖ്യമന്ത്രി നേരിട്ട് പറഞ്ഞതിന് മണിക്കൂറുകൾക്കുള്ളിൽ മഞ്ജുവാര്യർ ഇതിൽ ഗൂഡാലോചന ഉണ്ടെന്ന് പരസ്യമായി ഉന്നയിക്കുകയും, അന്നെ ദിവസത്തെ തമിഴ് പത്രത്തിൽ ഗൂഢാലോചന അച്ചടിച്ച് വന്നതും സ്വഭാവികമാണോ ❓️

അല്ല, മുഖ്യമന്ത്രി അറിയുന്നതിന് മുൻപ് കേട്ടുകേൾവി ഇല്ലാത്ത ഗൂഡാലോചന അറിയാനുള്ള തൃകാല ജ്ഞാനം ഉള്ളവരാണോ ഈ മഞ്ജുവാര്യർ ❓️ ഇപ്പോൾ ഇടതുപക്ഷത്തിന്റെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചുകൊണ്ട് “ദിലീപ് കേസ് ” ഉയർത്തി കൊണ്ടുവന്ന് കെ റെയിലിനെ കെട്ടുകെട്ടിച്ച് തൃക്കാക്കരയിൽ ഇടതുപക്ഷത്തെ പ്രതിക്കൂട്ടിലാക്കി തിരഞ്ഞെടുപ്പ് അനുകൂലമാക്കിയ പ്രതിപക്ഷത്തിന്റെ അപ്രതീക്ഷിത നീക്കത്തിൽ ആടിയുലയുകയല്ലേ ഭരണപക്ഷം.. മുഖ്യമന്ത്രി മുതൽ പാർട്ടി സെക്രട്ടറി വരെ കെ റെയിൽ വിട്ട് ദിലീപ് വേട്ടക്കിറങ്ങിയ കാഴ്ചയല്ലേ കാണുന്നത്.. നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി ജഢിലശ്രീ പൾസർ അവർകളെ കുറിച്ച് ഇരക്ക് പോലും ആക്ഷേപമില്ല.

ഇരയുടെ ഹർജിജിയിൽ പറയുന്നത് അയ്യോ അന്വേഷണം അവസാനിപ്പിക്കല്ലേ, എട്ടാം പ്രതി വളരെ സ്വാധീനമുള്ള ആളാണ്‌, ഭരണമുന്നണിയിലെ ഉന്നതരുടെ സ്വാധീനത്താൽ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നു എന്നാണ്..അതായത് ഈ ഇരക്ക് അവർ ആവശ്യപ്പെട്ട പ്രത്യേക കോടതിയും, ആവശ്യപ്പെട്ട വനിത ജഡ്ജിയും, ആവശ്യപ്പെട്ട സ്വകാര്യ സംരക്ഷണവും, ആവശ്യപ്പെട്ട സമയവും, ആവശ്യപ്പെട്ട പ്രോസിക്കൂട്ടറെയും, ആവശ്യപ്പെട്ട തുടരന്വേഷണവും, ആവശ്യപ്പെട്ട പ്രത്യേക വക്കീലിനെയും ഉൾപ്പെടെ നൽകിയ ശേഷം അവർ പറയുകയാണ് അന്വേഷണം നിർത്തല്ലേ… സർക്കാർ അഥവാ സ്റ്റേറ്റ് തനിക്ക് എതിരാണ് എന്ന്..

മിന്നൽ മുരളി സിനിമയിൽ കടയ്ക്ക് തീയിട്ട ശേഷം “അയ്യോ നാട്ടുകാരെ ഓടിവരണേ കടയ്ക്ക് തീ പിടിച്ചേ ” എന്ന കഥാപാത്രം ലൈൻ എന്ന് ആരെങ്കിലും ചിന്തിച്ചാൽ അവരെ കുറ്റം പറയുക വയ്യ. എന്തായാലും കെ റെയിലും വികസനവും എല്ലാം വിട്ട്, ദിലീപിനെ കരുവാക്കിയാണ് തൃക്കാക്കര ജനാധിപത്യ യുദ്ധം മുന്നേറുന്നത്… കോടതിയെയും, നിയമവ്യവസ്ഥയെയും എല്ലാം അപ്രസക്തമാക്കി മുഖ്യൻ തന്നെ ഈ കേസിലെ എക്സിക്കുട്ടീവ് വിധി പുറപ്പെടുവിച്ച് കഴിഞ്ഞിരിക്കുന്നു. തൃക്കാക്കര ഒരു ദിലീപ് തിരഞ്ഞെടുപ്പ് ആയതുകൊണ്ട് അങ്ങനൊരു വിധി മുഖ്യന് പറയണ്ടി വന്നു എന്നതാണോ യാഥാർഥ്യം എന്ന് വൈകാതെ വ്യക്തമാകും എന്ന് കരുതുന്നു..

നടിയെ ആക്രമിച്ച പൾസർ ആൻഡ് ടീമിനെ ശിക്ഷിച്ച് നീതി നടപ്പിലാകുമോ എന്നല്ല ഇരയുടെ ആശങ്ക മറിച്ച് ഒന്നാം പ്രതി ജഢിലശ്രീ പൾസർ അവർകൾ രക്ഷപെട്ടാലും എട്ടാം പ്രതിയെ തൂക്കികൊല്ലണം എന്ന മുൻവിധിയാണ് ഹർജ്ജി നൽകിയ ഇരയ്ക്കു പോലും എന്നിടത്താണ് പ്രശ്നം.. ഈ കേസിൽ നീതിയുക്ത വിചാരണക്ക് ശേഷം ദിലീപ് അല്ല സാക്ഷാൽ ദേവേന്ദ്രന്റെ അപ്പൻ മുത്തുപ്പട്ടര് പ്രതിയാണെന്ന് കണ്ടെത്തിയാലും അവരെ മാതൃകപരമായി ശിക്ഷിക്കണം എന്നാണ് ഈയുള്ളവന്റെ നിലപാട്.

എന്നാൽ ഇന്നയാളാകണം പ്രതി എന്ന മുൻവിധിയോടെ ഒരു തിരഞ്ഞെടുപ്പ് ജയിക്കാനോ, രാഷ്ട്രീയ നിലനിൽപ്പിനോ ഏതെങ്കിലും മനുഷ്യനെ ഇരയാക്കാനുള്ള ശ്രമങ്ങൾ അത് സാക്ഷാൽ മുഖ്യമന്ത്രിയല്ല പ്രധാനന്ത്രി നടത്തിയാലും കൊക്കിൽ ജീവനുള്ളതുവരെ അനുവദിക്കില്ല.. നടി ആക്രമിക്കപ്പെട്ടു എന്ന് പറയുന്ന കേസിൽ ക്രൈം ബ്രാഞ്ചിന്റെ തുടരന്വേഷണങ്ങൾ എന്ന പൊറാട്ട് നാടകം മെയ് 31 ന് അവസാനിക്കുകയാണ്. ഈ കേസ് അനന്തമായി നീട്ടിക്കൊണ്ടു പോവുക എന്നതായിരുന്നു തല്പരകക്ഷികളുടെ ഉദ്ദേശ്യം. ഒടുവിൽ സഹികെട്ട് അതിനൊരു അന്ത്യം കാണുകയായിരുന്നു എ.ഡി.ജി.പി. ശ്രീജിത്തിനെ തൽസ്ഥാനത്ത് നിന്ന് മാറ്റിക്കൊണ്ട് സർക്കാരിന്റെ തീരുമാനം എന്ന് അനുമാനിക്കാം.

ദിലീപിനെ പ്രതിയാക്കി അയാളുടെ ജീവിതം നശിപ്പിക്കാൻ വേണ്ടിയുള്ള അതിഭീകരമായ ഗൂഢാലോചന ഈ കേസിൽ നടന്നിട്ടുണ്ട്. ആ ഗൂഢാലോചനക്കാർ ആരൊക്കെ എന്ന് എന്നെങ്കിലും തെളിയാതിരിക്കില്ല. ദിലീപ് അതിനു വേണ്ടി ശ്രമിക്കുക തന്നെ ചെയ്യും. ദിലീപാണ് പൾസർ സുനിക്ക് ക്വട്ടേഷൻ കൊടുത്തതെങ്കിൽ ആ പൾസർ സുനി ഇന്നും ജീവനോടെ ജയിലിൽ കഴിയുന്നുണ്ട്. അദ്ദേഹത്തെ നിയമനുസൃതം ചോദ്യം ചെയ്താൽ എന്ന്, എങ്ങനെ, എപ്പോൾ ക്വട്ടേഷൻ നൽകി എന്ന തെളിവുകൾ എല്ലാം കിട്ടില്ലേ? കിട്ടണം, കിട്ടും.. തെളിവുകളെല്ലാം ജഡിലശ്രീ പൾസർ തരില്ലേ… ❓️ തരും അങ്ങനെ ദിലീപിനെ ഈസിയായി ശിക്ഷിച്ചൂടെ ❓️

എന്നാൽ ക്വട്ടേഷൻ കൊടുത്തതിന് എന്തെങ്കിലും തെളിവുണ്ടെങ്കിൽ അല്ലേ അതിനു സാധിക്കുകയുള്ളു… എന്നിട്ട് അന്വേഷണ സംഘം ആകെ ചെയ്തത് ദിലീപും പൾസർ സുനിയും ഒരേ സ്ഥലത്ത് വരുന്ന മൊബൈൽ ടവർ ലൊക്കേഷൻ പരതി നടക്കലാണ് . പൾസർ സുനി നടിപീഡനം ചിത്രീകരിച്ച മൊബൈൽ കണ്ടെത്താൻ പോലും ശ്രമിച്ചില്ല. പൾസർ സുനി പറഞ്ഞത് ബലാത്സംഗം ചിത്രീകരിച്ച മൊബൈൽ ഞാൻ വക്കീലിനെ ഏല്പിച്ചു എന്നാണ്, വക്കീൽ പറഞ്ഞത് ആ മൊബൈൽ ഞാൻ നശിപ്പിച്ചു എന്നും. എങ്ങനെയുണ്ട് കാര്യങ്ങൾ ❓️

ആകെയുള്ള തൊണ്ടിമുതൽ നശിപ്പിച്ചു എന്ന് പറഞ്ഞ വക്കീൽ അല്ലെങ്കിൽ രണ്ട് വക്കീലുമാരെ കോടതി വെറുതെ വിട്ടുകൊണ്ട് പ്രതി പട്ടികയിൽ നിന്ന് മാറ്റി.പ്രതിയും അല്ല സാക്ഷിയും അല്ല. നശിപ്പിച്ചെങ്കിൽ അതിന്റെ അവശിഷ്ടം കണ്ടെത്താൻ ഒരു ശ്രമവും ഇല്ല. ഇത് പോലത്തെ ബ്ളാക് കേസ് അന്വേഷണം പോലീസിന്റെ ചരിത്രത്തിൽ ഉണ്ടാവില്ല. നടിക്ക് നീതി എന്ന് പറഞ്ഞ് സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ദിലീപിനെ കുടുക്കാൻ ഗൂഢാലോചനക്കാരുടെ കൈയിലെ പാവ പോലെ ആടുകയായിരുന്നു അന്വേഷണ സംഘം. അതായത് ഗൂഡാലോചന ദിലീപിനെതിരെ എന്ന് സ്വാഭാവിക സംശയം ആർക്കും മനസിലാകും.

ഒരു വിധത്തിലും കൃത്രിമ തെളിവകളുണ്ടാക്കി ശീക്ഷിക്കാൻ കഴിയില്ല എന്ന് ബോധ്യം വന്നതോടെ ഒരു സ്ക്രിപ്റ്റ് തയ്യാറാക്കി ബാലചന്ദ്രകുമാർ എന്ന ബലാത്സംഗ കേസിലെ പ്രതിയെ നായകനാക്കി തുടരന്വേഷണം എന്ന സീരിയൽ പരമ്പരയാണ് ക്രൈം ബ്രാഞ്ച് ആസൂത്രണം ചെയ്തത്. അതാണ് ഈ 31 ന് കേസ് അന്വേഷണം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവുള്ളത്. ഇതിനിടയിൽ വിചാരണക്കോടതി ജഡ്‌ജിയെ സംശയത്തിന്റെ പുകമറയിൽ നിർത്താൻ പ്രോസിക്യൂഷനും, സുപ്രീം കോടതിക്ക് കത്തുകൾ എഴുതിക്കൊണ്ടും, ഹൈക്കോടതിയിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ട് അതിജീവിതപ്പട്ടം കിട്ടിയ നടിയും ശ്രമിക്കുന്നുണ്ട്.

തങ്ങളുടെ താളത്തിനു തുള്ളുന്ന ഒരു ജഡ്‌ജിയെ പ്രോസിക്യൂഷനും അതിജീവിതയും ആഗ്രഹിച്ചു. ഒന്നും നടന്നില്ല എന്നതിലാണ് പലരുടെയും ഇച്ഛഭംഗം.. തൃക്കാക്കര തിരഞ്ഞെടുപ്പിൽ ഈ കേസ് വെച്ച് ചെക്ക് പറഞ്ഞ പ്രതിപക്ഷത്തിന്റെ അതിബുദ്ധിയിൽ അടപടലം പകച്ചു നിൽക്കുകയാണ് സർക്കാരും സംവിധാനങ്ങളും… കെ റെയിലോ, കടംകൊണ്ട് മുടിഞ്ഞതോ അല്ല നാടിന്റെ പ്രശ്‌നം… അത് ദിലീപിനെ തൂക്കികൊല്ലുക എന്നതാണ്… ഒരു മനുഷ്യനെ മുന്നിൽ നിർത്തി വേട്ടയാടിക്കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം അതിലെ ഭരണകർത്താവിനെ തിരഞ്ഞെടുക്കുന്ന എട്ടിന്റെ രാഷ്ട്രീയം.. ഉത്രക്കും, വിസ്മയകും, ജിഷകും ലഭിച്ചതുപോലെ യഥാർത്ഥ പ്രതികൾക്ക് ശിക്ഷ ലഭിക്കും എന്ന മുഖ്യന്റെ വാക്കുകളെ സ്വാഗതം ചെയ്യുന്നു.. എന്നാൽ നീതി എന്നത് എട്ടാം പ്രതി ദിലീപിനെ തൂക്കികൊല്ലുക എന്നതാണ് ഉദ്ദേശിച്ചതെങ്കിൽ മുഖ്യൻ അതിനേക്കാൾ നല്ലത് ആൾക്കൂട്ടത്തിന്റെ കാരണഭൂതമാകുന്നതാണ് ”.

Noora T Noora T :