ഉന്നതതല ബന്ധം ശക്തം, പിണറായി സർക്കാരിലെ ആ മന്ത്രിയുമായി അടുത്ത സൗഹൃദം, മുഖം വെളിച്ചത്തേക്ക്!?.. നിർണ്ണായക വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാർ

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് അടുത്ത ആഴ്ച സമർപ്പിക്കുകയാണ്. അതിനിടെ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സംവിധായകൻ ബാലചന്ദ്രകുമാർ. കേസിലെ 15-ാം പ്രതിയായി ചേർക്കപ്പെട്ട ശരത്ത് കഴിഞ്ഞ പിണറായി സർക്കാരിലെ മന്ത്രിയുമായി അടുത്ത സൗഹൃദമുള്ളയാളെന്ന് ബാലചന്ദ്രകുമാർ. ശരത്ത് ഉന്നത തലത്തിൽ വലിയ സ്വാധീനമുള്ള വ്യക്തിയാണ്. ഇയാളുടെ പേര് അറിയാത്തതിനാലാണ് വിഐപി എന്ന് അന്ന് വിശേഷിപ്പിച്ചത്. ഇയാളാണോ വിഐപി എന്ന് അന്ന് ചോദിച്ചവരുണ്ട്. ഉന്നത തല ബന്ധമുണ്ടെന്ന് മനസ്സിലായതിനാലാണ് വിഐപി എന്ന് വിളിച്ചതെന്നും ബാലചന്ദ്രകുമാർ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

ശരത്ത് ഏതോ ഒരു മന്ത്രിയുടെ കാര്യം പറയുന്ന ശബ്ദരേഖ ഞാൻ അന്വേഷണ സംഘത്തിന് കൊടുത്തിട്ടുണ്ട്. കഴിഞ്ഞ പിണറായി മന്ത്രിസഭയിലെ ഒരു മന്ത്രി ഇദ്ദേഹവുമായി അടുത്ത സുഹൃത്താണ്. എനിക്ക് പരിചയമുള്ള പലരും വിളിച്ച് ആ മന്ത്രി ഇന്നയാളാണ് നിങ്ങളെന്ത് കൊണ്ട് പറഞ്ഞില്ല എന്ന് ചോദിച്ചിരുന്നു. ഞാൻ പറഞ്ഞു എനിക്കത് പറയേണ്ട കാര്യമില്ല. ആ മന്ത്രി അങ്ങോട്ട് പോവുമ്പോഴും ഇങ്ങോട്ട് പോവുമ്പോഴും ശരത്തിന്റെ ഹോട്ടലിൽ കയറി ആഹാരം കഴിക്കുകയും അവിടെ സമയം ചെലവഴിക്കുകയും ചെയ്യുന്നെന്നൊക്കെയുള്ള വാർത്തകൾ പുറത്തു വരുന്നുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

‘ശക്തമായ സ്വാധീനമുള്ള വ്യക്തിയാണെന്ന് മനസ്സിലായതിനാലാണ് പേരറിയാത്തത് മൂലം ഇയാളെ വിഐപി എന്ന് വിളിച്ചത്. ദിലീപിന്റെ എല്ലാ പ്രശ്നങ്ങളിലും ഇടപെടുന്ന വ്യക്തിയാണ് ശരത്ത് എന്നാണ് മനസ്സിലാക്കാനായത്. അടുത്ത കാലത്ത് ഒരാൾ ഫോൺ ചെയ്ത് പറഞ്ഞു, അക്രമിക്കപ്പെട്ട നടിയുമായി ശരത്തിന് ശത്രുത ഉണ്ടായിരുന്നു എന്ന്. മനോരമ പത്രത്തിൽ അങ്ങനെയൊരു വാർത്ത വന്നിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്നീട് ഇങ്ങനെയൊരു വാർത്ത വന്നെന്ന് ഞാൻ സ്ഥിരീകരിച്ചു,’ ബാലചന്ദ്രകുമാർ പറഞ്ഞു..

അതേസമയം ആക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി. ഇന്ന് രാവിലെ കോടതി നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് അഭിഭാഷകയായ അഡ്വ. പി.വി മിനി മുഖേനെ നടി ആവശ്യപ്പെട്ടിരുന്നു. ഉടന്‍ തന്നെ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് നിന്ന് പിന്മാറുകയാണെന്ന് ജസ്റ്റിസ് അറിയിച്ചു. ഇനി മറ്റൊരു ബെഞ്ച് ഈ കേസ് പരിഗണിക്കും. ഏത് ബെഞ്ചിലേക്ക് ഹര്‍ജി മാറ്റണമെന്നത് ഇനി ചീഫ് ജസ്റ്റിസ് ആവും തീരുമാനിക്കുക.

കേസ് അട്ടിമറിക്കുന്നുവെന്ന് കാണിച്ച് വിചാരണക്കോടതി ജഡ്ജിക്കെതിരേ നടി രംഗത്തുവന്നിരുന്നു. സര്‍ക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരേ ഗുരുതര ആരോപണവുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കാനും പാതിവെന്ത അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും രാഷ്ട്രീയ ഉന്നതര്‍ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നതായി ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

കോടതിയിലുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റംവന്നതായി ഫൊറന്‍സിക് ലാബില്‍നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചിട്ടും ഇക്കാര്യത്തില്‍ വിചാരണക്കോടതി ജഡ്ജി ഒരു അന്വേഷണവും നടത്തിയില്ല. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടമില്ലെങ്കില്‍ തുടരന്വേഷണം ശരിയായവിധം നടക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടിയുടെ ഹര്‍ജി. തുടരന്വേഷണ റിപ്പോര്‍ട്ട് മേയ് 31-നകം നല്‍കാന്‍ അന്വേഷണസംഘം നീക്കം നടത്തുന്നതിനിടെയാണ് ഹര്‍ജി. ഇന്ന് ഈ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പ്രസ്തുതബെഞ്ച് മാറ്റണമെന്നാവശ്യപ്പെട്ടും നടിയുടെ അഭിഭാഷക ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു.

Noora T Noora T :