തെളിവ് നശിപ്പിക്കല്, തെളിവ് ഒളിപ്പിക്കല് അടക്കമുള്ള കുറ്റം ചുമത്തിയാണ് ഇന്നലെ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിലെ ആദ്യ അറസ്റ്റാണ് ശരത്തിന്റേത്
ശരത് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കൈവശപ്പെടുത്തുകയും, പിന്നീട് പലവട്ട കണ്ട ശേഷം നശിപ്പിക്കുകയും ചെയ്തുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഈ കാര്യം സാധൂകരിക്കുന്ന അഭിഭാഷകരുടെ ഫോൺ കോളും തെളിവായിട്ടുണ്ട്.
ഐപിസി 201 പ്രകാരം തെളിവ് നശിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ച് വരുത്തി മണിക്കൂറുകൾ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് ശരത്തിനെ ക്രൈം ബ്രാഞ്ച് ജാമ്യത്തിൽ വിട്ടക്കുകയായിരുന്നു.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി കള്ളമാണെന്ന്ശരത്ത് പറഞ്ഞു. തെളിവ് നശിപ്പിച്ചു എന്നത് തെറ്റായ ആരോപണമാണ്. ഒരു ദൃശ്യവും താൻ കണ്ടിട്ടില്ല. എന്നെ പൊലീസ് പിടിച്ചതല്ല. രാവിലെ 11 മണിക്ക് സ്വന്തം വണ്ടി ഓടിച്ചാണ് ഞാൻ പൊലീസ് ക്ലബ്ബിലെത്തിയതെന്നും ശരത്ത് ജി നായർ പ്രതികരിച്ചു. പത്തര മണിക്കൂറോളം ക്രെെംബാഞ്ചിന്റെ ചോദ്യം ചെയ്യൽ നീണ്ടു.
‘ഞാൻ നിരപരാധിയാണെന്ന വിവരം അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. ബാലചന്ദ്രകുമാർ പറയുന്നതെല്ലാം ഞാൻ അംഗീകരിക്കണമെന്നില്ലല്ലോ. ബാലചന്ദ്രകുമാർ അദ്ദേഹത്തിന്റെ വശം പറഞ്ഞു. ഞാൻ എന്റെ വശവും കൃത്യമായി ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. എന്റെ കയ്യിൽ യാതൊരു ദൃശ്യങ്ങളും വന്നിട്ടില്ല. എന്നെ ഇക്കയെന്ന് അവർ വിളിച്ചിരുന്നുവെന്ന് ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. എന്നെ അങ്ങനെയാരും വിളിച്ചിട്ടില്ല. എന്നെ അറിയുന്ന ഇവിടുത്തെ മുസ്ലീം സുഹൃത്തുക്കൾക്ക് അറിയാം എന്നെ ഇക്കയെന്ന് ആരും വിളിക്കാറില്ലെന്ന്. രാവിലെ പതിനൊന്ന് മണിക്കാണ് മൊഴിയെടുക്കലിന് വേണ്ടി എത്തിയത് ബാലചന്ദ്രകുമാർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തു. ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു’, ശരത്ത് ജി നായർ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസ് ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും വാർത്താപ്രാധാന്യം നേടിയത് സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ കടന്നുവരവോടെയായിരുന്നു. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപിനുള്ള പങ്ക് തെളിയിക്കുന്ന ശബ്ദരേഖകൾ ഉൾപ്പെടെയുള്ള പല തെളിവുകളും ബാലചന്ദ്രകുമാർ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു. ബാലചന്ദ്രകുമാർ തെളിവുകൾ പുറത്തു വിട്ട കൂട്ടത്തിലാണ് വിഐപി എന്ന കഥാപാത്രത്തെ കുറിച്ചു സൂചനകൾ നൽകുന്നത്. പക്ഷേ അന്ന് ആരാണ് വിഐപി എന്നുള്ള കാര്യത്തിൽ ബാലചന്ദ്രകുമാറിനും സംശയങ്ങളുണ്ടായിരുന്നു.
ഇതിനിടയിലാണ് വിഐപി ആരാണെന്ന സ്ഥിരീകരണം ബാലചന്ദ്രകുമാറിൽ നിന്നുമുണ്ടായത്. ദിലീപിൻ്റെ സുഹൃത്തും വ്യവസായിയുമായ ശരത് ആണ് ആ വിഐപി എന്നായിരുന്നു ബാലചന്ദ്രകുമാർ വ്യക്തമാക്കിയത്. ബാലചന്ദ്രകുമാർ വിഐപിയുടെ ശബ്ദം തിരിച്ചറിയുകയും ഈ വിഐപി ശരത് ആണെന്ന തീരുമാനത്തിൽ ബാലചന്ദ്രകുമാർ എത്തുകയുമായിരുന്നു
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചയാളാണ് ശരത്ത് എന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. കേസിലെ സാക്ഷി ശരത്തിനെ തിരിച്ചറിഞ്ഞെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക തുമ്പാവുമെന്ന് അന്വേഷണ സംഘം കരുതുന്നയാളാണ് വിഐപി എന്ന് വിളിക്കപ്പെടുന്ന ശരത് ജി നായർ. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ശരത് ദിലീപിന്റെ വീട്ടിൽ എത്തിച്ചെന്ന് പി ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു. ദിലീപിന്റെ വീട്ടിൽ വെച്ച് ദിലീപും സുഹൃത്തുക്കളും ചേർന്ന് ഇത് പരിശോധിച്ചെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തുകയുണ്ടായി. ദിലീപിന് ദൃശ്യങ്ങൾ കൈമാറിയ ശരത് അവ പിന്നീട് നശിപ്പിച്ചെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.
നടിയെ ആക്രമിച്ച കേസിൽ തുടക്കം മുതൽ വിഐപിക്ക് പങ്കുണ്ടെന്നാണ് ഇതുവരെ പുറത്തു വന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ പ്രതിപ്പട്ടികയിലുള്ള ദിലീപിനൊപ്പം നിന്ന നിർണായക സാന്നിധ്യം, സാക്ഷികളെ സ്വാധീനിച്ചു, അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ പദ്ധതിയിട്ടു, നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് എത്തിച്ച് നൽകി തുടങ്ങി നിരവധി വെളിപ്പെടുത്തലുകളാണ് ഇതിനകം വിഐപിക്കെതിരെ പുറത്തു വന്നിട്ടുള്ളത്. ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജും ശരത്തും തമ്മിലുള്ള ശബ്ദരേഖ നേരത്തേ പുറത്ത് വന്നിരുന്നു. കാവ്യ മാധവൻ സുഹൃത്തുക്കൾക്ക് വെച്ച പണിയാണ് ദിലീപിന് കിട്ടിയതെന്ന് സംഭാഷണത്തിലുണ്ട്.