നടിയുടെ അറിവില്ലായ്മ, ഭരണഘടനാപരമായി അവകാശമുള്ളതിനാല്‍ പല സംസ്ഥാനങ്ങളിലും പശുവിനെ കൊല്ലാന്‍ നിരോധനമുണ്ട്; നിഖില വിമലിന് എതിരെ എം ടി രമേശ്

ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതില്‍ വേര്‍തിരിവ് കാണിക്കരുതെന്ന പ്രസ്താവനയ്ക്ക് പിന്നാലെ നടി നിഖില വിമലിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയത്. ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നതു ശരിയല്ലെന്നായിരുന്നു നിഖില പറഞ്ഞത്

ഭക്ഷണത്തിനായി പശുവിനെ കൊല്ലുന്നതിനെ അനുകൂലിച്ച നടി നിഖില വിമലിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് രംഗത്ത്. ഭരണഘടനാപരമായി അവകാശമുള്ളതിനാല്‍ പല സംസ്ഥാനങ്ങളിലും പശുവിനെ കൊല്ലാന്‍ നിരോധനമുണ്ട്. നടിയുടെ അറിവില്ലായ്മ മൂലമായിരിക്കും ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയതെന്ന് എം.ടി. രമേശ് പറഞ്ഞു. എന്നാല്‍ ഇതിനെ അനുകൂലിച്ചവര്‍ പതിനഞ്ചുകാരിയെ പൊതുവേദിയില്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ബിജെപി സംഘടിപ്പിച്ച ‘കേരളം തീവ്രവാദ പരിശീലനത്തിന് സുരക്ഷിത താവളമോ ?’ എന്ന ജനജഗ്രതാ സദസ്സില്‍ ഉദ്ഘാടനം സംസാരിക്കുകയായിരുന്നു എം.ടി. രമേശ്.

ഈ വിഷയത്തിൽ നിഖില വിമലിനെ പിന്തുണച്ച് എഴുത്തുകാരനായ എം. മുകുന്ദന്‍ രംഗത്ത് വന്നിരുന്നു
പശുവിനെ കൊന്നാല്‍ കലാപമുണ്ടാകുന്ന നാട്ടിലാണ് നാം ജീവിക്കുന്നതെന്നും എം. മുകുന്ദന്‍ പറഞ്ഞു. ഭക്ഷിക്കുന്നതിന് മൃഗങ്ങളെ കൊല്ലുന്നതില്‍ പശുവിന് മാത്രം ഇളവ് നല്‍കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. പശു ഒരു മൃഗമാണെന്നാണ് നാം പഠിച്ചിരുന്നത്. എന്നാല്‍ ഇന്ന് പശു ഭയപ്പെടുത്തുന്ന മൃഗമായി
മാറിയ ഒരു കാലത്താണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Noora T Noora T :